
ഗാന്ധിയനും അഴിമതിക്കുനേരേ ശക്തമായ നിലപാടെടുത്ത സാമൂഹികപ്രവര്‍ത്തകനുമായ അണ്ണ ഹസാരെ സര്‍ക്കാരിനെതിരേ സംസാരിക്കാതിരിക്കാനുള്ള സംവിധാനങ്ങളൊരുക്കി മഹാരാഷ്ട്രാ സര്‍ക്കാര്‍. തനിക്ക് ശരിയെന്നുതോന്നുന്നത് മറച്ചുവെക്കാതെ പറയുന്ന അണ്ണ ഹസാരെ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ തുറന്നുസംസാരിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സുരക്ഷാ' സംവിധാനം.
അദ്ദേഹം താമസിക്കുന്ന റാളെഗന്‍ സിദ്ധിയില്‍ ഇപ്പോഴും സന്ദര്‍ശകര്‍ക്ക് കുറവില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും അദ്ദേഹം എല്ലാവരെയും കാണുന്നു. കേള്‍വിക്കുറവുണ്ടെങ്കിലും സംസാരിക്കാന്‍ തയ്യാറുമാണ്. എന്നാല്‍, സന്ദര്‍ശകരില്‍നിന്ന് എല്ലാവിവരങ്ങളും ചോദിച്ചറിയുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്തിനാണ് അദ്ദേഹത്തെ കാണുന്നത്, എന്തൊക്കെയാണ് അദ്ദേഹത്തോടു ചോദിക്കാനുള്ളത്, രാഷ്ട്രീയകാര്യങ്ങള്‍ ഒന്നുംസംസാരിക്കരുത് തുടങ്ങിയ നിര്‍ദേശം പാലിക്കുമെന്നുറപ്പുണ്ടെങ്കില്‍മാത്രമേ അകത്തേക്ക് കടത്തിവിടൂ. മാത്രമല്ല, ഏതുനിമിഷവും അവര്‍ സംസാരത്തിന് തടയിടാനും മടിക്കില്ല.
ഒപ്പമുള്ള സുഹൃത്തും കുടുംബവും ഇടയ്ക്കിടയ്ക്ക് ഇവിടെ വന്നുപോകാറുള്ളതു കൊണ്ട് ഹസാരെയ്ക്ക് നല്ലപരിചയം. അതുകണ്ടതോടെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒന്നയഞ്ഞത്. ആരോഗ്യത്തില്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുതുടങ്ങിയ അദ്ദേഹം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇന്നത്തെ അവസ്ഥയിലേക്കും മറ്റും കടന്നു. ഓരോ ചോദ്യങ്ങള്‍ക്കും മടിയില്ലാതെ ഉത്തരം പറഞ്ഞുമുന്നേറിയപ്പോള്‍ അദ്ദേഹത്തിന് ജ്യൂസ് കുടിക്കാന്‍ സമയമായി എന്നുപറഞ്ഞാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
കെജ്‌രിവാള്‍ ഇതനുഭവിക്കേണ്ടതു തന്നെ
? ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലല്ലോ
= അതൊക്കെയുണ്ട്. 88 ആയല്ലോ. പിന്നെ അങ്ങനെയങ്ങ് പോകുന്നു.
? തിരഞ്ഞെടുപ്പ് മുന്നില്‍വന്നുനില്‍ക്കുകയാണല്ലോ
= തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞാന്‍ അധികം ചിന്തിക്കാറേയില്ല. കക്ഷിരാഷ്ട്രീയമല്ലേ ഇതെല്ലാം.
? അഴിമതിക്കുനേരേ താങ്കള്‍ ശക്തമായി പോരാടി. പക്ഷേ, ഇപ്പോഴും അത് കൂടിവരുകയല്ലേ
= അത് കൂടിവരും. കക്ഷിരാഷ്ട്രീയമുള്ള കാലത്തോളം അഴിമതിയില്ലാതാക്കാന്‍ കഴിയില്ല. എപ്പോള്‍ കക്ഷിരാഷ്ട്രീയമില്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്നോ അപ്പോള്‍മാത്രമേ അഴിമതിയിലേക്കുള്ള വഴിയടയൂ.
? അന്ന് അഴിമതിക്കെതിരേ താങ്കളോടൊപ്പം സമരംചെയ്തവര്‍ മുഴുവന്‍ ഇപ്പോള്‍ കക്ഷിരാഷ്ട്രീയത്തില്‍ പ്രമുഖരല്ലേ
= (ചിരിച്ചുകൊണ്ട്) അരവിന്ദിനെ (കെജ്രിവാള്‍) കുറിച്ചല്ലേ.
അതേ. അവനവന്റെ പ്രവൃത്തിയുടെ ഫലം അവനവന്‍ അനുഭവിക്കണം. അരവിന്ദിന്റെ അറസ്റ്റിലേക്കു വഴിവെച്ചത് അവന്റെ തന്നെ പ്രവൃത്തിയുടെ ഫലമാണ്. തുടക്കത്തില്‍ത്തന്നെ ഞാന്‍ അവനോടുപറയാറുണ്ട്, നമ്മുടെ പ്രവൃത്തിയിലും ചിന്തയിലും വാക്കിലുമെല്ലാം സംശുദ്ധത വേണമെന്ന്. അത് നിലനിര്‍ത്താനുള്ള അധ്വാനവും വേണം.
? വ്യത്യസ്തമായ ഭരണമാണ് അദ്ദേഹത്തിന്റേതെന്നു പറയുന്നുണ്ടല്ലോ
= തുടക്കത്തില്‍ നല്ലപ്രവര്‍ത്തനങ്ങളായിരുന്നു. പിന്നീട് തലതിരിഞ്ഞു. പണക്കൊതിവന്നതോടെ പ്രവര്‍ത്തനരീതി മാറി. ജീവിതശൈലിയിലും മാറ്റംവന്നു. ഇപ്പോള്‍ അകത്തായി. മദ്യത്തിനെതിരേ സമരംനടത്തിയ ഒരാള്‍ അതിന്റെപേരില്‍ അകത്താകുന്ന ഒരവസ്ഥ എത്രമോശമാണ്.
Content Highlights: anna hazare interview criticises arvind kejriwal
Published: 09 Apr 2024, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented