മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ രാജിക്കൊരുങ്ങിയ തീരുമാനം മാറ്റിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്,  താന്‍ ഒളിച്ചോടില്ലെന്ന് വെള്ളിയാഴ്ചത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. ഭരണപരമായ ജോലിയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നും പുറത്തുനിന്ന് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാമെന്നും തോല്‍വിക്ക് പിന്നാലെ ഫഡ്നാവിസ് അറിയിച്ചിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് മനംമാറ്റം.

To advertise here,

'മഹാരാഷ്ട്രയില്‍ ഇത്തവണ പ്രതീക്ഷിച്ച വിജയമുണ്ടായില്ല. എന്നാല്‍, ഈ യോഗത്തോടെ ഭാവിയിലേക്കുള്ള പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നയിച്ചത് ഞാനാണ്. അതിനാല്‍ പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്കാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിക്കുവേണ്ടി താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാനാണ് മാറിനില്‍ക്കാമെന്ന് പറഞ്ഞത്. എന്നാല്‍, കേന്ദ്രനേതൃത്വം എന്നില്‍ വിശ്വാസമര്‍പ്പിച്ചു. ഞാന്‍ നിരാശനാണെന്നാണ് ചിലര്‍ കരുതുന്നത്, എന്നാല്‍ ഞാന്‍ ഒളിച്ചോടുകയല്ല. ഛത്രപതി ശിവജിയാണ് പ്രചോദനം. വൈകാരികമായ തീരുമാനല്ല ഞാനെടുത്തത്, മനസ്സില്‍ ചില പദ്ധതികളുണ്ട്', ഫഡ്നാവിസ് യോഗത്തില്‍ പറഞ്ഞു.

കഴിഞ്ഞദിവസം അമിത് ഷായെ കണ്ടു. താനൊരു നിമിഷം പോലും വെറുതേ ഇരിക്കാന്‍ പോകുന്നില്ല. അമിത് ഷായ്ക്കും അതേ അഭിപ്രായമാണുള്ളത്. മഹായുതിയേക്കാള്‍ രണ്ടുലക്ഷം വോട്ടുകള്‍ മാത്രമാണ് മഹാവികാസ് അഘാഡിക്ക് ലഭിച്ചത്. 400-ല്‍ കൂടുതല്‍ സീറ്റുകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തുന്നത് ഭരണഘടന തിരുത്താന്‍വേണ്ടിയാണെന്ന പ്രതിപക്ഷ പ്രചാരണം തിരിച്ചടിയായി. ദളിത്- ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ഇത് പ്രതിഫലിച്ചു. ഇത് അടുത്ത തിരഞ്ഞെടുപ്പില്‍ സംഭവിക്കില്ല. എന്‍.ഡി.എ. കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി ഭരണഘടനയെ വണങ്ങിയത് ചൂണ്ടിക്കാട്ടി ഫഡ്നാവിസ് പറഞ്ഞു.