ജംഷെഡ്ജി ടാറ്റ സ്ഥാപിച്ച സ്റ്റീല്‍ പ്ലാന്‍റിലൂടെ തലവര മാറ്റിക്കുറിക്കപ്പെട്ട നഗരമാണ് ജംഷെഡ്പൂര്‍. അങ്ങനെ സ്വാതന്ത്ര്യപൂര്‍വകാലത്തുതന്നെ കിഴക്കേ ഇന്ത്യയുടെ വ്യാവസായികനഗരമായി ജംഷെഡ്പൂര്‍ അറിയപ്പെട്ട് തുടങ്ങി. അവിഭക്ത ബിഹാറില്‍ നിന്ന് വിഭജിക്കപ്പെട്ട് ഝാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്ന ശേഷം ഝാര്‍ഖണ്ഡിന്‍റെ വ്യാവസായിക തിലകക്കുറിയാണിപ്പോൾ ടാറ്റാനഗര്‍ എന്നുകൂടി അറിയപ്പെടുന്ന ജംഷെഡ്പൂര്‍. സംസ്ഥാനത്തെ ഏറ്റവും വികസിത നഗരം.ജംഷെഡ്പൂര്‍ പട്ടണത്തിൽ നിന്ന് തുടങ്ങി ജുഗ്സരായ്  വരെ നീണ്ടുകിടക്കുന്ന സ്റ്റീല്‍ പ്ലാന്‍റ് ആണ് ജംഷെഡ്പൂരിന് ഇന്ത്യയുടെ സ്റ്റീല്‍നഗരമെന്ന വിളിപ്പേരിന് അർഹമാക്കിയത്. ഡല്‍മ മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പട്ടണത്തിന്‍റെ പളപളപ്പ് കഴിഞ്ഞാൽ ചുറ്റിലും വികസനമെത്തി നോക്കാത്ത ആദിവാസിഗ്രാമങ്ങളാണ്. അക്കൂട്ടത്തിലൊന്നാണ് ജംഷെഡ്പൂര്‍ പട്ടണത്തിൽ നിന്ന് 20 കി.മീ. തെക്ക്, ഉള്ളിലേക്ക് മാറിയുള്ള ജിലിൻഗോഡ ഗ്രാമം. സെരായ്കെല എന്ന നിയമസഭാ മണ്ഡലം ജിലിൻഗോഡ അടക്കമുള്ള നിരവധി ആദിവാസിഗ്രാമങ്ങള്‍ ചേര്‍ന്നുള്ളതാണ്. ഈ മേഖലയാകെ ഒഡിഷയോടും പടിഞ്ഞാറൻ ബംഗാളിനോടും അതിർത്തി പങ്കിടുന്ന കോലാൻ പ്രവിശ്യയിൽ പെട്ടയിടങ്ങൾ. അതായത് രണ്ട് സംസ്ഥാന അതിർത്തികൾക്കുമിടയിലെ തുരുത്താണ് ഈ മേഖല. 

To advertise here,

 സന്താള്‍ ആദിവാസി വിഭാഗമാണ് ഇവിടത്തെ ആദിവാസിയൂരുകളിൽ പ്രബലം. സന്താള്‍ കഴിഞ്ഞാൽ ഹോ വിഭാഗമാണ്. മഹോത എന്ന പിന്നാക്ക വിഭാഗവും ജംഷെഡ്പൂരിലും സെരായ്കെലയിലുമെല്ലാം പ്രബലമാണ്.ജുഗ്സരായ് പിന്നിട്ട്, പ്രധാനനിരത്തിലൂടെ കടന്ന് ഒരു മാര്‍ക്കറ്റ് കടന്നാൽ നേ‍ർത്ത ഊടുവഴി. ടാ‍ർ ചെയ്തിട്ടുണ്ട്. ഇത് ജിലിൻഗോഡ ഊരിലേക്കാണ്. മുളകൊണ്ടുള്ള മേൽക്കൂര പാകിയ വീടുകള്‍. ചില വീടുകളിൽ മുള കൊണ്ടുള്ള കഴുക്കോലിന് മീതേ കുഴൽരൂപത്തിൽ ഓടുകൾ പാകിയിരിക്കുന്നു. ഈ വഴിയിലെ സാമാന്യം വലിപ്പമുള്ളൊരു വീട് ഒരു വി.വി.ഐ.പിയുടേതാണ്. മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍റേത്.

വീടിന്‍റെ കവാടത്തിലെത്തുമ്പോൾ ആദ്യം കാണുക കാലിത്തൊഴുത്താണ്. അകത്തേക്ക് കടക്കുമ്പോള്‍ രണ്ട്, മൂന്ന് ചായ്പുകൾ പോലുള്ള മുറികൾ കാണാം. അതും പിന്നിടുമ്പോഴാണ് സാക്ഷാൽ ചംപയ് സോറൻ പാർക്കുന്ന വിശാലമായ ഭവനം. ഈ വീടിന്റെ പുറംകാഴ്ചയോ ഇവിടേക്കുള്ള ഇടുങ്ങിയ വഴിയോ ചെറുവീടുകളോ കടകളോ ഒന്നും ഇതൊരു മുന്‍മുഖ്യമന്ത്രിയുടെ വീടും നാടുമാണെന്ന് ഒരിക്കലും പറയില്ല. ചംപയ് സോറന്റെ വീട്ടിനകത്തേക്ക് ഒരു പെൺകുട്ടി അകലെയെങ്ങുനിന്നോ തലയിൽ കുടത്തിൽ വെള്ളം ചുമന്ന് എത്തിക്കുന്നു!

 

placeholder
ജാംഷെഡ്പുരിനു സമീപത്തെ ജിലിങ്‌ബേഡ ഗ്രാമത്തിൽ യുവാക്കൾക്കൊപ്പം പ്രഭാത സവാരി നടത്തുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായ് സോറൻ| ഫോട്ടോ : സാബു സ്കറിയാച്ചൻ

രാവിലെ എട്ടോടെ ജിലിൻഗോഡയിലെ ഊടുവഴിയിലെത്തുമ്പോൾ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കമുള്ള വൻ ആൾക്കൂട്ടം എതിരെ നടന്നുവരുന്നു. മുന്നിൽ വെളുത്ത ടീഷർട്ടും ധോത്തിയും ധരിച്ച് സാക്ഷാൽ ചംപയ് സോറൻ. വഴിയരികിൽ കൗതുകത്തോടെ ചിരിതൂകി നിൽക്കുന്നവരെ മുഖത്ത് നോക്കാതെ കൈ മാത്രം വീശി അഭിവാദ്യം ചെയ്ത് നടന്നുനീങ്ങുകയാണ് ചംപയ്. അടുത്ത കവലയിലെത്തി നിന്നു. കൂടിക്കാഴ്ചയ്ക്ക് ഈ ലേഖകൻ സമയം ചോദിച്ചു. അരമണിക്കൂറിനകം തിരിച്ചെത്താമെന്ന് മറുപടി.

വീട്ടിലേക്ക് മടങ്ങിയെത്തിയത് പിന്നെയും രണ്ട് മണിക്കൂറോളം കഴിഞ്ഞാണ്. ബാബയെയും ദാദയെന്നും സ്നേഹത്തോടെ ഗ്രാമീണർ ചംപയ് സോറനെ വിളിക്കുന്നു.  ചംപയിയെ മുഖം കാണിക്കാൻ ക്ഷമയോടെ കാത്തിരിക്കുകയാണ് നിരവധി ഗ്രാമവാസികൾ. പക്ഷേ തിരഞ്ഞെടുപ്പ് തിരക്കിന്‍റെ മൂർധന്യത്തിൽ എല്ലാവരെയും കാണാനെവിടെ സമയം.നിരാശയോടെ പലരും മടങ്ങി. ചിലർ പിന്നാലെ കൂടുമ്പോൾ സന്താളി ഭാഷയിൽ ദാദയുടെ വക സ്നേഹ ശകാരം.

  1991 മുതൽ സ്വന്തം ഊര് ഉൾപ്പെട്ട സെരായ്കെലയിൽ മത്സരിച്ച് വിജയിക്കുന്നുണ്ട് ചംപയ് സോറൻ. ഝാർഖണ്ഡ് സംസ്ഥാനത്തിനായി ഝാർഖണ്ഡ് മുക്തിമോർച്ചയിൽ ഷിബു സോറനൊപ്പം തോളോടുതോൾ നിന്ന് പൊരുതിയ നേതാവാണ്.മുഖ്യമന്ത്രി ഹേമന്ദ് സോറനെ കള്ളപ്പണം വെളുപ്പിക്കൽകേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പകരം കേട്ടത് ഹേമന്ദിന്‍റെ മൂത്ത സഹോദരൻ ദുർഗ സോറന്‍റെ പത്നി സീത സോറന്‍റേതും ഹേമന്ദിന്‍റെ പത്നി കല്‍പ്പനയുടേതും. അതിലൊരു തർക്കമായപ്പോൾ ഒത്തുതീർപ്പ് സ്ഥാനാ‍ർഥിയായി മുഖ്യമന്ത്രിസ്ഥാനത്തേക്കെത്തിയത് ചംപയ് സോറൻ.   

എന്നാൽ ഹേമന്ദ് ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും മുഖ്യമന്ത്രിസ്ഥാനമേറ്റെടുക്കാൻ തീരുമാനിച്ചു. പാർട്ടിയിൽ ഹേമന്ദിന്‍റെ പിതാവിന്‍റെ സമകാലികനായ ചംപയിയെ അത് മാനസികമായി പോറലേൽപ്പിച്ചു. അദ്ദേഹത്തെ പാർട്ടിയിൽ നിന്നകറ്റി. ഇതൊടുവിൽ അദ്ദേഹത്തിന്‍റെ പുറത്തുപോകലിലാണ് കലാശിച്ചത്. വേറെ പാർട്ടിയുണ്ടാക്കുമെന്ന അഭ്യൂഹങ്ങളെല്ലാമവസാനിപ്പിച്ചാണ് ചംപയ് ബി.ജെ.പിയിൽ ചേർന്നത്. ചംപയുടെ വരവ് പ്രബലമായ സന്താൾ ആദിവാസിവിഭാഗങ്ങൾക്കിടയിൽ ഗുണമാകുമെന്ന് ബി.ജെ.പി കരുതി. ചംപയ്ക്കൊപ്പം ചംപയുടെ മകന്‍ ബാബുലാല്‍ സോറനെ തൊട്ടടുത്ത ഘട്ശില മണ്ഡലത്തിലും മത്സരിപ്പിക്കുകയാണ് ബി.ജെ.പി. ഇതിൽ ബി.ജെ.പിക്കകത്ത് അമര്‍ഷമുണ്ട്. പരമ്പരാഗത പാര്‍ട്ടിക്കാരെ അവഗണിച്ച് ചംപയുടെ കുടുംബത്തിന് അമിത പരിഗണനയെന്ന പരിഭവം ചിലരെങ്കിലും പ്രകടിപ്പിക്കുന്നു.

തന്‍റെ ഗ്രാമവും സമുദായവും തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസത്തിന്‍റേതായ ധിക്കാരം ചംപയുടെ ഭാവത്തിൽ പ്രകടമാണ്. പ്രവർത്തകരെ സന്താളി ഭാഷയിൽ ശകാരിക്കുമ്പോഴും നാട്ടുകാരോട് കൈവീശിക്കാണിക്കുമ്പോഴുമുള്ള ശരീരഭാഷയിൽ അത് മനസ്സിലാകും. ഝാർഖണ്ഡ് മുക്തിമോർച്ചയ്ക്ക് പ്രദേശത്ത് വേരോട്ടമുണ്ടാക്കിയത് ചംപയ് സോറനാണ്. പക്ഷേ, മുഖ്യമന്ത്രിസ്ഥാനത്ത് നിന്നുള്ള ഇറങ്ങിപ്പോക്ക് അദ്ദേഹത്തിന് കയ്പുനിറഞ്ഞ അനുഭവമായി.മുഖ്യമന്ത്രിയായിരുന്നിട്ടും സ്വന്തം ഗ്രാമത്തിൽ ഒരു വികസനവും അദ്ദേഹമെത്തിച്ചില്ലെന്ന പരിഭവം ചിലരെല്ലാം പ്രകടിപ്പിക്കുന്നു. ഒരു വാഹനം എതിരെ നിന്ന് വന്നപ്പോൾ വശംകെട്ടു പോയ കാർഡ്രൈവർ പറഞ്ഞു. " മുഖ്യമന്ത്രിയൊക്കെ ആയിരുന്നിട്ടെന്ത് കാര്യം. ഈ റോഡിന് പോലും വീതി കൂട്ടാനദ്ദേഹത്തിനായിട്ടില്ല."

തൊഴിലില്ലായ്മ സെരായ്കെലയിലെ ഊരുകളനുഭവിക്കുന്ന വലിയ പ്രശ്നമാണ്. യുവാക്കൾ പലരും അരാജകജീവിതത്തിലേക്ക് വഴുതിപ്പോയി. രാവിലെ പത്തിന് തന്നെ നാടൻമദ്യത്തിന്‍റെ ലഹരിയിൽ മദോന്മത്തരായ ആദിവാസിയുവാക്കൾ ചംപയുടെ വീട്ടിലേക്കുള്ള ഊടുവഴിയിലൂടെ ഇഴയുന്നത് കണ്ടു.2014ലും 2019ലും ചംപയ് സോറന്‍ തോൽപ്പിച്ച ബി.ജെ.പി സ്ഥാനാ‍ര്‍ഥിയായിരുന്ന ഗണേശ് മഹാലിയാണ് ഇക്കുറി ജെ.എം.എം സ്ഥാനാർഥിയായി ചംപയ് സോറനെ എതിരിടുന്നത്. കഴിഞ്ഞ തവണ ജെ.എം.എം- ബി.ജെ.പി എതിരാളികളായിരുന്നവർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്ന കൗതുകം മത്സരത്തിന് വാശിയേറ്റുന്നു. ചംപയുടെ കാലുമാറ്റം ആദിവാസിജനതയിൽ പ്രതികൂലവികാരമാണുണർത്തുകയെന്നാണ് ജെ.എം.എമ്മിന്‍റെ അവകാശവാദം.   ജംഷഡ്പൂരും സെരായ്കെലയുമുൾപ്പെട്ട കോലാൻ മേഖലയിലെ 14 മണ്ഡലങ്ങളടക്കം 43 മണ്ഡലങ്ങളിൽ 13നാണ് വിധിയെഴുത്ത്.വീട്ടിൽ നിന്ന് പ്രചരണത്തിരക്കിലേക്കിറങ്ങവേ ചംപയ് സോറൻ മാതൃഭൂമിയോട്:

?താങ്കളുടെ വരവ് കോലാൻ മേഖലയിൽ ബി.ജെ.പി.യെ തുണയ്ക്കുമോ?

- തീർച്ചയായും നല്ലരീതിയിൽ തുണയ്ക്കും.

?2019-ലും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആദിവാസിമേഖല പൂർണമായും ജെ.എം.എമ്മിനൊപ്പമായിരുന്നു?

- അത് ഇക്കുറി മാറും. ബി.ജെ.പി. അധികാരത്തിൽവരും.

?ആദിവാസികൾക്കായി പ്രത്യേക സംസ്ഥാനത്തിനായി വാദിച്ച ജെ.എം.എമ്മിൽനിന്ന് താങ്കൾ പുറത്തുപോയത് എതിർവികാരമുണർത്തില്ലേ?

- ഒരിക്കലുമില്ല. വിദ്യാർഥികാലംമുതലേ പ്രത്യേക സംസ്ഥാനത്തിനായി പോരാടിവന്ന പാരമ്പര്യമാണ് എൻറേത്.

?ജെ.എം.എം. വിട്ടശേഷം ഷിബു സോറനെ ബന്ധപ്പെട്ടിരുന്നോ?

- അതൊക്കെ അടഞ്ഞ അധ്യായം.

?ബി.ജെ.പി.ക്ക് മുഖ്യമന്ത്രിസ്ഥാനാർഥിയില്ല?

- അധികാരത്തിലെത്തിയശേഷം തീരുമാനിക്കും.