
ബിഹാറിനെ വെട്ടിമുറിക്കണമെങ്കിൽ അത് തന്റെ മൃതദേഹം ചവിട്ടിക്കൊണ്ടുമാത്രമായിരിക്കുമെന്നു പ്രഖ്യാപിച്ച്, അവിഭക്തബിഹാറിനായി നിലകൊണ്ടത് സോഷ്യലിസ്റ്റും ഇപ്പോഴത്തെ രാഷ്ട്രീയജനതാദളിന്റെ അധ്യക്ഷനുമായ ലാലുപ്രസാദ് യാദവാണ്. എന്നാൽ, പിന്നീട് ഗംഗയിലൂടെയും മഹാനന്ദയിലൂടെയും വെള്ളമൊരുപാടൊഴുകിപ്പോയി. ലാലുവിന്റെ ആർ.ജെ.ഡി.യുടെകൂടി സമ്മതത്തോടെയാണ് 2000-ത്തിൽ ബിഹാറിന്റെ തെക്കുഭാഗം വിഭജിച്ച് ഝാർഖണ്ഡ് എന്ന പ്രത്യേകസംസ്ഥാനം പിറവിയെടുത്തത്. വനാഞ്ചൽ എന്നായിരുന്നു 2000-ത്തിൽ പാർലമെന്റ് ബിൽ പാസാക്കുമ്പോൾ സംസ്ഥാനത്തിനു പേര്. പിന്നീടത് ഝാർഖണ്ഡായി.
പിറവിയുടെ വഴി
ഝാർഖണ്ഡ് എന്നപേരിലല്ലെങ്കിലും കിഴക്കൻ ഇന്ത്യയിൽ ആദിവാസികൾക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിന് സ്വാതന്ത്ര്യപൂർവകാലത്തോളം പഴക്കമുണ്ട്. ക്രിസ്ത്യൻ ആദിവാസിവിഭാഗങ്ങളുടെ രാഷ്ട്രീയവിഭാഗമായ ഉന്നതിസമാജ് 1928-ൽ സൈമൺ കമ്മിഷന് ഇക്കാര്യമാവശ്യപ്പെട്ട് നിവേദനം നൽകി. സ്വാതന്ത്ര്യാനന്തരം ആവശ്യം ശക്തിപ്പെട്ടു. 1955-ൽ ജയ്പാൽ സിങ് മുണ്ടയുടെ നേതൃത്വത്തിലുള്ള ഝാർഖണ്ഡ് പാർട്ടി ആദിവാസികൾക്കായി ഝാർഖണ്ഡ് സംസ്ഥാനം രൂപവത്‌കരിക്കാനാവശ്യപ്പെട്ട് സംസ്ഥാന പുനഃസംഘടനാ സമിതിക്ക് നിവേദനം നൽകിയെങ്കിലും തള്ളപ്പെട്ടു. 1972-ലാണ് ബിനോദ് ബിഹാരി മഹാതോ, ഷിബു സോറൻ, എ.കെ. റോയ് എന്നിവർചേർന്ന് ഝാർഖണ്ഡ് മുക്തിമോർച്ചയുണ്ടാക്കുന്നത്. നിർമൽ മഹാതോ, ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനുണ്ടാക്കി. രണ്ടിന്റെയും ലക്ഷ്യം ഝാർഖണ്ഡ് എന്ന പ്രത്യേക സംസ്ഥാനമായിരുന്നു. പിന്നീട് പലവിഷയങ്ങളിൽ ഇരുഗ്രൂപ്പുകളും തെറ്റി. 1988-ൽ തെക്കൻ ബിഹാറിലെ വനമേഖലയുൾപ്പെടുത്തി വനാഞ്ചൽ പ്രത്യേകസംസ്ഥാനത്തിനായി വാജ്‌പേയിയുടെയും അദ്വാനിയുടെയും മുരളീ മനോഹർ ജോഷിയുടെയും നേതൃത്വത്തിൽ ബി.ജെ.പി. വാദമുയർത്തിയതോടെ വിഷയം വീണ്ടും സജീവമായി. 1989-ൽ കേന്ദ്രസർക്കാർ ഝാർഖണ്ഡ് വിഷയം പഠിക്കാൻ പ്രത്യേകസമിതിയുണ്ടാക്കി.
1998-ലാണ് ഝാർഖണ്ഡ് സംസ്ഥാനത്തിനായുള്ള സമരത്തിന്റെ നിർണായകഘട്ടം തുടങ്ങുന്നത്, ജസ്റ്റിസ് ലാൽ പിംഗ്ലെ നാഥ് ഷഹദേവിന്റെ നേതൃത്വത്തിൽ. ബി.ജെ.പി.യും ജെ.എം.എമ്മും എ.ജെ.എസ്.യു.വും കോൺഗ്രസുമെല്ലാം ഇതിലണിചേർന്നു. 16 പാർട്ടികൾ ചേർന്ന് പുതിയ പ്രത്യേക സംസ്ഥാനരൂപവത്‌കരണ സമിതിയുണ്ടാക്കി. ജസ്റ്റിസ് സഹദേവ് കൺവീനറായി. സമിതിയുടെ നേതൃത്വത്തിൽ ഝാർഖണ്ഡ് ബന്ദും പ്രതിഷേധമാർച്ചുകളും അരങ്ങേറി. 1999-ൽ കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ പ്രത്യേക വനാഞ്ചൽ സർക്കാർ രൂപവത്‌കരണവാഗ്ദാനം നടത്തി. അന്ന് ബിഹാറിലെ ആർ.ജെ.ഡി. നേതൃത്വത്തിലെ തൂക്കുമന്ത്രിസഭ നിലനിന്നുപോന്നത് കോൺഗ്രസ് പിന്തുണയോടെയായതിനാൽ ആർ.ജെ.ഡി.ക്ക് ഈയാവശ്യത്തെ പിന്തുണയ്ക്കാതിരിക്കാനായില്ല. അങ്ങനെ 2000-ത്തിൽ ഛോട്ടാനാഗ്പുർ, സാന്താൾ പർഗാന, കോലാൻ ഡിവിഷനുകൾ ചേർന്ന് വനാഞ്ചൽ നിലവിൽവന്നു. ഇത് പിന്നീട് ഝാർഖണ്ഡായി. നവംബർ 15-നാണ് ഝാർഖണ്ഡ് രൂപവത്‌കരണ ദിനം. ഇക്കുറി സ്ഥാപകദിനം കടന്നുവരുന്നത് ഝാർഖണ്ഡിലെ തീക്ഷ്ണമായ തിരഞ്ഞെടുപ്പുപോരിന്റെ നടുക്കാണ്. നവംബർ 13-നും 20-നുമാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 43-ഉം രണ്ടാം ഘട്ടത്തിൽ 38-ഉം മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പു നടക്കും. നിർണായകമായ മൂന്നു മേഖലകളിൽപ്പെട്ട കോലാൻ മേഖല ആദ്യഘട്ടത്തിൽ വിധിയെഴുതും.
ആദിവാസിമേഖലകൾ വിധിനിർണയിക്കും
ഝാർഖണ്ഡ് വിധിനിർണയത്തിൽ നിർണായകം ആദിവാസിമേഖലകൾ തന്നെ. ഝാർഖണ്ഡ് മുക്തിമോർച്ചയും കോൺഗ്രസും ആർ.ജെ.ഡി.യും സി.പി.ഐ.എം.എല്ലു മുൾപ്പെടുന്ന ഇന്ത്യസഖ്യവും ബി.ജെ.പി.യും ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും ജെ.ഡി.യു.വും ലോക് ജനശക്തിയുമുൾപ്പെടുന്ന എൻ.ഡി.എ.യും തമ്മിലാണ് പ്രധാനമത്സരം. എന്നാൽ, ഈ മത്സരത്തിന്റെ ഗതി നിർണയിക്കുക പട്ടികവർഗവോട്ടുകൾ അഥവാ ആദിവാസിവോട്ടുകൾ എങ്ങോട്ട് കൂടുതലായി ചായുന്നുവെന്നതിനെ ആശ്രയിച്ചാണ്. സംസ്ഥാനത്തെ 81 നിയമസഭാ മണ്ഡലങ്ങളിൽ 28-ഉം പട്ടികവർഗ സംവരണമണ്ഡലങ്ങളാണ്. മറ്റുമണ്ഡലങ്ങളിലും ഏറിയും കുറഞ്ഞുമുള്ള ആദിവാസിവോട്ടർമാർ നിർണായകം.
ജെ.എം.എം. സഖ്യം 2019-ൽ നേടിയ 47 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ 25-ഉം സംഭാവനചെയ്തത് ആദിവാസി സംവരണ മണ്ഡലങ്ങളാണ്. 2019-ലെ തിരഞ്ഞെടുപ്പിലാണ് ജെ.എം.എമ്മിന്റെ ഏറ്റവും മികച്ച പ്രകടനം പട്ടികവർഗ മണ്ഡലങ്ങളിൽ ദൃശ്യമായതെന്നു പറയാം. 90.48 ശതമാനം വോട്ടുകൾ ഇവിടങ്ങളിൽനിന്നുമാത്രം പിടിച്ചെടുത്തു. ബി.ജെ.പി.യുടെ സ്ഥിതി അന്ന് പരമദയനീയമായി. 7.14 ശതമാനം വോട്ടുകളിലൊതുങ്ങേണ്ടിവന്നു. 28 എസ്.ടി. സംവരണ മണ്ഡലങ്ങളിൽ ബി.ജെ.പി.ക്ക് കിട്ടിയത് രണ്ടെണ്ണം മാത്രം. 2019-ലാണ് ജെ.എം.എം. ആദ്യമായി മുന്നണിപരീക്ഷണത്തിലേക്കുമാറിയത്. ഇത് വിജയംകണ്ടു.
എന്നാൽ, 2014-ൽ അധികാരത്തിലേറിയ ബി.ജെ.പി.-എ.ജെ.എസ്.യു. സഖ്യം സംസ്ഥാനചരിത്രത്തിലാദ്യമായി ആദിവാസിയിതര മുഖ്യമന്ത്രിയെ (ഇപ്പോഴത്തെ ഒഡിഷ ഗവർണർ രഘുബർദാസ്) പരീക്ഷിച്ചതും ആദിവാസികളുടെ ഭൂവുടമസ്ഥാവകാശം ഉറപ്പുനൽകുന്ന 1908-ലെ ഛോട്ടാനാഗ്പുർ ടെനൻസി ആക്ടും 1947-ലെ സാന്താൾ പർഗാന ടെനൻസി ആക്ടും ഭേദഗതിചെയ്തതും എൻ.ഡി.എ.യ്ക്ക് 2019-ലെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പിന്നീട് ഈ ഭേദഗതികൾ ബി.ജെ.പി. സർക്കാർ പിൻവലിച്ചെങ്കിലും ഗുണപ്പെട്ടില്ല. ആദിവാസിവിഭാഗങ്ങൾക്ക് ബി.ജെ.പി.യോടുള്ള എതിർവികാരം ശക്തിപ്പെട്ടു. അവരുടെ ആശങ്കകളെ ആയുധമാക്കി ജെ.എം.എം.-കോൺഗ്രസ് സഖ്യമുയർത്തിയ പ്രചാരണം ഫലവത്താവുകയും ചെയ്തു.
ആദിവാസിവിശ്വാസം തിരിച്ചുപിടിക്കാൻ കൊണ്ടുപിടിച്ച ശ്രമം ബി.ജെ.പി. നടത്താതില്ല. പക്ഷേ, ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവരെയും അത് ഫലംകണ്ടിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 14 മണ്ഡലങ്ങളിൽ അഞ്ച് ആദിവാസി മണ്ഡലങ്ങളും ജെ.എം.എം. സഖ്യത്തെയാണ് തുണച്ചത്, മറ്റ് ഒൻപത് മണ്ഡലങ്ങൾ ബി.ജെ.പി. പിടിച്ചെങ്കിലും. ഹരിയാണ മോഡലിൽ ആദിവാസിയിതര വോട്ടുബാങ്കുകളെ പരമാവധി അരികത്തെത്തിക്കാനുള്ള മൈക്രോമാനേജ്‌മെന്റ് തന്ത്രം ഒരുവശത്ത് പയറ്റുമ്പോൾത്തന്നെ സംസ്ഥാനത്തെ ഏറ്റവും പ്രബല ആദിവാസിവിഭാഗമായ സാന്താൾ വിഭാഗത്തിൽ ഒരുവിഭാഗത്തെ വരുതിയിലാക്കാനാകുമെന്ന കണക്കുകൂട്ടൽ ബി.ജെ.പി. നടത്തുന്നുണ്ട്.
ചംപായിൽ പ്രതീക്ഷ
അടുത്തിടെ ജെ.എം.എം.വിട്ട് പാർട്ടിയിൽ ചേക്കേറിയ ചംപായ് സോറനിലാണ് ബി.ജെ.പി.ക്ക് ഇത്തവണ പ്രതീക്ഷ. വ്രണിതഹൃദയനായി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങിപ്പോകേണ്ടിവന്ന ഈ മുൻ ജെ.എം.എം. നേതാവിന് അദ്ദേഹത്തിന്റെ സ്വന്തം സെരായ്‌കെല ഉൾപ്പെട്ട കോലാൻ മേഖലയിൽ ഗണ്യമായ സ്വാധീനമുണ്ട്. അതനുകൂലമാകുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി.ക്ക്. പക്ഷേ, അത് മനപ്പായസമുണ്ണലാണെന്ന് ജെ.എം.എം. പറയുന്നു. കാരണം, ആദിവാസികളുടെ സംരക്ഷകരാവാനൊരിക്കലും ബി.ജെ.പി. തയ്യാറാവില്ലെന്ന പ്രചാരണം വലിയ അളവിൽ ആ ജനവിഭാഗത്തെ വിശ്വസിപ്പിച്ചെടുക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നു. പോരാത്തതിന്, സാധാരണജനങ്ങളെ ആകർഷിക്കുന്ന സംസ്ഥാനസർക്കാരിന്റെ ക്ഷേമപദ്ധതികളും അവർ ഉയർത്തിക്കാട്ടുന്നു
2011-ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 26.2 ശതമാനമാണ് ആദിവാസികൾ. 11 ജില്ലകളിൽ 30 ശതമാനത്തിനു മുകളിൽ ആദിവാസികളുണ്ട്. അതിൽ പ്രബലവിഭാഗമായ സാന്താൾ 32 ശതമാനമാണ്. ഒറാവോൻ, മുണ്ട, ഹോ വിഭാഗങ്ങൾകൂടി ചേർന്ന് 77 ശതമാനംവരും. ബാക്കി 29 വിഭാഗങ്ങളിൽപ്പെട്ടവരാണ് അവശേഷിച്ച 23 ശതമാനം.
സാന്താൾ വിഭാഗത്തിന്റെ സ്വാധീനശക്തി സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാരുടെ എണ്ണം നോക്കിയാൽത്തന്നെ പ്രകടമാകും. ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, പിന്നീടുവന്ന ഷിബു സോറൻ, ഹേമന്ദ് സോറൻ, ചംപായ് സോറൻ എന്നിവർ സാന്താൾ വിഭാഗക്കാർ. മറ്റുരണ്ട് ആദിവാസി മുഖ്യമന്ത്രിമാരായിരുന്ന അർജുൻ മുണ്ട, മുണ്ട വിഭാഗക്കാരനും മധു കോഡ ഹോ വിഭാഗക്കാരനും.
സാന്താൾ ജനസംഖ്യയുടെ 58 ശതമാനവും സാന്താൾ പർഗാന പ്രവിശ്യയിലാണ്. ഒറാൻ, മുണ്ട വിഭാഗക്കാരേറെയും സൗത്ത് ഛോട്ടാനാഗ്പുർ പ്രവിശ്യയിലും. എന്നാൽ, ഏറ്റവും കുറവ് പട്ടികവർഗ ജനസംഖ്യയുള്ള നോർത്ത് ഛോട്ടാനാഗ്പുർ പ്രവിശ്യയിലാണ് ഏറ്റവുമധികം മണ്ഡലങ്ങളെന്നത് വൈരുധ്യം. സാന്താൾ പർഗാനയ്ക്ക് മണ്ഡലങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനമേയുള്ളൂ.
സൗത്ത് ഛോട്ടാനാഗ്പുർ പ്രവിശ്യയിലെ 11 ആദിവാസി സംവരണമണ്ഡലങ്ങളിൽ എട്ടും 2019-ൽ നേടിയത് ജെ.എം.എം. സഖ്യമായിരുന്നു. 2014-ൽ ഇത് നേരേ തിരിച്ചും. ബി.ജെ.പി.-എ.ജെ.എസ്.യു. സഖ്യത്തിനായിരുന്നു എട്ടുസീറ്റുകൾ. ഈ പ്രവിശ്യയിലുമുണ്ട് ഗണ്യമായതോതിൽ സാന്താൾ വിഭാഗക്കാർ.
ആദിവാസിയിതര മേഖലകളെയും തള്ളാനാവില്ല
എന്നിരുന്നാലും ആദിവാസിയിതര മേഖലകളും ഝാർഖണ്ഡ് വിധിയെഴുത്തിൽ തള്ളിക്കളയാവുന്നവയല്ല. 2019-ൽ ജെ.എം.എം. സഖ്യം നേടിയ 47 സീറ്റുകളിൽ 25 എണ്ണം (50 ശതമാനത്തിലധികം) ആദിവാസി സീറ്റുകളാണെങ്കിലും ബാക്കിയുള്ളവയും കൂടിയപ്പോഴാണ് കേവലഭൂരിപക്ഷത്തിലേക്കെത്തിയത്. ഇവിടെ ഈ വോട്ടുബാങ്കുകളെ ആകർഷിക്കാൻ ജെ.എം.എമ്മിന്റെ തുറുപ്പുചീട്ട് സ്ത്രീകൾക്ക് നേരിട്ട് പണം കൈമാറുന്ന ക്ഷേമപദ്ധതികളാണ്. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അറസ്റ്റിനെ ആദിവാസിനേതാവിനെ അറസ്റ്റുചെയ്തുവെന്ന വികാരമുയർത്തി ഇരപരിവേഷം സൃഷ്ടിക്കുന്നു. ഹേമന്ദിന്റെ പത്നി കല്പനാ സോറൻ എല്ലാവിഭാഗം വോട്ടർമാരെയും ആകർഷിക്കുന്ന താരപ്രചാരകയായി ഉയർത്തപ്പെട്ടിരിക്കുന്നു.
ബി.ജെ.പി. ഇതിനെ മറികടന്ന് ആദിവാസിവോട്ടുബാങ്കുകൾ പിടിക്കാൻ തുറുപ്പുചീട്ടായി ഇറക്കിയിരിക്കുന്നത് ചംപായ് സോറനെയും മധുകോഡയെയുമാണ്. ജെ.എം.എമ്മിൽനിന്ന് അവഗണന നേരിട്ടെന്ന ഇരപരിവേഷമാണ് ചംപായിക്ക്. സർക്കാരിനെതിരായ അഴിമതിയാരോപണമുയർത്തിയുള്ള പ്രചാരണവും ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർ ആദിവാസിസ്വത്വത്തെ നശിപ്പിക്കുന്നുവെന്നതും ബി.ജെ.പി.ക്ക് ശക്തമായ ആയുധമാണ്. എന്നാൽ, നുഴഞ്ഞുകയറ്റക്കാരെ തടയേണ്ടത് കേന്ദ്രമല്ലേയെന്നാണ് ജെ.എം.എം. ചോദ്യം. അദാനി പവർപ്ലാന്റിൽനിന്ന് വൈദ്യുതിയുത്‌പാദിപ്പിച്ച് ബംഗ്ലാദേശിന് വിൽക്കാൻ കൂട്ട് കേന്ദ്രമല്ലേയെന്ന ചോദ്യവുമുയർത്തുന്നു ജെ.എം.എം.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒന്നിലേറെ മുഖങ്ങളുള്ളതിനാൽ ഏതെങ്കിലുമൊരാളെ ഉയർത്തിക്കാട്ടാനാവാത്തത് ബി.ജെ.പി.ക്ക് ആദിവാസിസമൂഹത്തിനിടയിൽ മേൽക്കൈ നഷ്ടപ്പെടുത്തുന്നുണ്ട്. അപ്പുറത്താണെങ്കിൽ ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി ഉയർത്തപ്പെടുകയുമാണ്.
2019-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റുനില
ജെ.എം.എം. 30
ബി.ജെ.പി. 25
കോൺഗ്രസ്16
സി.പി.ഐ.എം.എൽ. 1
ആർ.ജെ.ഡി.1
ജെ.വി.എം.3
എൻ.സി.പി. 1
എ.ജെ.എസ്.യു.2
Content Highlights: The southern part of Bihar was divided into a separate state; The name was Vananchal, later became J
Published: 12 Nov 2024, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented