മഹാരാഷ്ട്ര ഭരണം എന്‍.ഡി.എ.യും ഝാര്‍ഖണ്ഡ് ഭരണം ഇന്ത്യാ സഖ്യവും നിലനിര്‍ത്തിയെന്ന് വിശദീകരിച്ച് ഒഴിയാവുന്നതല്ല ദേശീയ രാഷ്ട്രീയത്തിന് ഈ തിരഞ്ഞടുപ്പ് വിധികള്‍. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം വിശാലമായ ദേശീയ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സുപ്രധാനം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളെയും ഈ വിജയപരാജയങ്ങള്‍ സ്വാധീനിച്ചേക്കാം.
ലോക്സഭാ തിരഞ്ഞടുപ്പിനും ജമ്മുകാശ്മീര്‍, ഹരിയാണ തിരഞ്ഞെടുപ്പുകള്‍ക്കും ശേഷം നടക്കുന്ന വിധിയെഴുത്ത് എന്നതിനൊപ്പം ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഈ ജനവിധികള്‍ നിലനില്‍പിന്റെ അളവുകോലുകള്‍ കൂടിയാണ്. അടിത്തട്ടിലുണ്ടായ അടിയൊഴുക്കുകള്‍ മുന്നണികള്‍ക്കുള്ളിലെ സമവാക്യങ്ങള്‍ക്ക് ചേരുവമാറ്റം നിശ്ചയിക്കും.
ഝാര്‍ഖണ്ഡ് പിടിക്കാനായില്ലെങ്കിലും സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്ര വന്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തിയ ബി.ജെ.പി, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാറിനേറ്റ കനത്ത ക്ഷീണം, കോണ്‍ഗ്രസിന് ഇരുസംസ്ഥാനങ്ങളിലുമുണ്ടായ തിരിച്ചടികള്‍, പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലഭിച്ച മേല്‍ക്കൈ തുടങ്ങിയ ഘടകങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തിനൊപ്പം ദേശീയ തലത്തിലെയും ഉള്ളടക്കം മാറ്റിയെഴുതും.
സഖ്യങ്ങളുടെ ഹിതപരിശോധന
സഖ്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രണ്ട് ദേശീയ പാര്‍ട്ടികളുടെ ഹിതപരിശോധനയായിരുന്നു മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും നടത്തിയത്.രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന നിലയിലും അടിക്കടിയുള്ള രാഷ്ട്രീയമാറ്റത്തിന്റെ വേദിയെന്ന നിലയിലും മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പ് വിജയം മുന്നണികള്‍ക്ക് അനിവാര്യമായിരുന്നു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പി.കഴിഞ്ഞാല്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടി കിട്ടിയ സംസ്ഥാനം മഹാരാഷ്ട്രയാണ്.48 ലോക്സഭാ മണ്ഡലങ്ങളില്‍ 31 സീറ്റുകള്‍ ഇന്ത്യാ സഖ്യം നേടിയപ്പോള്‍,17 സീറ്റുകളിലേക്ക് എന്‍.ഡി.എ ഒതുങ്ങി.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മുതല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ആര്‍.എസ്.എസിന്റെ വിട്ടു നില്‍പ് വരെ ഈ ആഘാതത്തിന് കാരണമായി.ലോക്സഭാ തിരഞ്ഞെടുപ്പ് വിധി നല്‍കിയ ഈ ക്ഷീണം നിയമസഭാ തിരഞ്ഞെടുപ്പില്‍ മറി കടക്കാനായി എന്നത് എന്‍.ഡി.എ.ക്ക് ആത്മവിശ്വാസം തിരികെ നല്‍കും.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഭാഗികമായി വിട്ടു നിന്ന ആര്‍.എസ്.എസ് ഇക്കുറി ബി.ജെ.പിയുടെ ചാലകശക്തിയായി നിലയുറപ്പിച്ചത് ഈ വിജയത്തിന് അടിസ്ഥാന കാരണമാണ്.ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷിക വേളയില്‍ മഹാരാഷ്ട്രയിലെ വിജയം സംഘപരിവാറിനും അനിവാര്യമായിരുന്നു.
മൂന്നാമൂഴത്തില്‍ സഖ്യകക്ഷി ഭരണത്തിലേക്ക് ബി.ജെ.പിയെ തള്ളിയിട്ടതില്‍ മഹാരാഷ്ട്രക്ക് നിര്‍ണായകമായ പങ്കുണ്ട്.ഇത് മായ്ക്കാന്‍ മോദി-അമിത് ഷാ അച്ചുതണ്ടിന് മഹാരാഷ്ട്രയിലെ വിജയം അത്യാവശ്യമായിരുന്നു.ഇപ്പോള്‍ നേടിയ വിജയത്തിന്റെ കരുത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും സഖ്യരാഷ്ട്രീയത്തില്‍ ഉടച്ചുവാര്‍ക്കലുകള്‍ക്ക് ബി.ജെ.പി മുന്‍കയ്യെടുക്കും.
വിഭവങ്ങള്‍ വിന്യസിക്കാനുള്ള ശേഷി,സൂക്ഷ്മ തലങ്ങളില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്,ഉപപ്രാദേശികതയില്‍ പോലും വേരോട്ടമുള്ള നേതാക്കള്‍,ലഡ്കി ബഹിന്‍ പോലെയുള്ള പദ്ധതികള്‍ വഴി പണം താഴെ തട്ടിലെത്തിക്കുന്ന ക്ഷേമ പരിപാടികള്‍ തുടങ്ങിയ ഘടകങ്ങളാണ് മഹായുതി സഖ്യത്തിന്റെ വിജയകാരണങ്ങള്‍.
മുറിവേറ്റ പവാര്‍
അതെ സമയം,കോണ്‍ഗ്രസിനും ശരദ് പവാറിന്റെ എന്‍.സി.പിക്കും സ്വാധീനമുള്ള വിദര്‍ഭ ഉള്‍പ്പടെയുള്ള മേഖലകളെ പിടിച്ചടക്കിയാണ് എന്‍.ഡി.എ സഖ്യം മുന്നേറിയതെന്നത് ഇന്ത്യാ സഖ്യത്തിന്റെ ഉറക്കം കെടുത്തും.എന്‍.ഡി.എ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഭരണവിരുദ്ധ വികാരങ്ങള്‍ വോട്ടാക്കി മാറ്റാന്‍ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞില്ല.
രാഷ്ട്രീയമായി അപ്രസക്തം എന്ന് കരുതപ്പെട്ട അജിത് പവാറും സംഘവും മെച്ചപ്പെട്ട പ്രകടം കാഴ്ച വച്ചത് അതിനാല്‍ തന്നെ പവാറിന് മാത്രമല്ല,കോണ്‍ഗ്രസിനും ക്ഷീണമാണ്. മുറിവേറ്റ പവാറിന്റെ അടുത്ത നീക്കം മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ആകാംക്ഷ ബാക്കി വയ്ക്കുന്ന അധ്യായമാണ്.ഉധവ് താക്കറെയും മറക്കാനിടയില്ല,ഈ തിരഞ്ഞെടുപ്പ് ഫലം.ഏക്നാഥ് ഷിന്‍ഡെ വിഭാഗം ശിവസേനയുടെ പ്രകടനം ഉധവിന്റെ ഭാവിയ്ക്ക് ചോദ്യചിഹ്നമാണ്.ബാല്‍താക്കറെയുടെ പ്രഭാവം നിലനിര്‍ത്താന്‍ ഉധവിന് കഴിയുന്നില്ല എന്നത് അണികളുടെ ആത്മവി്ശ്വാസവും ചോര്‍ത്തും.
കോണ്‍ഗ്രസിന്റെ ക്ഷീണം
ഹരിയാണ, ജമ്മുകാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേരിട്ട വീഴ്ചകളില്‍ നിന്നും കോണ്‍ഗ്രസ് ഒന്നും പഠിച്ചില്ലെന്നതാണ് ജമ്മുകാശ്മീര്‍,ഝാര്‍ഖണ്ഡ് വിധികള്‍ നല്‍കുന്ന പാഠങ്ങള്‍. ഇന്ത്യാ സഖ്യത്തി്ന് ഭരണം നേടാന്‍ കഴിയാതിരുന്ന മഹാരാഷ്ട്രയില്‍ മാത്രമല്ല,സഖ്യം ഭരണം നിലനിര്‍ത്തിയ ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസിന്റെ പ്രകടനം ദുര്‍ബലമായി.ലോക്സഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളിലൂടെ സ്വരൂപിച്ച പ്രതീക്ഷ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
അതിനപ്പുറം കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ ഇന്ത്യാ സഖ്യത്തിന്റെ കുതിപ്പിനെയും പിടിച്ചു കെട്ടി.പ്രാദേശിക പാര്‍ട്ടികളെക്കാള്‍ ദുര്‍ബലമായ സംഘടനാ സംവിധാനം ഉപയോഗിച്ച് കോണ്‍ഗ്രസിന് അത്ഭുതങ്ങള്‍ കാട്ടാനാകില്ല എന്നാണ് ഈ തിരഞ്ഞെടുപ്പുകളും തെളിയിച്ചത്.ഈ വിധിയെഴുത്തിന്റെ രാഷ്ട്രീയം ഇന്ത്യാ സഖ്യത്തിനുള്ളിലുണ്ടാക്കാന്‍ പോകുന്ന പ്രകമ്പനങ്ങള്‍ ചെറുതായിരിക്കില്ല.വയനാട്ടില്‍ നിന്ന് ലോക്സഭയിലേക്കുള്ള പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന് കരുത്ത് പകരും. എന്നാല്‍ പാർട്ടിയുടെ സംഘടനാ സംവിധാനം കാര്യക്ഷമമായി ചലിപ്പിക്കാന്‍ ഇത് കാരണമാകാനിടയില്ല.
പാര്‍ട്ടികള്‍ക്കപ്പുറം
ഝാര്‍ഖണ്ഡിലെ ഇന്ത്യാ സഖ്യത്തിന്റെ വിജയം ജെ.എം.എമ്മിന്റെയും ഹേമന്ദ് സോറന്റെയും കല്‍പനാ സോറന്റെയും നേട്ടമാണ്.ഈ വിജയത്തിന് കാരണമായ പല ഘടകങ്ങളില്‍ പ്രധാനം ആദിവാസി വിഭാഗങ്ങളിലുള്ള ജെ.എം.എമ്മിന്റെ വിശ്വാസ്യതയാണ്.അത് ഉറപ്പിച്ചത് ഇക്കുറി ഹേമന്ദ് സോറനല്ല, കല്‍പനയാണ്. ഹേമന്ദ് സോറന്റെ ഭാര്യ എന്ന നിഴലില്‍ നിന്ന് ആള്‍ക്കൂട്ടത്തിന്റെ നേതാവായുള്ള കല്‍പനയുടെ വളര്‍ച്ചയാണ് ഈ തിരഞ്ഞെടുപ്പിന്റെ സംഭാവന.അഴിമതി ആരോപണങ്ങളുടെയും സോറന്‍കുടുംബത്തിന്റെ പ്രതിച്ഛായാ നഷ്ടത്തിന്റെയും പിടിയില്‍ നിന്ന് ജെ.എം.എമ്മിനെ പുറത്തെടുത്തത് കല്‍പനയുടെ ചടുല സാന്നിധ്യമാണ്.
Content Highlights: asdAnalysis of Maharashtra & Jharkhand assembly election results
Published: 24 Nov 2024, 06:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented