
മുംബൈ: മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ മത്സരിക്കുന്ന മണ്ഡലമെന്ന പ്രത്യേകത താനെ ജില്ലയിലെ കോപ്രി-പാച്ച്പഖാഡി മണ്ഡലത്തിനുണ്ട്. ശിവസേനയെ പിളർത്തുക മാത്രമല്ല, തന്റെ പക്ഷത്തെ ഔദ്യോഗികപക്ഷമാക്കി മാറ്റിയ ഷിന്ദേ മഹാരാഷ്ട്രയിലെ പുതിയ താരോദയമായി മാറുകയായിരുന്നു. ഷിന്ദേയെ തോൽപ്പിക്കാൻ ഉദ്ധവ് താക്കറെ കിട്ടാവുന്നതിൽ ശക്തനായ ഒരാളെത്തന്നെ രംഗത്തിറക്കിയതോടെ ഇവിടെ മത്സരം ശക്തമായി.
ഈ മേഖലയിൽ ഏറെ സ്വാധീനമുള്ള നേതാവും അന്തരിച്ച ആനന്ദ്ദിഗെയുടെ ബന്ധവുമായ കേദാർ ദിഗെയെയാണ് ഷിന്ദേ നേരിടുന്നത്. ഷിന്ദെയുടെ രാഷ്ട്രീയഗുരുവായിരുന്നു അന്തരിച്ച ആനന്ദ്ദിഗെ. മുംബൈ കഴിഞ്ഞാൽ ശിവസേനയുടെ ശക്തികേന്ദ്രമായാണ് താനെ അറിയപ്പെടുന്നത്. ഷിന്ദെയായിരുന്നു ഇവിടെ ശിവസേനയുടെ അനിഷേധ്യനേതാവ്. ആനന്ദ് ദിഗെയുടെ സംരക്ഷണത്തിൽ ഷിന്ദേ രാഷ്ട്രീയമായി ഉയരുകയായിരുന്നു. അദ്ദേഹം പാർട്ടി വിട്ടതോടെ താനെ ജില്ലയിൽ നഷ്ടമായ ആധിപത്യം കേദാറിലൂടെ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ഉദ്ധവ് താക്കറെ. താനെയിൽ ശിവസേനയ്ക്ക് അടിത്തറപാകിയ ആനന്ദ് ദിഗെയുടെ കുടുബാംഗത്തെത്തന്നെ ഉദ്ധവ് കളത്തിലിറക്കി. കോർപ്പറേറ്റ് മേഖല വിട്ട കേദാർദിഗെ, 2006 മുതൽ താനെ രാഷ്ട്രീയത്തിൽ സജീവമാണ്. ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ യുവസേനയിൽ വിവിധസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആളുകളെ ആകർഷിക്കാനുള്ള ആനന്ദ് ദിഗെയുടെ പാരമ്പര്യം കുറെയൊക്കെ കേദാറിനും ലഭിച്ചിട്ടുണ്ട്. ഷിന്ദേയും കേദാറും തമ്മിലുള്ള പോരാട്ടം ഇതോടെ ശ്രദ്ധേയമായിട്ടുണ്ട്.
മറാഠാ വിഭാഗമാണ് വോട്ടർമാരിൽ നിർണായകം. ഇരുവരും മറാഠാ വിഭാഗത്തിൽനിന്നുള്ള നേതാക്കളാണ്. 2014-ലെ നിയമസഭാതിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 53.12 ശതമാനം ആയിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിൽ അത് 52.76 ശതമാനം ആയി കുറഞ്ഞിരുന്നു. ഇത്തവണ പോളിങ് കൂട്ടാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ.
ശിവസേനയെ കൂടാതെ എൻ.സി.പി.യും പിളർന്നതിനുശേഷമുള്ള രാഷ്ട്രീയസാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2009-ലാണ് ഈ മണ്ഡലം നിലവിൽ വരുന്നത്. അന്നുമുതൽ വിജയിക്കുന്നത് ഷിന്ദേയാണ്. ഇത്തവണ മുഖ്യമന്ത്രി എന്നനിലയിൽക്കൂടിയാണ് അദ്ദേഹത്തിന്റെ മത്സരം.
Content Highlights: Kopri-Pachpakhadi seat to see tough battle between CM Eknath Shinde, Kedar Dighe
Published: 16 Nov 2024, 03:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented