
സൊഹ്റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ ജയിലിടച്ച ചിദംബരം. അമിത് ഷാ ആഭ്യന്തര മന്ത്രിയായപ്പോള്‍ ചിദംബരം അഴിക്കുള്ളിൽ. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ആക്ഷേപിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത സ്മൃതി ഇറാനിയെ കിശോരിലാല്‍ ശര്‍മയിലൂടെ അമേഠിയില്‍ തന്നെ തോല്പിച്ച കഥ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരം പകപോക്കലുകളുടെ കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. സാഹചര്യത്തെളിവുകള്‍ കൂട്ടിച്ചേര്‍ത്ത് മെനഞ്ഞെടുക്കുന്ന ഇത്തരം കഥകള്‍ സത്യമാണെങ്കിലും അല്ലെങ്കിലും, കാലാകാലങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യാനുസരണം പ്രചരിപ്പിക്കാറുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലും അത്തരമൊരു കഥയുണ്ട്.
അഫ്സല് ഖാന്റെ പട്ടാളെമെന്ന് ഉദ്ധവ്, ഒന്നും മറക്കില്ലെന്ന് അമിത് ഷാ
2014-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലം. ശിവസേനയുമായുള്ള സഖ്യമുപേക്ഷിച്ച് ബി.ജെ.പി. തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്നത്തെ ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായ്ക്കും കേന്ദ്രമന്ത്രിസഭാംഗങ്ങള്ക്കുമെതിരെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. മോദിയേയും സംഘത്തേയും അദ്ദേഹം അഫ്സല് ഖാന്റെ സൈന്യത്തോട് ഉപമിച്ചു. മഹാരാഷ്ട്രയില്‍ പ്രചാരണം നടത്തുന്ന മോദിയുടെ സംഘം അഫ്സല് ഖാന്റെ പട്ടാളത്തെപ്പോലെയാണെന്ന് ഉദ്ധവ് പറഞ്ഞു. അവര്‍ സൗഹൃദം നടിച്ച് പിന്നില്‍നിന്ന് കുത്തും. സംസ്ഥാനത്തെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
ബിജാപുര്‍ സുല്‍ത്താന്‍ അലി ആദില്‍ ഷാ രണ്ടാമന്റെ പടത്തലവനായിരുന്നു അഫ്സല് ഖാന്. മറാത്ത ചക്രവര്‍ത്തി ഛത്രപതി ശിവജിയെ കുതന്ത്രത്തിലൂടെ അഫ്സല് ഖാന് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് മഹാരാഷ്ട്രക്കാര്‍ കരുതുന്നത്. എന്നാല്‍, പിന്നില്‍നിന്ന് കുത്താനുള്ള ശ്രമം ശിവജി പരാജയപ്പെടുത്തുകയും അഫ്സല് ഖാനെ വധിക്കുകയും ചെയ്തു.
ശിവജിയോടുള്ള വൈകാരികത ഇന്നും ചര്‍ച്ചയാവുന്ന മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ പരാമര്‍ശം അമിത് ഷായ്ക്ക് വലിയ അധിക്ഷേപമായി തോന്നി. അത് അദ്ദേഹം മനസില്‍വെച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, ബി.ജെ.പി. വലിയ ഒറ്റക്കക്ഷിയായി. ശരദ് പവാറിന്റെ എന്‍.സി.പി. ബി.ജെ.പിക്ക് പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിച്ചു. അത് നിരസിക്കാതിരുന്ന അമിത് ഷാ ആലോചിച്ച് തീരുമാനം പറയാമെന്ന് മറുപടി നല്കി. എന്നാല്‍, സംസ്ഥാനത്തെ നേതാക്കളുടെ സമ്മര്‍ദത്തിന് ബി.ജെ.പി. ദേശീയ നേതൃത്വം വഴങ്ങി. സഖ്യം ഉപേക്ഷിച്ച് മത്സരിച്ച ശിവസേനയുമായി ചേര്‍ന്ന് വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ഒടുവില്‍ അനുമതി നല്കി.
ദേവേന്ദ്ര ഫഡ്നവിസായിരുന്നു ചരടുവലികള്‍ നടത്തിയത്. ഫഡ്നവിസ് അങ്ങനെ മഹാരാഷ്ട്രയിലെ ബി.ജെ.പി. മുഖ്യമന്ത്രിയായി. ഇന്നത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അടക്കമുള്ള മന്ത്രിസഭ അഞ്ചുവര്‍ഷം തികച്ചു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും പ്രതിസന്ധി ഉടലെടുത്തു. തനിച്ച് മത്സരിക്കാനായിരുന്നു ബി.ജെ.പി. ദേശീയ നേതൃത്വത്തിന് താത്പര്യം. എന്നാല്‍, ശിവസേനയുമായി ചേര്‍ന്ന് പരമാവധി സീറ്റുകള്‍ വിജയിക്കണമെന്ന് ഫഡ്നവിസ് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തി. പാല്ഗഢിലെ സിറ്റിങ് സീറ്റ് ശിവസേനയ്ക്ക് വിട്ടുകൊടുക്കാനുള്ള സന്മനസും സംസ്ഥാന നേതൃത്വം കാണിച്ചു. ഫഡ്നവിസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അമിത് ഷാ, താക്കറെ കുടുംബത്തിന്റെ വസതിയായ 'മാതോശ്രീ'യില്‍ എത്തി ഉദ്ധവുമായി കൂടിക്കാഴ്ച നടത്തി. സഖ്യം പ്രഖ്യാപിച്ചു.
പിന്നീട് മലബാര്‍ ഹില്ലിലെ സഹ്യാദ്രി ഗസ്റ്റ് ഹൗസില്‍വെച്ച് ബി.ജെ.പി. നേതാക്കളെ കണ്ട അമിത് ഷാ ഒരു കാര്യം വ്യക്തമാക്കി. തനിക്കും മോദിക്കുമെതിരായി ശിവസേന നടത്തിയ അധിക്ഷേപങ്ങളൊന്നും മറന്നിട്ടില്ല. 'അവരെ പാഠം പഠിപ്പിക്കാന്‍ ഒരവസരത്തിനായി കാത്തിരിക്കുകയാണ്'- അമിത് ഷാ പറഞ്ഞു. 48-ല്‍ 43 സീറ്റും ബി.ജെ.പി- ശിവസേന സഖ്യം നേടി. പക്ഷേ യഥാര്‍ഥ പ്രതിസന്ധി വരാനിരുന്നത് മാസങ്ങള്‍ക്കപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെ ആകെ കീഴ്മേല്‍ മറിച്ച തിരഞ്ഞെടുപ്പായിരുന്നു 2019-ലേത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി- ശിവസേന സഖ്യത്തിന് ഭൂരിപക്ഷം. ഫഡ്നവസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. വലിയ ഒറ്റകക്ഷി. പക്ഷേ, മുഖ്യമന്ത്രി പദം പങ്കിടലിനെച്ചൊല്ലി എന്‍.ഡി.എ. സര്‍ക്കാര്‍ രൂപവത്കരണം വഴിമുട്ടി. രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ബി.ജെ.പി. നിര്‍ദേശം തള്ളി. സര്‍ക്കാര്‍ രൂപവത്കരണം നീണ്ടുപോയി. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. സര്‍ക്കാരിനായുള്ള ചര്‍ച്ചകള്‍ പല വഴിക്ക് നടന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എക്കാലത്തേയും കൂര്മബുദ്ധികളിലൊരാളായ ശരദ് പവാര്‍ അവസരം മുതലെടുക്കാന്‍ തീരുമാനിച്ചു. ഉദ്ധവ് താക്കറെയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമര്‍ദം ചെലുത്തി. ചര്‍ച്ചകളുടെ അവസാനഘട്ടത്തില്‍ വീണ്ടും ട്വിസ്റ്റ്. ശരദ് പവാറിന്റെ അനന്തരവന് അജിത് പവാര്‍ ഫഡ്നവിസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. മഹാരാഷ്ട്രയാകെ അമ്പരന്നുപോയ രാഷ്ട്രീയ നീക്കം. പക്ഷെ, വിശ്വാസവോട്ടിന് മുന്നേ തന്നെ ഇരുവരും രാജിവെച്ച് തടിതപ്പി. ഒടുവില്‍ അത് സംഭവിച്ചു. ഒരിക്കലും ചേരില്ലെന്ന് കരുതിയ മൂന്ന് കക്ഷികള്‍- കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും- ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി. ബാല്‍ താക്കറെയുടെ കുടുംബത്തില്‍നിന്ന് ആദ്യമായി മഹാരാഷ്ട്രയുടെ ഭരണനേതൃത്വത്തില്‍ ഒരാള്‍.
ഉദ്ധവ് സര്‍ക്കാരിനെ താഴെയിറിക്കാന്‍ ബി.ജെ.പി. ആദ്യം ചെയ്തത് ശിവസേനയെ പിളര്‍ത്തുകയാണ്. ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേന പിളര്‍ത്തി സര്‍ക്കാരുണ്ടാക്കി. പേരിന്റേയും ചിഹ്നത്തിന്റേയും കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഷിന്ദേ പക്ഷത്തിനൊപ്പം നിന്നു. പിന്നാലെ, എന്‍.സി.പിയേയും പിളര്‍ത്തി മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചിത്രമാകെ മാറ്റിമറച്ചു. എന്നിട്ടും, ഉദ്ധവിനെ പാഠംപഠിപ്പിക്കണം എന്ന ആഗ്രഹം അമിത് ഷാ വിട്ടില്ല. 2014-ല്‍ രണ്ടു സീറ്റിന്റെ പേരില്‍ മാത്രമാണ് ഉദ്ധവ് സഖ്യമുപേക്ഷിച്ചതെന്ന് അമിത് ഷാ പ്രവര്‍ത്തകരോട് പറഞ്ഞുകൊണ്ടിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം പങ്കുവെക്കുക എന്ന ധാരണയുണ്ടായിരുന്നില്ലെന്നും അമിത് ഷാ ബോധ്യപ്പെടുത്തി. ഉദ്ധവാണ് സഖ്യത്തെ പിന്നില്‍നിന്ന് കുത്തിയതെന്ന് പ്രവര്‍ത്തകരെ വിശ്വസിപ്പിക്കുകയായിരുന്നു ലക്ഷ്യം. കോര്പ്പറേഷന് മുതല്‍ ലോക്സഭവരെ തിരഞ്ഞെടുപ്പടുക്കുമ്പോഴെല്ലാം, 'പിന്നില്‍നിന്ന് കുത്തിയ ഉദ്ധവിനോട് പകരംവീട്ടാന്‍', അമിത് ഷാ ആഹ്വാനംചെയ്തുകൊണ്ടിരുന്നു.
കേവലം ആറുകക്ഷികള്‍ക്ക് മാത്രമല്ല, മഹാരാഷ്ട്ര രാഷ്ട്രീയവുമായി ആരൊക്കെ ചേര്‍ന്നു നില്ക്കുന്നുണ്ടോ അവര്‍ക്കെല്ലാം നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് 2024-ല്‍ നടക്കാനിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മുതല്‍ എം.എല്‍.എ. പോലുമല്ലാത്ത രാജ് താക്കറെ വരെ ആ പട്ടികയിലുണ്ട്. ദേശീയ പാര്‍ട്ടികളുണ്ട്. അതിനെ നിയന്ത്രിക്കുന്ന നേതാക്കളുണ്ട്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ഫലം രാഷ്ട്രീയ നിലനില്‍പ്പ് നിര്‍ണയിക്കാന്‍ പോകുന്ന നേതാക്കള്‍ കേരളത്തില്‍ വരെയുണ്ട്.
ഭരണനേട്ടം പറഞ്ഞ് വീണ്ടും മുഖ്യമന്ത്രിയാവാമെന്ന കണക്കുകൂട്ടലിലാണ് ഏക്നാഥ് ഷിന്ദേ. ബി.ജെ.പിയും ശിവസേനയും എന്‍.സി.പിയും ചേര്‍ന്നുള്ള മഹായുതി ഭൂരിപക്ഷം നേടിയാല്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാവാമെന്ന ഉറപ്പ് ഷിന്ദേയ്ക്ക് ആരും നല്‍കിയിട്ടില്ല. ഫഡ്നാവിസിനെ ഒറ്റയടിക്ക് മുന്നില്‍നിന്ന് മാറ്റുന്നില്ലെങ്കിലും സംസ്ഥാന ബി.ജെ.പിയുടെ നിയന്ത്രണം കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ അമിത് ഷായുടെ കൈകളിലാണ്. ഏക്നാഥ് ഷിന്ദേയുമായി സംസാരിക്കാന്‍ അമിത് ഷായ്ക്ക് ഇപ്പോള്‍ ഫഡ്നാവിസിന്റെ മധ്യസ്ഥം ആവശ്യമില്ലെന്നാണ് മഹാരാഷ്ട്രയിലെ അടക്കം പറച്ചില്.
തന്റെ സര്‍ക്കാര്‍ അടിസ്ഥാനസൗകര്യവികസനത്തിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിരികെ ഭരണത്തിലെത്തിക്കുമെന്നാണ് ഷിന്ദേ വിശ്വസിക്കുന്നത്. 21-നും 65-നും ഇടയിലുള്ള സ്ത്രീകള്‍ക്ക് മാസം 1,500 രൂപ നല്കുന്ന ലഡ്കി ബഹിണ്‍ യോജന, 44 ലക്ഷം കര്‍ഷകര്‍ക്ക് സൗജന്യമായി നല്കിയ വൈദ്യുതി എന്നിവ നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍. ലഡ്കി ബഹിണ്‍ യോജനയുടെ പിതൃത്വത്തെച്ചൊല്ലി ഷിന്ദേയും ഫഡ്നവിസും രണ്ടുതട്ടിലാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പാണ് മഹായുതിക്കും മഹാവികാസ് ആഘാഡിക്കും മുന്നിലെ ബെഞ്ച് മാര്‍ക്ക്. 48 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 30 ഇടത്ത് കോണ്‍ഗ്രസും എന്‍.സി.പിയും(ശരദ് ചന്ദ്ര പവാര്‍) ശിവസേനയും (ഉദ്ധവ് ബാലസാഹേബ് താക്കറെ) ഉള്‍പ്പെട്ട എം.വി.എ. ജയിച്ചു. 17 ഇടത്ത് മാത്രമാണ് മഹായുതിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ മുന്നേറ്റത്തിന്റെ ആലസ്യത്തിലാണ് എം.വി.എ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം ആരംഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് ബി.ജെ.പി. അടക്കമുള്ള മഹായുതി കക്ഷികളുടെ തലവേദനയും.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശരാവേണ്ടെന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനാണ് അമിത് ഷാ ആദ്യം ശ്രമം നടത്തിയത്. ഹരിയാണ അടക്കം ചൂണ്ടിക്കാട്ടിയാണ് മോട്ടിവേഷന്‍. ഗുജറാത്ത് തങ്ങള്‍ക്കെതിരായ പ്രചരണത്തിന് പ്രതിപക്ഷം ഉപയോഗിക്കുമ്പോഴും, പാര്‍ട്ടി കേഡറുകളോട് ഗുജറാത്തിലേക്ക് തന്നെ നോക്കാനാണ് അമിത് ഷാ ആവശ്യപ്പെടുന്നത്. മൈക്രോ മാനേജ്മെന്റാണ് വിജയഫോര്‍മുലയെന്ന് ഉപദേശിക്കുന്ന അമിത് ഷാ, 2017-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നു.
പട്ടീദാര്‍ സംവരണ പ്രക്ഷോഭമായിരുന്നു 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയായത്. മറാത്ത സംവരണ പ്രക്ഷോഭം മഹാരാഷ്ട്രയില്‍ എതിരാവുമെന്ന് പ്രവര്‍ത്തകര്‍ ഭയക്കുന്നു. എന്നാല്‍, എല്ലാ ബൂത്തിലും 10% വോട്ടുവര്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തേണ്ടതെന്നും, സംവരണവിഷയം കേന്ദ്രത്തിന് വിടൂ എന്നുമാണ് അമിത് ഷാ വിദര്‍ഭയിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞത്. സഖ്യത്തില്‍ വിള്ളലുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയേക്കാള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട ഏക്നാഥ് ഷിന്ദേയോടും അമിത് ഷായ്ക്ക് ഉപദേശമുണ്ടായിരുന്നു. വലിയ ഒറ്റകക്ഷിയായിരുന്നിട്ടും മുഖ്യമന്ത്രി പദം തങ്ങള്‍ ത്യജിച്ചുവെന്നും സമാനമായ ത്യാഗം സീറ്റ് വിഭജനത്തില്‍ ഷിന്ദേ നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

പിളര്‍ന്ന് നാലായ പ്രാദേശിക ശക്തികള്‍ക്കെന്നപോലെ ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിലനില്‍പ്പിന്റെ പോരാട്ടമാണ് ഇത്തവണ മഹാരാഷ്ട്രയിലേത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയാതെ പോയതിന്റെ ക്ഷീണം മാറ്റണം, ബി.ജെ.പിക്ക്. ഹരിയാണയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും വിജയം നേടാന്‍ കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിനെ നിലനിര്‍ത്തുന്ന സഖ്യകക്ഷികള്‍ക്കും ഒരു സന്ദേശം നല്കാന് ബി.ജെ.പിക്കാവും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നേട്ടത്തില്‍ അമിത ആത്മവിശ്വാസത്തിലായിരുന്ന കോണ്‍ഗ്രസ്, സീറ്റ് വിഭജനത്തില്‍ നീക്കുപോക്കുകള്‍ക്ക് പോലും തയ്യാറായിരുന്നില്ല. പ്രാദേശിക നേതാക്കളെ അനുനയിപ്പിക്കുന്നതില്‍ എ.ഐ.സി.സി. നിരീക്ഷകന് രമേശ് ചെന്നിത്തലയുടെ പങ്ക് വലുതായിരുന്നു.
പാര്‍ട്ടിക്ക് പുറമേ കുടുംബവും പിളര്‍ന്നുപോയ ശരദ് പവാറിനും 83-ാം വയസ്സില്‍ തന്റെ രാഷ്ട്രീയ അസ്തിത്വം നിലനിര്‍ത്താനുള്ള തിരഞ്ഞെടുപ്പാണിത്. സാധാരണക്കാരനായ ശിവസൈനികനെന്നാണ് ഷിന്ദേ സ്വയം വിശേഷിപ്പിക്കുന്നത്. ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേന തങ്ങളുടേതെന്ന് ഉദ്ധവും അവകാശപ്പെടുന്നു. 'കുന്നംകുളം' ശിവസേനയാരെന്ന ചോദ്യത്തിന് ജനങ്ങള്‍ നല്കുന്ന മറുപടിയും ഈ തിരഞ്ഞെടുപ്പിലുണ്ടാവും.
രാജ് താക്കറെ, നവാബ് മാലിക് തുടങ്ങി വലിയ പേരുകള്‍ക്കും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. രാജ് താക്കറെയുടെ മകന് മഹിം മണ്ഡലത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സ്ഥാനാര്‍ഥിയാണ്. ബി.ജെ.പി. പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഷിന്ദേ ഇത് തങ്ങളുടെ സീറ്റാണെന്ന് അവകാശപ്പെടുന്നു. ഇവിടെ മുതിര്‍ന്ന നേതാവിനെ സ്ഥാനാര്‍ഥിയാക്കിയ ഷിന്ദേ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അജിത് പവാറിന്റെ പട്ടികയില്‍നിന്ന് നവാബ് മാലിക്കിനെ ബി.ജെ.പി. വെട്ടി. സിറ്റിങ് സീറ്റായ അണുശക്തി നഗറില്‍ തനിക്ക് പകരം മകള്‍ക്ക് സീറ്റുറപ്പിക്കാന്‍ നവാബിനായി. എന്നാല്‍, നവാബ് അവിടും കൊണ്ടും നിര്‍ത്തിയില്ല, 15 വര്‍ഷമായി സമാജ്വാദി പാര്‍ട്ടിയുടെ അബു അസ്മി വിജയിച്ചുവരുന്ന മന്‍കുര്‍ദ്- ശിവജി നഗര്‍ സീറ്റില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ആദ്യം സ്വതന്ത്രനായി പത്രിക നല്കിയ നവാബ് മാലിക്കിനെ പിന്നീട് അജിത് ഇവിടെ തങ്ങളുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കി. ഇവിടെയും ഷിന്ദേയുടെ ശിവസേനയ്ക്ക് സ്ഥാനാര്‍ഥിയുണ്ട്. മഹായുതിയുടെ സ്ഥാനാര്‍ഥി ശിവസേനയുടേതാണെന്ന് ബി.ജെ.പി. വ്യക്തമാക്കുന്നു. അതേസമയം, അബു അസ്മിയില്നിന്ന് മണ്ഡലം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയബുദ്ധിയും ഈ സൗഹൃദമത്സരിത്തിലുണ്ടോയെന്നത് തെളിയിക്കേണ്ടത് തിരഞ്ഞെടുപ്പ് ഫലമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ പ്രതീക്ഷയിലാണ് മഹാവികാസ് അഘാഡി. പൊതുതിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി മറികടന്ന് ഹരിയാണയിലെ വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ആര്‍ക്കും അനുകൂലമായി കാറ്റ് വീശാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള അടിയൊഴുക്കുകളിലാണ് മുന്നണികളുടെ പ്രതീക്ഷ. ജനവിധി അനുകൂലമാക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് കക്ഷികള്‍. ഭരണവിരുദ്ധവികാരം മറികടകാന്‍ അവസാന നിമിഷത്തെ പൊടിക്കൈകളിലാണ് മഹായുതിയുടെ പ്രതീക്ഷ. എന്നാല്‍, ഭരണവിരുദ്ധവികാരത്തിലേറി ഭരണത്തിലേറാമെന്ന് പ്രതിപക്ഷവും ആശിക്കുന്നു. ഇതിനെല്ലാമുപരി, ഫലത്തിന് ശേഷം 2019-ന് സമാനമായ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്താല്‍ നടക്കാനിരിക്കുന്ന നാടകീയതകള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തെ കൂടുതല്‍ ചൂടുപിടിക്കും. ആരൊക്കെ ആര്‍ക്കൊ ഒപ്പം നില്‍ക്കുമെന്നും ആരൊക്കെ മറുകണ്ടം ചാടുമെന്നതും ആകാംക്ഷ വര്‍ധിപ്പിക്കും.
Content Highlights: Will Uddhav Thackeray taken on revenge against Amit Shah who allegedly split Shiv Sena?
Published: 05 Nov 2024, 04:30 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented