റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലെത്തുന്നപക്ഷം മാടി, ബേട്ടി, റൊട്ടി (ഭൂമി, മകള്‍, ഭക്ഷണം) എന്നിവയ്ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റാഞ്ചിയില്‍ പാര്‍ട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന ജെ.എം.എമ്മിനെ വേണോ അതോ, അനധികൃത അതിര്‍ത്തി കടക്കല്‍ തടയുന്ന ബി.ജെ.പി. വേണോ എന്ന് ഝാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
നുഴഞ്ഞുകയറ്റക്കാര്‍ പെണ്‍മക്കളെ വശീകരിച്ച് വിവാഹം ചെയ്യുന്നതിനാല്‍ ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അമിത് ഷാ ആരോപിച്ചു. ഹേമന്ത് സോറന്റെ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാര്‍ സുരക്ഷിതരായിരുന്നില്ല. സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാര്‍ ഇവിടെ വരികയും നമ്മുടെ പെണ്‍മക്കളെ വശീകരിച്ച് വിവാഹം ചെയ്ത് ഭൂമി കൈവശപ്പെടുത്തുകയും ചെയ്യുന്നു. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഝാര്‍ഖണ്ഡിന്റെ സംസ്‌കാരം, തൊഴില്‍, ഭൂമി, പെണ്‍മക്കള്‍ എന്നിവയൊന്നും ഇവിടെ സുരക്ഷിതമായിരിക്കില്ല, അമിത് ഷാ പറഞ്ഞു.
നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടമായാണ് ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23-നാണ് വോട്ടെണ്ണല്‍. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.എം.എം. മുപ്പത് സീറ്റ് നേടി. ബി.ജെ.പി 25 മണ്ഡലത്തിലും കോണ്‍ഗ്രസ് 16 മണ്ഡലത്തിലും വിജയിച്ചിരുന്നു.
Content Highlights: infiltrators luring our daughters alleges amit shah in jharkhand
Published: 03 Nov 2024, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented