ഔറംഗബാദില്‍നിന്ന് മഹാരാഷ്ട്രയിലെ ബീഡിലെ പാര്‍ളിയിലെത്തിയപ്പോള്‍മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടറിയുന്നത്. ബീഡില്‍ ബി.ജെ.പി.യുടെ പങ്കജ മുണ്ടെയും ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബജ്രംഗ് മനോഹര്‍ സോന്‍വാനെയും തമ്മിലാണ് പ്രധാന മത്സരം. 

To advertise here,

ഒ.ബി.സി.ക്കെതിരേ മറാഠാ പോരാട്ടമായാണ് തിരഞ്ഞെടുപ്പ്്, മണ്ഡലത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത്. പങ്കജയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി.യുടെ തീരുമാനം സംസ്ഥാനത്തെ ജനസംഖ്യയുടെ 52 ശതമാനംവരുന്ന മറ്റു പിന്നാക്കവിഭാഗ (ഒ.ബി.സി.) വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള ആസൂത്രിതനീക്കമായാണ് വിലയിരുത്തുന്നത്.

മറാഠാ-പിന്നാക്ക സംവരണം സംബന്ധിച്ച് രഹസ്യ പ്രചാരണചര്‍ച്ചയാണ് കൊഴുക്കുന്നത്. പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ അശോക് സുഖ്ദേ ഹിംഗെയും ഒ.ബി.സി. ബഹുജന്‍ പാര്‍ട്ടിയുടെ പ്രൊഫസര്‍ യശ്വന്ത് ഗയേയും ഇതിനുപുറമേ സ്വതന്ത്രരും ചെറുതും വലുതുമായ പാര്‍ട്ടികളുടെ 69 സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. മഹാരാഷ്ട്രയിലെ ബി.ജെ.പി.യിലെ ഉന്നതനേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മണ്ഡലമായിരുന്നു ബീഡ്. 2014-ല്‍ അദ്ദേഹം അപകടത്തില്‍ മരണപ്പെട്ടശേഷം മകള്‍ പ്രീതം മുണ്ടെയാണ് വന്‍ഭൂരിപക്ഷത്തോടെ ഈ മണ്ഡലത്തില്‍ ജയിച്ചത്. അവരെ മാറ്റിയാണ് സഹോദരി പങ്കജ മുണ്ടെയെ പരീക്ഷിക്കുന്നത്.

വഞ്ചാരി വോട്ടുകള്‍ മുണ്ടെയുടെ വിശ്വസ്ത വോട്ടുബാങ്കാണെന്ന് കണക്കുകൂട്ടുന്നു. ആറ് നിയമസഭാ സീറ്റുകളില്‍ അഞ്ചെണ്ണം ഭരണസഖ്യത്തിനൊപ്പമാണ്. അതില്‍ പാര്‍ളി, ആഷ്ടി, മജല്‍ഗാവ് എന്നിവ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി.ക്കൊപ്പവും ഗോറി, കൈജ് എന്നിവ ബി.ജെ.പി.ക്കൊപ്പവുമാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി.യുടെ ഏക നിയമസഭാ സീറ്റാണ് ബീഡ്.

മറാഠ്വാഡയില്‍ ഏതാനും മാസത്തിനിടെ 215 കര്‍ഷകര്‍ ആത്മഹത്യചെയ്തു, അവരില്‍ ഭൂരിഭാഗവും ബീഡിലാണെന്നു പത്രപ്രവര്‍ത്തകനായ അരുണ്‍ സമുദ്ര് പറയുന്നു. കുടിവെള്ളപദ്ധതികള്‍, റോഡുകള്‍, റെയില്‍വേ ലൈനുകള്‍ എന്നിവയൊന്നും പങ്കജ മുണ്ടെ ശ്രദ്ധിച്ചില്ല. മറാഠാ വോട്ടുകള്‍ തനിക്ക് ഗുണകരമായി മാറുമെന്ന്് ശരദ്പവാര്‍ എന്‍.സി.പി. സ്ഥാനാര്‍ഥി ബജ്രംഗ് മനോഹര്‍ സോന്‍വാനെ പറഞ്ഞു.


ജാതിയല്ല വികസനമാണ് പ്രധാനം 

തിരഞ്ഞെടുപ്പ് വിഷയമെന്താണ്
വികസനമാണ് വിഷയം. ബീഡിനെ മഹാരാഷ്ട്രയിലെ ശ്രദ്ധേയ നഗരമാക്കി മാറ്റണമെന്ന ആഗ്രഹവും സ്വപ്‌നവും അച്ഛനുണ്ടായിരുന്നു. ആ സ്വപ്‌നം സഫലീകരിക്കാനാണ് എന്റെ ശ്രമം.

അച്ഛന്‍ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടോ?

അദ്ദേഹത്തിന്റെ പേരില്‍ ഞാന്‍ കരയുകയും വോട്ട് ചോദിക്കുകയും ചെയ്യില്ല. ഗോപിനാഥ് മുണ്ടെ എന്റെ ശക്തിയാണ്. 

മറാഠ വോട്ടുകള്‍ ഭീഷണിയാകുമോ

ഒരിക്കലുമില്ല. മറാഠകളും എനിക്ക് വോട്ടുനല്‍കും. മറാഠ സമുദായത്തിന് സര്‍ക്കാര്‍ സംവരണം നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ആളാണ് ഞാന്‍.