റാഞ്ചി: ഝാർഖണ്ഡിലെ 43 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബുധനാഴ്ച. പരസ്യപ്രചാരണം തിങ്കളാഴ്ച വൈകീട്ട് അവസാനിക്കും. 43 മണ്ഡലങ്ങളിൽ 21 ആദിവാസി സംവരണ മണ്ഡലങ്ങളും ആറ് പട്ടികജാതി സംവരണ മണ്ഡലങ്ങളുമാണ്. 14 മണ്ഡലങ്ങൾ ഉൾപ്പെടുന്ന കോലാൻ മേഖലയാണ് ആദ്യഘട്ടത്തിൽ നിർണായകം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.എം.എം. ആധിപത്യം പുലർത്തിയ ഇടമാണിത്. ബി.ജെ.പി.ക്ക് ഒറ്റ സീറ്റുപോലും നേടാനായിരുന്നില്ല. മുൻ മുഖ്യമന്ത്രി ചംപായ് സോറൻ മത്സരിക്കുന്ന സെരായ് കെലയാണ് കോലാൻമേഖലയിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലം. ചംപായ് സോറൻറെ സ്ഥാനാർഥിത്വം സരായ് കെലയിലും ചില സമീപമണ്ഡലങ്ങളിലും ഗുണമാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

To advertise here,

2019-ൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന ഗണേശ് മഹാലിയാണ് ഇക്കുറി ജെ.എം.എം. സ്ഥാനാർഥിയായി ചംപായ് സോറനെ എതിരിടുന്നത്. റാഞ്ചി മണ്ഡലത്തിലെ ജെ.എം.എം. സ്ഥാനാർഥി മഹുവ മാജി, ജംഷേദ്‌പുർ ഈസ്റ്റിൽ മത്സരിക്കുന്ന ബി.ജെ.പി.യിലെ പൂർണിമാ സാഹു എന്നിവരാണ് ഒന്നാം ഘട്ടത്തിലെ മറ്റ് പ്രമുഖർ.