
മുംബൈ: നവംബര്‍ ആറിന് കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കാനിരിക്കെ വിമര്‍ശനവുമായി ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ്. രാഹുലിന്റെ ഗ്യാരന്റി കാര്‍ഡ് രാജസ്ഥാനിലും ഛത്തീസ്ഗഢിലും പരാജയപ്പെട്ടതാണെന്ന് ഫഡ്നവിസ് പറഞ്ഞു. മഹാരാഷ്ട്രയിലും ഇത് പരാജയപ്പെടും. ഭരണം ലഭിച്ച തെലങ്കാനയിലും ഹിമാചല്‍ പ്രദേശിലും എന്തുകൊണ്ടാണ് വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതെന്ന് രാഹുല്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹായുതി നേരിടുന്ന വിമതശല്യം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഫഡ്നവിസ് അറിയിച്ചു. നവംബര്‍ നാലിന് വിമതര്‍ പത്രിക പിന്‍വലിക്കും. നവംബര്‍ അഞ്ചിന് പൂര്‍ണതോതില്‍ പ്രചാരണം ആരംഭിക്കും. മഹായുതിയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. ബോറിവ്ലിയില് വിമതനായി പത്രിക നല്കിയ ഗോപാല്‍ ഷെട്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'മന്‍ഖുര്‍ദ് ശിവാജിനഗറില്‍ മത്സരിക്കുന്ന നവാബ് മാലിക്കിനുവേണ്ടി ഞങ്ങളുടെ പാര്‍ട്ടി പ്രചാരണത്തിന് പോലും ഇറങ്ങില്ല. അതിനാല്‍ ഭരണം ലഭിച്ചാല്‍ അദ്ദേഹത്തെ മന്ത്രിയാക്കുമോയെന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ല. നവാബ് മാലിക്കിനെതിരെ മത്സരിക്കുന്ന ശിവസേന സ്ഥാനാര്‍ഥിക്കുവേണ്ടിയാണ് ഞങ്ങള്‍ വോട്ടുചോദിക്കുക', മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ഫഡ്നവിസ് പറഞ്ഞു.
മഹാവികാസ് അഘാഡിയുടെ റാലി ആറിന് മുംബൈയിൽ
മഹാവികാസ് അഘാഡിയുടെ (എം.വി.എ.) മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുറാലി നവംബർ ആറിന് മുംബൈയിൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, എൻ.സി.പി. (എസ്.പി.) നേതാവ് ശരദ് പവാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവർ പങ്കെടുക്കും.
വൈകീട്ട് ബാന്ദ്ര കുർള കോംപ്ലക്സിൽ (ബി.കെ.സി.) നടക്കുന്ന പരിപാടിയിൽ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെ പറഞ്ഞു.
288 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 20-നാണ്. നവംബർ ആറിന് രാഹുൽഗാന്ധി ഒരു ദിവസത്തെ സന്ദർശനത്തിനായാണ് എത്തുന്നത്. രാവിലെ നാഗ്പുരിൽ നടക്കുന്ന ‘സംവിധാൻ ബച്ചാവോ’ യോഗത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് പട്ടോളെ പറഞ്ഞു.
Content Highlights: Rahul's `guarantee card' failed in Rajasthan, Chhattisgarh; won't work in Maha: Fadnavis
Published: 31 Oct 2024, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented