
മുംബൈ: സത്താറയിലെ സൗത്ത് കരാഡ് മണ്ഡലത്തിന് ശക്തമായൊരു കോൺഗ്രസ് പാരമ്പര്യമുണ്ട്. ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളൊഴികെ വിജയിച്ച ചരിത്രമേ പാർട്ടിക്കുള്ളൂ. അതിനെ തിരുത്തിക്കുറിക്കാനുള്ള പോരാട്ടത്തിലാണ് ബി.ജെ.പി. പരമ്പരാഗത എതിരാളികൾ ഇക്കുറിയും ഏറ്റുമുട്ടുമ്പോൾ രണ്ടുതവണയായി സ്ഥാനാർഥികൾക്കും മാറ്റമില്ല. കോൺഗ്രസിനുവേണ്ടി മുൻമുഖ്യമന്ത്രി പൃഥ്വിരാജ്ചവാൻ ഇത്തവണയും രംഗത്തിറങ്ങിയപ്പോൾ ബി.ജെ.പി. കഴിഞ്ഞതവണത്തെ സ്ഥാനാർഥി ഡോ. അതുൽഭോസ്‌ലെയെ മുൻനിർത്തിയും അങ്കംകുറിച്ചു.
മഹായുതിയുടെയും മഹാവികാസ് അഘാഡിയുടെയും(എം.വി.എ.) നേതാക്കൾ ഇവിടെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. 78-കാരനായ പൃഥ്വിരാജ്ചവാൻ തുടർച്ചയായി മൂന്നാംതവണയാണ് ഇവിടെനിന്ന് മത്സരിക്കുന്നത്. ചവാൻ 2014-ൽ 76,831 വോട്ടുകൾ നേടിയാണ് തന്റെ ആദ്യവിജയം കുറിച്ചത്. 2019-ൽ 92,296 വോട്ടുകൾ നേടി. ഭോസ്‌ലെ വോട്ടുകളുടെ എണ്ണം 2014-ലെ 58,621-ൽനിന്ന് 2019-ൽ 83,166 ആയി ഉയർത്തി. വോട്ടുവിഹിതം കൂട്ടിക്കൊണ്ടുവരുന്ന ഭോസ്‌ലെ ഇത്തവണ ചവാനെ മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
41-കാരനായ ഭോസ്‌ലെ എം.ബി.ബി.എസ്. ബിരുദധാരിയാണ്. ആളുകൾ തന്നെ വീണ്ടും പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും അവരെന്നും കോൺഗ്രസിന്റെ ആശയങ്ങൾ സ്വീകരിച്ചിട്ടുള്ളവരാണെന്നും കേന്ദ്രത്തിലും ഒട്ടേറെ വകുപ്പുകൾ കൈകാര്യംചെയ്തിരുന്ന പൃഥ്വിരാജ്ചവാൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മുൻതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ആഭ്യന്തര കലാപം നേരിട്ടിരുന്നു. വിലാസ് റാവു പാട്ടീൽ ഉണ്ടാൽക്കർ, ഉദയ് സിങ് പാട്ടീൽ ഉണ്ടാൽക്കർ എന്നിവർ പൃഥ്വിരാജ്ചാവാനെതിരേ രംഗത്തുവന്നിരുന്നു. ഇത്തവണ, അത്തരമൊരു ഭിന്നതയില്ല. വികസനം എടുത്തുകാട്ടിയാണ് ഭോസ്‌ലെയുടെ പ്രചാരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ദേവേന്ദ്ര ഫഡ്നവിസിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 1000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഇവിടെ കൊണ്ടുവന്നതായും പൊതുജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികളുടെ നേട്ടം ഇത്തവണ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും ഡോ. ഭോസ്‌ലെ പറഞ്ഞു.
മറാഠിവിഭാഗമാണ് വോട്ടർമാരിൽ ഭൂരിഭാഗവും. കരിമ്പുകൃഷിയും പഞ്ചസാരവ്യവസായവും തളിരിട്ടുനിൽക്കുന്ന മേഖലയാണിത്. ഇപ്പോൾ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കേന്ദ്രമായും ഇവിടം മാറിയിട്ടുണ്ട്.
Content Highlights: Maharashtra Assembly Polls 2024: Two Babas fight it out in Karad South
Published: 09 Nov 2024, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented