
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്നുഘട്ടങ്ങള്‍ക്കുമുമ്പും പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം വന്‍ ആഘോഷങ്ങളായിരുന്നു. വിവിധ ക്ഷേത്രങ്ങളിലേക്കുള്ള എഴുന്നള്ളിപ്പുകള്‍. വിവിധ സംഘടനകളുടെ വക ഘോഷയാത്രകളും നഗരമെങ്ങും ഭക്ഷണവിതരണവും. ഹനുമാന്‍ ചാലിസകള്‍ വേറെ. ഹിന്ദുക്കളുടെ സുപ്രധാന മതാഘോഷ പരിപാടികളെല്ലാം ആദ്യമൂന്നുഘട്ട തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്നിലായിരുന്നു.
ആദ്യഘട്ടതിരഞ്ഞെടുപ്പുനടന്ന ഏപ്രില്‍ 19-നുമുമ്പ് ശ്രീരാമനവമി. രണ്ടാംഘട്ട വോട്ടെടുപ്പുനടന്ന ഏപ്രില്‍ 26-നുമുമ്പ് ഹനുമാന്‍ ജയന്തി. മൂന്നാംഘട്ട തിരഞ്ഞെടുപ്പുനടന്ന മേയ് ഏഴിനുമുമ്പ് പ്രദോഷവ്രതവും ശിവരാത്രിയും. ഇതെല്ലാം 91 ശതമാനം ഹിന്ദുക്കളുള്ള, ബി.ജെ.പി.-ആര്‍.എസ്.എസിന് ആഴത്തില്‍ വേരോട്ടമുള്ള സംസ്ഥാനത്ത് ബി.ജെ.പി.യുടെ പരോക്ഷ പ്രചാരണത്തിനുള്ള വഴിയൊരുക്കി. ആര്‍.എസ്.എസ്. അനുബന്ധ സംഘടനകളെല്ലാം ദിവസങ്ങളോളം ഭക്ഷണവിതരണവും മറ്റുമായി തെരുവുകളില്‍ ഹിന്ദു ആഘോഷങ്ങളില്‍ പങ്കാളിയായി.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തിയപ്പോള്‍ ക്ഷേത്രദര്‍ശനങ്ങള്‍ക്ക് സമയംകണ്ടെത്താനുള്ള കാരണവും ഇതുതന്നെ. ഉത്തര്‍പ്രദേശിനെപ്പോലെ അയോധ്യയോ രാമക്ഷേത്രമോ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി പ്രധാന തിരഞ്ഞെടുപ്പുകളിലൊന്നിലും ബി.ജെ.പി.യുടെ വോട്ടുശതമാനത്തെ മറികടക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല.
ഹിന്ദുത്വത്തെ വലിയ പരീക്ഷണമൊന്നുമില്ലാതെ തങ്ങളുടെ വോട്ടുബാങ്കാക്കാനുള്ള ബി.ജെ.പി.യുടെയും ആര്‍.എസ്.എസിന്റെയും കഴിവുതന്നെ കാരണം. 2018-ല്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോഴും കോണ്‍ഗ്രസിനെക്കാള്‍ വോട്ടിങ് ശതമാനം ബി.ജെ.പി.ക്കായിരുന്നു.
40.89 ശതമാനം വോട്ട് കോണ്‍ഗ്രസിന് കിട്ടിയപ്പോള്‍ ബി.ജെ.പി.ക്ക് 41.02 ശതമാനം. 15 മാസമെത്തിയപ്പോള്‍ത്തന്നെ ജ്യോതിരാദിത്യസിന്ധ്യ 22 എം.എല്‍.എ.മാരുമായി മറുകണ്ടം ചാടി ബി.ജെ.പി.ക്കാരനായി ഭരണം തിരികെ നല്‍കി. 15 വര്‍ഷം അധികാരത്തിലിരുന്ന ശിവരാജ് സിങ് ചൗഹാനെതിരേ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും ബി.ജെ.പി.യുടെ സോഷ്യല്‍ എന്‍ജിനിയറിങ് മികവും നരേന്ദ്രമോദിയുടെ സ്വാധീനവും കാരണം ഇഞ്ചോടിഞ്ച് മത്സരമായിരുന്നു 2018-ല്‍ നടന്നത്.
കോണ്‍ഗ്രസിനെക്കാള്‍ 47,824 വോട്ട് അധികംനേടിയ ബി.ജെ.പി. ആയിരത്തില്‍ത്താഴെ ഭൂരിപക്ഷമുള്ള 10 മണ്ഡലങ്ങളില്‍ ഏഴിലും തോറ്റില്ലെങ്കില്‍ ഫലം അപ്പോഴും മറിച്ചാവുമായിരുന്നു. ഈ മണ്ഡലങ്ങളിലെല്ലാം കൂടി 4337 വോട്ടുകള്‍ മാത്രമായിരുന്നു ബി.ജെ.പി.ക്ക് കുറവ്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഇത്രയും കാലം ഭരിച്ച ചൗഹാനെ കോണ്‍ഗ്രസ് പുറത്താക്കുമെന്നായിരുന്നു കൂടുതല്‍ പേരും പ്രവചിച്ചതെങ്കിലും മോദി പ്രചാരണം നയിച്ച തിരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ടും 163 സീറ്റുകളും ബി.ജെ.പി. റാഞ്ചി. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കെതിരാണ് ബി.ജെ.പി. എന്ന് കോണ്‍ഗ്രസ് നിരന്തരം പ്രചാരണമുയര്‍ത്തിയപ്പോള്‍ അതിനെ ബി.ജെ.പി. തന്ത്രപരമായി നേരിട്ടു.
ഫലം മധ്യപ്രദേശിലെ 82 എസ്.സി.-എസ്.ടി. സംവരണസീറ്റുകളില്‍ 50-ഉം ബി.ജെ.പി.യുടെ കീശയിലായി. മുന്‍ തിരഞ്ഞെടുപ്പില്‍ 32 സീറ്റുമാത്രം നേടിയ സ്ഥാനത്താണിത്. ഹിന്ദുത്വത്തെ വലിയ പരീക്ഷണമൊന്നും കൂടാതെ തങ്ങള്‍ക്കനുകൂലമാക്കുന്ന വഴികളാണെപ്പോഴും സംസ്ഥാനത്ത് ബി.ജെ.പി. പയറ്റിയത്. ഇത്തവണ, ആകെയുള്ള 29 മണ്ഡലങ്ങളിലും ബി.ജെ.പി. ജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് മത്സരിക്കുന്ന ഛിന്ദ്വാഡയടക്കം അഞ്ചാറുമണ്ഡലങ്ങളില്‍ നല്ല മത്സരമാണുള്ളത്.
Content Highlights: madhya pradesh the strong bastion of bjp and rss
Published: 10 May 2024, 09:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented