നാഗ്പുർ: നാഗ്പുർ സൗത്ത്-വെസ്റ്റ് മണ്ഡലം ബി.ജെ.പി.യുടെ ഉറച്ചകോട്ടയായാണ് കണക്കാക്കപ്പെടുന്നത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ശക്തികേന്ദ്രമായി കഴിഞ്ഞ 10 വർഷമായി നിലകൊള്ളുന്ന മണ്ഡലമാണിതെങ്കിലും ഇത്തവണ കനത്തവെല്ലുവിളിയാണ് നേരിടുന്നത്. 2014-ൽ ഫഡ്‌നവിസ് തോൽപ്പിച്ച പ്രഫുല്ലഗുദാഡെ പാട്ടീലാണ് ഇത്തവണയും കോൺഗ്രസ് രംഗത്തിറക്കിയത്. ജാതിസമവാക്യങ്ങൾ മണ്ഡലത്തിൽ ഇത്തവണ നിർണായകമായേക്കുമെന്ന് വിലയിരുത്തുന്നു.

To advertise here,

ഫഡ്‌നവിസ് ബ്രാഹ്‌മണനും ഗുദാഡെപാട്ടീൽ കുൻബി വിഭാഗക്കാരനുമാണ്. 4,08,149 വോട്ടർമാരാണ് ഈ മണ്ഡലത്തിലുള്ളത്. ഒരുലക്ഷത്തോളും ദളിതരും 70,000 കുൻബികളും, 60,000 ബ്രാഹ്‌മണരും തെലി സമുദായത്തിൽനിന്നുള്ള 30,000 പേരും 20,000 മാലിവിഭാഗക്കാരുമാണ് മണ്ഡലത്തിലുള്ളത്. മുൻമുഖ്യമന്ത്രി, നിലവിലെ ഉപമുഖ്യമന്ത്രി, ബി.ജെ.പി. അധികാരത്തിൽ വന്നാൽ വീണ്ടും മുഖ്യമന്ത്രി തുടങ്ങിയ പ്ലസ്‌പോയിന്റുകളാണ് ഫഡ്‌നവിസിനുള്ളത്. പ്രഫുല്ല ഗുദാഡെ പാട്ടീലും മണ്ഡലത്തിൽ വോട്ടർമാരുടെയിടയിൽ സുപരിചതനാണ്.

മുൻനഗരസഭാംഗമായ പ്രഫുല്ലയുടെ പിതാവ് വിനോദ് ഗുദാഡെ പാട്ടീൽ നാഗ്പുർജില്ലയിൽ നിന്നുള്ള ബി.ജെ.പി.യുടെ ആദ്യ എം.എൽ.എ.യായിരുന്നു. രണ്ടുതവണ എം.എൽ.എ.യായ അദ്ദേഹം പിന്നീട് കോൺഗ്രസിൽ ചേർന്നു. 1999-ൽ വിനോദ് ഗുദാഡെ പാട്ടീലായിരുന്നു ഫഡ്‌നവിസിന്റെ എതിരാളി. അന്ന് പാട്ടീൽ പരാജയപ്പെട്ടു. പിന്നിടങ്ങോട്ട് ഫഡ്‌നവിസിന്റെ തട്ടകമായി മാറുകയായിരുന്നു ഇവിടം.

കഴിഞ്ഞവർഷം കനത്തമഴയെത്തുടർന്ന് മണ്ഡലത്തിൽ നേരിട്ടകെടുതികളും വിലക്കയറ്റവുമാണ് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ. പാവപ്പെട്ട സ്ത്രീകൾക്കുള്ള സഹായധനപദ്ധതിയായ ലാഡ്കി ബഹിൻ യോജനയും സമൂഹത്തിന്റെ വിവിധവിഭാഗങ്ങൾക്കുള്ള മറ്റ് ക്ഷേമപദ്ധതികളും ഉയർത്തിക്കാട്ടി പ്രതിപക്ഷ പ്രചാരണത്തെ നേരിടാനാണ് ബി.ജെ.പി.യുടെ നീക്കം. അന്താരാഷ്ട്ര കാർഗോകേന്ദ്രം, വിമാനത്താവളം, എയിംസ്, ഐ.ഐ.എം. തുടങ്ങിയ സ്ഥാപനങ്ങൾ ഫഡ്‌നവിസ് നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്നു.

ആറാംതവണയാണ് ഫഡ്‌നവിസ് ഇവിടെനിന്ന് ജനവിധി തേടുന്നത്. ഇത്തവണ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കാൻ അദ്ദേഹം ശ്രമിക്കുന്നു. മണ്ഡലത്തിന്റെ എല്ലാ മുക്കിലും മൂലയിലും അദ്ദേഹത്തിന്റെ വൻബാനറുകൾ തീർത്തിട്ടുണ്ട്. മായവതിയുടെ ബി.എസ്.പി.യും വഞ്ചിത്ബഹുജൻ അഘാഡിയും ഇവിടെ സഥാനാർഥികളെ നിർത്തിയിട്ടുണ്ട്.