''ഈ പ്രധാനമന്ത്രിയാണ് നിങ്ങള്‍ക്ക് റേഷന്‍ നല്‍കിയത്. ഈ പ്രധാനമന്ത്രിയാണ് നിങ്ങള്‍ക്ക് വീട് നല്‍കിയത്, ആയുഷ്മാന്‍ കാര്‍ഡ് നല്‍കിയത്. ഈ പ്രധാനമന്ത്രിയാണ് നിങ്ങള്‍ക്ക് കിസാന്‍ സമ്മാന്‍ നല്‍കിയത്. ഈ പ്രധാനമന്ത്രിക്ക് നിങ്ങള്‍ ഏഴാംതീയതി വോട്ടുനല്‍കില്ലേ, താമരയ്ക്ക് വോട്ടുനല്‍കില്ലേ?'' -തടിച്ചുകൂടിയ ജനങ്ങളോട് ജ്യോതിരാദിത്യ സിന്ധ്യ ചോദ്യമുയര്‍ത്തുമ്പോള്‍ ജനങ്ങള്‍ കോറസ്സായി വോട്ടുചെയ്യുമെന്ന് പറയുന്നു. തന്റെ കുടുംബം ഗുണയില്‍ കാലങ്ങളായി എത്തിച്ച വികസനവും എണ്ണിയെണ്ണിപ്പറഞ്ഞ് കദ്വായയില്‍നിന്ന് അടുത്ത സമ്മേളനനഗരിയിലേക്ക് നീങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ സിന്ധ്യ അല്പസമയം നിന്നു: ''ഞാനോ എന്റെ അച്ഛനോ ഈ സ്ഥാനം വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല''.

To advertise here,

സിന്ധ്യ കഴിഞ്ഞതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഒന്നേകാല്‍ലക്ഷം വോട്ടിന് തോറ്റത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ദിഗ്വിജയ് സിങ്ങടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയിട്ടാണെന്ന് ബി.ജെ.പി. കാര്യകര്‍ത്ത ബല്‍റാം രഘുവംശി പറഞ്ഞു. ഇത്തവണ 'മഹാരാജാവിന്' അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും ഇവര്‍ പറയുന്നു.

നാട്ടുകാരെല്ലാം 'മഹാരാജ്' എന്നുവിളിക്കുന്ന സിന്ധ്യയുടെ എതിരാളി നേരത്തേ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മാധവറാവു സിന്ധ്യക്കും ജ്യോതിരാദിത്യ സിന്ധ്യക്കും എതിരേ മത്സരിച്ച റാവു ദേശ് രാജ് സിങ്ങിന്റെയും ബി.ജെ.പി. നേതാവായ ഭായ്‌സാബ് യാദവിന്റെയും മകന്‍ റാവു യാദവേന്ദ്ര യാദവാണ്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് യാദവേന്ദ്ര യാദവ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി. നേതാവായ അമ്മ ഭായ്‌സാബ് യാദവ് തലയില്‍ കൈവെച്ചനുഗ്രഹിച്ചാണ് മകന്‍ യാദവേന്ദ്രനെ മത്സരിക്കാന്‍ പറഞ്ഞയച്ചത്.ആകെ വോട്ടിന്റെ 18 ശതമാനത്തിലധികം വരും ഗുണയില്‍ യാദവവോട്ടുകള്‍. യാദവ വോട്ടുബാങ്കിന്റെ സഹായത്തോടെ ജ്യോതിരാദിത്യ സിന്ധ്യയെ മൂലയ്ക്കിരുത്താമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍, മണ്ഡലത്തിനുകീഴിലുള്ള മുംഗാവലിയിലും കോലാറസ്സിലും ബി.ജെ.പി. എം.എല്‍.എ.മാര്‍ യാദവരും സിന്ധ്യയുടെ അടുത്ത അനുയായികളുമാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിതന്നെ മറ്റൊരുയാദവനായ മോഹന്‍ യാദവും. അതിനാല്‍, കെ.പി. യാദവിന് സീറ്റുനല്‍കാത്തതൊന്നും ഏശില്ലെന്ന് ബി.ജെ.പി. നേതാക്കള്‍ പറയുന്നു.

ഗ്വാളിയര്‍ രാജവംശത്തില്‍പ്പെട്ട സിന്ധ്യകുടുംബത്തിന് ഗുണയിലും തൊട്ടടുത്ത മണ്ഡലമായ ഗ്വാളിയറിലും നല്ല ആധിപത്യമാണുണ്ടായിരുന്നത്. രാജമാത വിജയരാജെ സിന്ധ്യയും മക്കളായ മാധവറാവു സിന്ധ്യയും വസുന്ധര രാജെ സിന്ധ്യയും യശോദര രാജെ സിന്ധ്യയും മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യയുമൊക്കെ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞവര്‍. വസുന്ധര വിവാഹബന്ധത്തിലൂടെ രാജസ്ഥാനിലെ ബി.ജെ.പി.യുടെ പ്രധാനിയായപ്പോള്‍ രാജമാതയുടെ കുടുംബക്കാര്‍ ബി.ജെ.പി.യും കോണ്‍ഗ്രസുമൊക്കെയായി ഗുണയും ഗ്വാളിയറും മാറിമാറി കൈയിലാക്കി; സിന്ധ്യക്ക് ഗുണ കഴിഞ്ഞതവണ കൈയില്‍നിന്ന് വഴുതുംവരെ.