
മുംബൈ: മഹാരാഷ്ട്രയിലെ ദഹാനുവില്‍ പത്താം തവണയും ചെങ്കൊടിപാറിച്ച് സി.പി.എം. സിറ്റിങ് സീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥി വിനോദ് നിക്കോളെയാണ് ഇത്തവണയും മികച്ച വിജയം നേടിയത്. 5133 വോട്ടിന്റെ ലീഡിനാണ് ബിജെപിയുടെ സ്ഥാനാര്‍ഥി വിനോദ് സുരേഷ് മേധയെ വിനോദ് നിക്കോളെ പിന്നിലാക്കിയത്. 104702 വോട്ടാണ് വിനോദ് നിക്കോള നേടിയത്. 2019ല്‍ 4,707 വോട്ടിനായിരുന്നു നിക്കോളെ വിജയിച്ചത്.
മഹരാഷ്ട്രയിലെ സി.പി.എമ്മിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് ദഹാനു. മുംബൈയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്കുള്ള ദഹാനു ഗുജറാത്ത് അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ വര്‍ളി ആദിവാസി കലാപത്തിന് സാക്ഷിയായ നാടാണ് ദഹാനു. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്ക്കുമെതിരേ നടന്ന ആദ്യത്തെ ആദിവാസി കലാപമായ വര്‍ളി കലാപത്തിന് നേതൃത്വം നല്‍കിയിത് കിസാന്‍ സഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ്. മണ്ഡലത്തിലെ തലസാരി പഞ്ചായത്ത് 58 വര്‍ഷമായി സി.പി.എം ഭരണത്തിലാണ്.
സംസ്ഥാനത്തെ സി.പി.എമ്മിന്റെ ഏക സിറ്റിങ് എംഎല്‍എയായ വിനോദ് നിക്കോളെയുടെ പ്രചാരണത്തില്‍ മഹാവികാസ് അഘാഡിയിലെ ഘടകക്ഷികളെല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാര്‍ഥിയെന്നാണ് വിനോദ് നിക്കോളെ അറിയപ്പെട്ടിരുന്നത്. വടാപാവ് വില്‍ക്കുന്ന കടയില്‍ ജോലി ചെയ്യവെ സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എല്‍.ബി.ധന്‍കറാണ് പാര്‍ട്ടിയിലേക്ക് എത്തിക്കുന്നത്. പിന്നീട് മുഴുവന്‍ സമയ പ്രവര്‍ത്തകനായി. കര്‍ഷകരുടെയും ആദിവാസികളുടെയും നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നിക്കോളെ മാഹാരാഷ്ട്രയിലെ പ്രശ്സ്തമായ കര്‍ഷക മാര്‍ച്ചിന്റെയും നേതൃത്വമായിരുന്നു.
നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ് വിനോദ് നിക്കാളെ. കഴിഞ്ഞ നിയമസഭയില്‍ ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത് നിക്കോളെയാണ്.
Content Highlights: dahanu cpim victory vinod nikole maharashtra assembly election
Published: 23 Nov 2024, 05:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented