
പുണെ: മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി. നേതാവുമായ ചന്ദ്രകാന്ത്പാട്ടീൽ പുണെ നഗരത്തിലെ കോത്രൂഡ് മണ്ഡലത്തിൽ നേരിടുന്നത് ത്രികോണ പോരാട്ടം. 2014 മുതൽ ബി.ജെ.പി. ശക്തികേന്ദ്രമായ മണ്ഡലത്തിൽ 4,36,472 വോട്ടർമാരാണുള്ളത്. 2014 മുതൽ 2019 വരെ ബി.ജെ.പി.യുടെ മേധാകുൽക്കർണിയാണ് ഈ സീറ്റിനെ പ്രതിനിധീകരിച്ചത്.
കോലാപുർ സ്വദേശിയായ ചന്ദ്രകാന്ത് പാട്ടീലിനുവേണ്ടി കഴിഞ്ഞതവണ മേധാ കുൽക്കർണി മാറിനിന്നു. പുറത്തുനിന്നുള്ളയാളാണ് എന്ന വിമർശനമുണ്ടായെങ്കിലും ബി.ജെ.പി.യുടെ മുൻസംസ്ഥാന അധ്യക്ഷൻ കൂടിയായ പാട്ടീൽ 25,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെനിന്ന് വിജയിച്ചു. 2014 വരെ കോത്രൂഡിൽനിന്നുള്ള എ.എൽ.എ.യായിരുന്ന ചന്ദ്രകാന്ത് മൊകട്ടെയാണ് പാട്ടീലിന്റെ എതിരാളി. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ സ്ഥാനാർഥി കിഷോർ ഷിന്ദേയാണ് മറ്റൊരു സ്ഥാനാർഥി. ഇവർ തമ്മിലുള്ള ശക്തമായ ത്രികോണമത്സരത്തിൽ ബി.ജെ.പി.യിൽനിന്ന് മുൻ നഗരസഭാംഗം അമോൽ ബൽബാദ്കറും അജിത്പവാർ വിഭാഗം എൻ.സി.പി.യിൽനിന്ന് വിജയ് ദാഖ്‌ലെയും വിമതരായി രംഗത്തുവന്നിട്ടുള്ളതും പാട്ടീലിന് ഭീഷണിയായിട്ടുണ്ട്.
കഴിഞ്ഞ 10 വർഷമായി നിയോജക മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് പാട്ടീലിനെതിരേ എതിർസ്ഥാനാർഥികൾ വിമർശനമുന്നയിക്കുന്നു. റോഡുകളുടെ കാര്യത്തിലായാലും മേൽപ്പാലങ്ങളുടെ കാര്യത്തിലായാലും നിലവിലുള്ള ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് അവരുടെ വിമർശനം.
ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിലുള്ള മുൻസർക്കാരിൽ റവന്യു മന്ത്രിയായിരുന്നിട്ടും, പുണെയുടെ രക്ഷാധികാരി മന്ത്രിയായിരുന്നിട്ടും പാട്ടീൽ മണ്ഡലത്തിനുവേണ്ടി ഒന്നുംചെയ്തിട്ടില്ലെന്നാണ് എതിരാളികളുടെ പ്രചാരണം. എന്നാൽ, വിജയിക്കുമെന്ന് തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നും കോത്രൂഡിലെ ജനങ്ങളുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും പാട്ടീൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ മുരളീധർ മോഹൽ 74,500 വോട്ടുകളുടെ ലീഡ് ഈ മണ്ഡലത്തിൽ നേടിയിരുന്നു.
Content Highlights: Kothrud to see 3-way fight as BJP Minister Chandrakant Patil seeks fresh term
Published: 08 Nov 2024, 09:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented