
'ഘുസ്‌പൈഠി' അഥവാ നുഴഞ്ഞുകയറ്റം എന്ന ആരോപണം ശക്തമായി ബി.ജെ.പി. ഉയര്‍ത്തുന്ന ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ, ആ ആരോപണത്തിന്റെ കേന്ദ്രസ്ഥാനമായി ബി.ജെ.പിക്കാര്‍ തന്നെ പ്രചരിപ്പിക്കുന്ന ഇടമാണ് രാജ്മഹല്‍. ഗംഗാനദിയുടെ തീരം. സാന്താള്‍ പര്‍ഗാന ഡിവിഷന്റെ ആസ്ഥാനമായ ദുംക പട്ടണത്തില്‍നിന്ന് 150 കിലോമീറ്റര്‍ വടക്കു കിഴക്കേ അറ്റത്തേക്ക് നീങ്ങണം ഇവിടേക്കെത്താന്‍. റോഡിനിരുവശങ്ങളിലുമായി ഇടതൂര്‍ന്ന കാടുകള്‍. ഇടയ്ക്ക് ചില ഇടറോഡുകള്‍ കല്‍ക്കരിപ്പാടങ്ങളിലേക്ക്... അവിടെ നിന്ന് കല്‍ക്കരി നിറച്ച ട്രക്കുകള്‍ പൊടി പാറിച്ച് തലങ്ങും വിലങ്ങും ഓടുന്നു. ചിലര്‍സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും കല്‍ക്കരി നിറച്ച ചാക്കുകെട്ടുകള്‍ കെട്ടിവലിച്ച് കിതച്ച് നീങ്ങുന്നു. കല്‍ക്കരിപ്പൊടിയാല്‍ മരങ്ങളുടെ ഇലകള്‍ കറുത്തു പോയി.
സാഹിബ്ഗഞ്ച് ജില്ലയിലെ രാജ്മഹലിലേക്ക് ഗംഗയിലൂടെ ബംഗ്ലാദേശില്‍നിന്നും ബംഗാളില്‍നിന്നും ആളുകളെത്തുന്നുവെന്നാണ് ബി.ജെ.പിക്കാരുടെ ആക്ഷേപം. സാഹിബ്ഗഞ്ച്, പാകുര്‍ ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലേക്ക് മുസ്ലിം നുഴഞ്ഞുകയറ്റക്കാരെത്തി ആദിവാസി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അവരുടെ ഭൂമി കൈക്കലാക്കുന്നുവെന്നും ഇതിലൂടെ മേഖലയുടെ ആദിവാസി സ്വത്വത്തെ മാറ്റിമറിക്കുന്നുവെന്നും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. തീവ്രമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ കടന്നുവരുന്നത് ഗംഗാതീരത്തെ ഈ രാജ്മഹല്‍ ദേശത്ത് കൂടിയാണെന്നാണ് വാദം.
ആരോപണത്തിന് ഒരു മിത്തിന്റെ സ്വഭാവമാണിപ്പോള്‍. ചിലരൊക്കെ ബി.ജെ.പി പ്രചരണം വിശ്വസിച്ച മട്ടാണ്. ചിലര്‍ അതിനെ പുച്ഛിച്ചു തള്ളുന്നു. ആരോപണവിവാദത്തിന്റെ പ്രഭവസ്ഥാനമെന്ന നിലയില്‍ രാജ്മഹല്‍ ദേശത്തെ സജീവ ചര്‍ച്ചാ വിഷയമായിരിക്കുകയാണിപ്പോള്‍ 'ഘുസ്‌പൈഠി'.
സാഹിബ്ഗഞ്ച്, രാജ്മഹല്‍, ഉധുവ ബ്ലോക്കുകള്‍ ചേര്‍ന്ന നിയമസഭാ മണ്ഡലമാണ് രാജ്മഹല്‍. ഇതില്‍ ഉധുവ ബ്ലോക്ക് മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. കോവിഡ് കാലത്ത് പടിഞ്ഞാറന്‍ ബംഗാളില്‍നിന്ന് ധാരാളം മുസ്ലിങ്ങള്‍ ഗംഗ കടന്ന് രാജ്മഹലിലേക്കെത്തിയെന്നാണ് ബി.ജെ.പി. പ്രചരണം. രാജ്മഹലില്‍നിന്ന് 45 കിലോമീറ്റര്‍ ഗംഗ വഴി താണ്ടിയാല്‍ ബംഗാളിലെ മാള്‍ഡയിലെത്തും. എന്നാല്‍, അതിനടുത്ത് ബംഗ്ലാദേശിലെ ഝലിയഗഢ് എന്നിടത്തുനിന്ന് എളുപ്പത്തില്‍ ഗംഗ വഴി രാജ്മഹലിലെത്താനാകുമെന്ന് ബി.ജെ.പി. പ്രവര്‍ത്തകനായ വിക്രം പ്രതാപ് പറഞ്ഞു. രേഖകളില്ലാതെങ്ങനെ അതിര്‍ത്തി കടക്കാനാകുമെന്ന ചോദ്യത്തിന്, പിടയ്ക്കുന്ന ഡിംഗ്ര മത്സ്യത്തെ ഗംഗയിലെ വെള്ളത്തില്‍നിന്ന് കരയ്‌ക്കെടുത്തിട്ടുകൊണ്ട് വിക്രം മറുപടി നല്‍കി: 'ഇവിടെയടുത്തൊരു ചേരിപ്രദേശമുണ്ട്. അവിടേക്ക് ബോട്ടുവഴി കടക്കാന്‍ ഒരു പ്രയാസവുമില്ല. ഝലിയഗഢില്‍ പരിശോധനകളൊന്നുമില്ലാത്തയിടമാണ്!'.
2009 മുതല്‍ തുടര്‍ച്ചയായി ബി.ജെ.പി. ജയിക്കുന്ന മണ്ഡലമാണ് രാജ്മഹല്‍. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച സിറ്റിങ് എം.എല്‍.എ. ആനന്ദ് കുമാര്‍ ഓഝ ആണ് ഇത്തവണയും ബി.ജെ.പി. സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ ആനന്ദിന്റെ മുഖ്യ എതിരാളിയായിരുന്ന എം.ഡി. രാജ എന്ന് വിളിപ്പേരുള്ള എം.ഡി. താജുദ്ദീന്‍ ആണ് ഇത്തവണയും മുഖ്യഎതിരാളി. ഒരു വ്യത്യാസം മാത്രം. കഴിഞ്ഞ തവണ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (അഝ്‌സു) പാര്‍ട്ടിയെയാണ് താജുദ്ദീന്‍ പ്രതിനിധീകരിച്ചതെങ്കില്‍ ഇത്തവണ ജെ.എം.എമ്മിനെ. അഝ്‌സു ഇക്കുറി ബി.ജെ.പിയുടെ സഖ്യകക്ഷിയായപ്പോള്‍ താജുദ്ദീന്‍ മറുകണ്ടം ചാടി ജെ.എം.എമ്മിലെത്തി. 2014-ലും ഇദ്ദേഹം തന്നെയായിരുന്നു ജെ.എം.എം സ്ഥാനാര്‍ഥി. പ്രദേശത്തെ ധനികനാണ് ആളെന്ന് നാട്ടുകാര്‍.

എം.ഡി. രാജയാണ് നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ബി.ജെ.പി. ആരോപിക്കുമ്പോള്‍ സിറ്റിങ് എം.എല്‍.എയ്‌ക്കെതിരായ ഭരണവിരുദ്ധവികാരം മനസ്സിലാക്കി പരാജയഭീതി കാരണം പറയുന്നതാണിതെന്ന് ജെ.എം.എം വാദിക്കുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്മഹല്‍ അടക്കം സാഹിബ്ഗഞ്ച് ജില്ലയിലെ മണ്ഡലങ്ങളെല്ലാം ജെ.എം.എമ്മിനൊപ്പമായിരുന്നു.
പരമ്പരാഗതമായി മുസ്‌ലിം, ആദിവാസി ഭൂരിപക്ഷമണ്ഡലമാണ് രാജ്മഹല്‍ എന്നത് ബി.ജെ.പിയെ നുഴഞ്ഞുകയറ്റ ആരോപണം കനപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇവിടെ നുഴഞ്ഞുകയറ്റമൊന്നുമില്ലെന്നും പ്രദേശത്ത് വികസനമൊന്നും കൊണ്ടുവരാത്ത സിറ്റിങ് എം.എല്‍.എയും കൂട്ടരും ഉയര്‍ത്തുന്ന ആരോപണമാണിതെന്നും രാജ്മഹലില്‍ സ്റ്റേഷനറി കട നടത്തുന്ന സാഹു വിഭാഗക്കാരിയായ സ്ത്രീ പറഞ്ഞു. 1971 മുതല്‍ ആളുകള്‍ നദി കടന്ന് ഇവിടേക്ക് ജോലി തേടി വരുന്നുണ്ടെന്നും പുതിയ കാര്യമില്ലെന്നുമാണ് രാജ്മഹലിലെ മംഗല്‍ഘാട്ടില്‍ ചായ കുടിച്ചുകൊണ്ടിരുന്ന 88-കാരനായ നരേഷ് പറഞ്ഞത്. ഇദ്ദേഹം പട്ടികജാതിയില്‍പെട്ട മഹാതോക്കാരനാണ്.
സാഹിബ്ഗഞ്ച്, പാകുര്‍, ദുംക, ജാംതാര, ദേവ്ഘര്‍, ഗൊഡ്ഡ ജില്ലകളുള്‍പ്പെട്ട സാന്താള്‍ പര്‍ഗാന ഡിവിഷനില്‍ 18 മണ്ഡലങ്ങളാണ്. പരമ്പരാഗത ജെ.എം.എം. കോട്ടകളായറിയപ്പെടുന്ന മേഖലയില്‍ ഏഴുസീറ്റുകള്‍ ആദിവാസി സംവരണമണ്ഡലങ്ങളാണ്. 2019-ല്‍ ജെ.എം.എം. ഒന്‍പതും കോണ്‍ഗ്രസ് നാലും സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി നാലെണ്ണത്തിലൊതുങ്ങി.
ഏതായാലും പ്രദേശത്തിന്റെ സവിശേഷതയാല്‍ ഝാര്‍ഖണ്ഡില്‍ ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലമാണ് രാജ്മഹല്‍. സ്ഥാനാര്‍ഥികളുടെ ജനപ്രിയതയാല്‍ കടുത്ത പോരാട്ടവും. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ മത്സരിക്കുന്ന ബര്‍ഹട്ടും തീപാറുന്ന പോരാട്ടം നടക്കുന്ന ബോരിയയും രാജ് മഹലിന്റെ അയല്‍ മണ്ഡലങ്ങള്‍.

റോട്ടി, മാട്ടി, ബേട്ടി കീ രക്ഷാ
ബംഗ്ലാദേശി നുഴഞ്ഞുകയറ്റം ആരോപിക്കുന്ന ബി.ജെ.പി. ഇതിനായി ഉയര്‍ത്തുന്ന മുദ്രാവാക്യം 'റോട്ടി, മാട്ടി, ബേട്ടി കീ രക്ഷാ' (ഭക്ഷണം, മണ്ണ്, മകള്‍ എന്നിവരുടെ രക്ഷ) എന്നതാണ്. ആദിവാസി പെണ്‍മക്കളെ നുഴഞ്ഞുകയറ്റക്കാര്‍ മാറ്റിയെടുത്ത് അവരുടെ അന്നവും മണ്ണുമെല്ലാം തട്ടിയെടുക്കുന്നുവെന്നാണ് ഇതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി മുന്‍കാല സെന്‍സസ് കണക്കുകളെ ബി.ജെ.പി. ആയുധമാക്കുന്നുണ്ട്. സാന്താള്‍ പര്‍ഗാന ഡിവിഷനില്‍ 2011-ലെ സെന്‍സസ് പ്രകാരം 28.11 ശതമാനമാണ് ആദിവാസിജനത. ഹിന്ദുക്കള്‍ 67.95 ശതമാനവും മുസ്ലിങ്ങള്‍ 22.73 ശതമാനവുമാണ്. 1951-ലെ കണക്കനുസരിച്ച് 90.37 ശതമാനം ഹിന്ദുക്കളിവിടെയുണ്ടായിരുന്നു. ആദിവാസി ജനസംഖ്യ അന്ന് 44.67 ശതമാനമായിരുന്നു. മുസ്ലിം ജനസംഖ്യ 20 മുതല്‍ 40 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ ആദിവാസി ജനസംഖ്യ 16% കുറഞ്ഞു. ഇതാണ് ആരോപണത്തിന് ബി.ജെ.പിയുടെ ആയുധം.
എന്നാല്‍, ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതരീതിയും കുറഞ്ഞ ആയുദൈര്‍ഘ്യവുമെല്ലാം അവരുടെ ജനസംഖ്യ കുറയാന്‍ കാരണമാണെന്ന ഘടകം ഇവിടെ മറച്ചുവയ്ക്കപ്പെടുന്നുവെന്ന് ചില സന്നദ്ധസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
മൈത്രിക്കിടയിലെ ആശങ്ക
ദുംകയിലും ബര്‍ഹട്ടിലും പാകുറിലും സാഹിബ് ഗഞ്ചിലും രാജ്മഹലിലുമെല്ലാം ചില പോക്കറ്റുകള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണെങ്കിലും അവിടെയൊന്നും ആളുകള്‍ക്കിടയില്‍ സ്പര്‍ധയില്ല. എല്ലാവരും സാഹോദര്യത്തോടെയും സൗഹൃദത്തോടെയും ഇടപഴകി ജീവിക്കുന്നു. നുഴഞ്ഞുകയറ്റ പ്രചരണം വന്നതോടെ അകാരണമായ ഭയാശങ്കകള്‍ ഇവിടത്തുകാരെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ, പൊതിഞ്ഞിരിക്കുന്നു. മിശ്രവിവാഹിതരായ പലരും ഫോണില്‍ പോലും വരാന്‍ മടിച്ചു. തദ്ദേശീയരായ യുവാക്കള്‍ ബൈക്കുകളില്‍ കാവിക്കൊടികള്‍ കെട്ടിയുയര്‍ത്തി നുഴഞ്ഞുകയറ്റ ആരോപണം ഉയര്‍ത്തി ആദിവാസി ഊരുകളിലൂടെ പ്രചാരണത്തിലാണ്. എവിടെയാണ് ഇത് നടക്കുന്നത് എന്ന് അവരോട് ചോദിച്ചു. പലര്‍ക്കും അറിയില്ല. പ്രചരണം ഏറ്റെടുത്ത് നീങ്ങുന്നതല്ലാതെ അവരെന്ത് അറിയാന്‍! കൂട്ടത്തില്‍ ഒരുവന്‍ പറഞ്ഞു രാജ്മഹല്‍ എന്ന്.
ആദിവാസികള്‍ക്ക് ഭൂമി വില്‍ക്കാനാവില്ല
1932-ലെ സാന്താള്‍ പര്‍ഗാന ടെനന്‍സി നിയമപ്രകാരം ഈ പ്രവിശ്യയിലെ ആദിവാസികള്‍ക്ക് സ്വന്തം ഭൂമി മറ്റാര്‍ക്കും വില്‍ക്കാനാവില്ല. മറ്റൊരു ആദിവാസിക്ക് പോലും വില്‍ക്കാനാവില്ല. എന്നാല്‍, ദാനപാട്ടം (ദാന്‍പത്ര) എന്ന പേരില്‍ ഉടമസ്ഥാവകാശം സ്വന്തം പേരില്‍ നിലനിര്‍ത്തി വേണമെങ്കില്‍ മറ്റാര്‍ക്കെങ്കിലും പാട്ടത്തിന് കൈമാറാമെന്ന പഴുതുപയോഗിച്ച് പല ആദിവാസികളും പണത്തിനായി അങ്ങനെ ചെയ്യുന്നുണ്ട്. അങ്ങനെ ഭൂമി കിട്ടിയ മുസ്ലിങ്ങള്‍ ഈ മേഖലയില്‍ ധാരാളം. പക്ഷേ ഈ ഭൂമിക്ക് മേല്‍ ഉടമസ്ഥാവകാശമില്ലാത്തത് കൊണ്ടുതന്നെ ജീവിക്കാനും കച്ചവടത്തിനും കൃഷിക്കും മാത്രമേ അവര്‍ക്കിത് ഉപയോഗപ്പെടൂ. അതായത്, ദാനമായി കിട്ടിയ ഭൂമിയില്‍ കച്ചവടത്തിലൂടെ കിട്ടുന്ന ആദായത്തില്‍ ഒരു പങ്ക് ഉടമയായ ആദിവാസിക്ക് നല്‍കണം.

അങ്ങനെയുള്ള കച്ചവടക്കാരില്‍ ആദിവാസി യുവതികളുമായി പ്രണയത്തിലായി വിവാഹം ചെയ്തവരുണ്ട് സാഹിബ്ഗഞ്ച്, പാകുര്‍ ജില്ലകളിലെ ഗ്രാമങ്ങളില്‍. പക്ഷേ ആദിവാസിയുവതികള്‍ ഇതിന്റെ പേരില്‍ മതം മാറിയതിന് തെളിവില്ല. സാന്താള്‍ പര്‍ഗാന ഡിവിഷനിലെ ആറ് ജില്ലകളിലും ഒരു ഗ്രാമത്തില്‍ പോലും നുഴഞ്ഞുകയറ്റക്കാരെത്തി ആദിവാസികളുടെ മണ്ണ് കൈക്കലാക്കിയെന്ന് കണ്ടെത്താനായില്ലെന്ന് അതത് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ രണ്ട് മാസം മുമ്പ് ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.
ആദിവാസി- മുസ്ലിം ഐക്യം ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ കരുത്താണ് സാന്താള്‍ പര്‍ഗാന പ്രവിശ്യയില്‍. അത് തകര്‍ത്ത് കടന്നുകയറുകയാണ് ബി.ജെ.പി അവരുടെ പ്രചരണതന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇപ്പോള്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ആഝ്‌സു പാര്‍ട്ടിയും ഘുസ്‌പൈഠി ആരോപണത്തോട് യോജിക്കുന്നില്ലെന്നതും ജില്ലാ മജിസ്‌ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകളും ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കുന്നുമുണ്ട്.
Content Highlights: Jharkhand`s Rajmahal is at the center of a BJP claim of Muslim infiltration
Published: 18 Nov 2024, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented