ന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ നിന്നും ഒരേസമയം സ്ഥാനാർഥികൾ ജനവിധി തേടുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇന്ത്യാ മഹാരാജ്യത്തിൽ. വര്‍ത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായരിൽ പലർക്കും ഒരേസമയം രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടിയ ചരിത്രവുമുണ്ട്. തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പോരാട്ടമായും പരാജയഭീതികൊണ്ടുള്ള ഒളിച്ചോട്ടമായും ഇത്തരം നീക്കങ്ങൾ വിലയിരുത്തപ്പെട്ടു. എന്നിരുന്നാലും, വിഷയം ചർച്ചയ്ക്കെത്തുമ്പോൾ പൊതുജനം മുതൽ സർക്കാർ സംവിധാനങ്ങൾക്ക് വരെ ഭിന്നാഭിപ്രായമാണ്. 

To advertise here,

വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങൾ സ്ഥാനാർഥികൾ ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിലെ തെറ്റെന്താണെന്നാണ് ഒരു വിഭാ​ഗത്തിന്റെ ചോദ്യം. അതേസമയം, ഇത്തരം പ്രവണതകൾ പൊതുഖജനാവിന് വരുത്തിവയ്ക്കുന്ന ബാധ്യതകളും പ്രവൃത്തിയിലെ അധാർമികതയുമാണ് മറുപക്ഷം ഉന്നയിക്കുന്ന വാദം. സാമൂഹ്യമാധ്യമങ്ങൾ മുതൽ പരമോന്നത കോടതിയിൽ വരെയെത്തിയ ചർച്ചകൾക്ക് ഈയടുത്താണ് സുപ്രീംകോടതി ഒരു തീർപ്പ് കൽപ്പിച്ചത്. ഇന്ദിരാ​ഗാന്ധി മുതൽ നരേന്ദ്രമോദി വരെയുള്ള ശക്തർ ഒരേസമയം ഒന്നിൽക്കൂടുതൽ മണ്ഡലങ്ങളിൽ നിന്നും മത്സരിച്ചിട്ടുണ്ട്. ഇക്കൂട്ടരിൽ രാജകീയമായി ജയിച്ചുകയറിയവരുമുണ്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ. ഒരേസമയം ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ നിന്നും കാലിടറിയവരും..

ലക്ഷങ്ങളുടെ തേരിലേറിയ മോദിയും രാഹുലും
ഇന്ത്യൻ രാഷ്ട്രീയത്തിലെ കഴിഞ്ഞുപോയ ഒരു  പതിറ്റാണ്ടുകാലം പരിശോധിക്കുമ്പോൾ പലപ്പോഴും നരേന്ദ്രമോദിയും രാഹുലും നേരിട്ടായിരുന്നു തിരഞ്ഞെടുപ്പ് മത്സരങ്ങളെല്ലാം. 2014-ലും 2019-ലും ബി.ജെ.പിയെ സംബന്ധിച്ച് മോദിയല്ലാതെ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് പാർട്ടിക്ക് ചിന്തിക്കേണ്ടതേയില്ലായിരുന്നു. മറുഭാ​ഗത്ത് ഒട്ടനവധി വിമർശനങ്ങൾക്കിടയിലായിരുന്നെങ്കിലും കോൺ​ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമായിരുന്നു രാഹുൽ. ഇരുവരും രണ്ട് വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലായി ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടിയിട്ടുണ്ട്. 

2014-ലായിരുന്നു മോദിയുടെ ഊഴം. ഗുജറാത്തിലെ വഡോദരയിൽ നിന്നും ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും അദ്ദേഹം ജനവിധി തേടി. 5.7 ലക്ഷം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിനായിരുന്നു വഡോദരയിലെ ജനങ്ങൾ മോദിയെ വിജയിപ്പിച്ചത്. 8,45,464 വോട്ടുകൾ ബി.ജെ.പിയുടെ ബാലറ്റിലെത്തിയപ്പോൾ അന്ന് കോൺഗ്രസിന് ലഭിച്ചത് 2,75,336 വോട്ടുകളായിരുന്നു. വാരണാസിയിൽ നിന്നും 3.71 ലക്ഷം വോട്ടിന്റെ ഉജ്ജ്വല വിജയം മോദി സ്വന്തമാക്കി. ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാളായിരുന്നു അന്ന് മോദിയുടെ പ്രധാന എതിരാളി. മോദി 5,80,432 വോട്ടുകൾ നേടിയപ്പോൾ കെജ്‌രിവാളിന് ലഭിച്ചത് 2,09,167 വോട്ടുകളായിരുന്നു.

placeholder
നരേന്ദ്രമോദി | Photo: REUTERS

രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് ഗുജറാത്തിന് പുറത്തുള്ള തന്റെ ജനപ്രീതിയുടെ ശക്തിപ്രകടനമായിരുന്നു മോദി ലക്ഷ്യം വച്ചത്‌. യു.പിയില്‍ ബിജെപിയെ മിന്നും വിജയത്തിലേക്ക് നയിക്കാനും മോദിയുടെ വാരണാസിയിലേക്കുള്ള വരവ് ബിജെപിയെ തുണച്ചു. രാഹുലിന്റെ കാര്യം അങ്ങനെയല്ല. അച്ഛൻ രാജീവ് ഗാന്ധിയും റായ്ബറേയിലേക്ക് തന്റെ തട്ടകം മാറ്റുന്നത് വരെ അമ്മ സോണിയയും പ്രതിനിധീകരിച്ചിരുന്ന അമേഠിയിൽ 2019-ൽ കാലിടറിയേക്കാമെന്ന് കോൺഗ്രസ് നേതൃത്വം ഭയന്നു. ഈ പരാജയഭീതിയായിരുന്നു അമേഠിക്കുപുറമെയൊരു മണ്ഡലത്തിൽ കൂടെ ജനവിധി തേടാനുള്ള രാഹുലിന്റെ തീരുമാനത്തിന് പിന്നിൽ.

രാഹുലിന് കടുത്ത ആഘാതമായിരുന്നു 2019 കാത്തുവച്ചത്. അപ്രതീക്ഷിതമായൊരു തകർച്ചയിലേക്ക് കോൺഗ്രസ് വീണു. നെഹ്രു കുടുംബത്തോടുള്ള അമേഠിയുടെ വൈകാരികത പക്ഷേ 2019-ൽ ജനങ്ങൾ കാണിച്ചില്ല. 49,103 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുലിനെ പരാജയപ്പെടുത്തി ബി.ജെ.പി നേതാവ് സ്മൃതി ഇറാനി മണ്ഡലത്തിൽ നിന്നും വിജയിച്ചുകയറി. രാഹുലിനെ സംബന്ധിച്ചിടത്തോളം ആശ്വാസതുരുത്തായിരുന്നു വയനാട്. വയനാട്ടിലേക്കുള്ള വരവില്ലായിരുന്നെങ്കില്‍ രാഹുല്‍ ലോക്‌സഭ കാണില്ലായിരുന്നു. അന്ന് സെമി ഫൈനലായി ചൂണ്ടിക്കാട്ടിയിരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ നേട്ടങ്ങൾക്ക് പിന്നാലെ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ രാഹുലിനെ കേരളത്തിലെ ജനങ്ങൾ പൂർണപിന്തുണയേകി. 4,33,770 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് രാഹുൽ സ്വന്തമാക്കി. രാഹുലിന്റെ വരവോടുകൂടി മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ നില പരുങ്ങലിലായി. 2014-ൽ സി.പി.ഐയുടെ സത്യൻ മൊകേരിക്ക് ലഭിച്ച വോട്ടുകൾ നിലനിർത്തുന്നതിൽ പി.പി സുനിർ ദയനീയമായി പരാജയപ്പെട്ടു. 

ശബരിമലയടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി മണ്ഡലത്തിൽ വോട്ടുയർത്താമെന്ന് പ്രതീക്ഷിച്ച എൻ.ഡി.എയ്ക്കും വയനാട്ടിൽ കാലിടറി. രാഹുലിനെ നേരിടാൻ അന്ന് എൻ.ഡി.എ രംഗത്തിറക്കിയ തുഷാർ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച പണം പോലും നഷ്ടപ്പെടാനായിരുന്നു വിധി.

placeholder
രാഹുൽ ​ഗാന്ധി വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ | Photo: PTI

ഇന്ദിര മുതൽ സോണിയ വരെ
ഇന്ത്യൻ ജനാധിപത്യം തുറുങ്കിലടയ്ക്കപ്പെട്ട നാളുകളായിരുന്നു അടിയന്തരാവസ്ഥക്കാലം. രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യം പോലും ഹനിച്ച് ഭരണകൂടം ഉറഞ്ഞുതുള്ളിയ ആ ഇരുണ്ടകാലത്തെ ലോകരാജ്യങ്ങൾ മുതൽ സ്വന്തം പാർട്ടിയിൽപ്പെട്ടവർ വരെ വിമർശിച്ചു. അധികം വൈകിയില്ല, രണ്ട് വർഷങ്ങൾക്കിപ്പുറം ജനങ്ങൾ ബാലറ്റിലൂടെ തന്നെ ഇന്ദിരയ്ക്ക് മറുപടി നൽകി. ജനതാതരം​ഗം ആഞ്ഞടിച്ച 1977-ൽ സാക്ഷാൽ ഇന്ദിരാഗാന്ധി റായ്ബറേലിയിൽ പരാജയപ്പെട്ടു. അന്ന് രാജ്യത്തിന്റെ ഉരുക്കുവനിതയെ 55,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി രാജ് നാരായൺ മണ്ഡലം പിടിച്ചെടുത്തു. 

അപ്രതീക്ഷിത തോൽവി ഇന്ദിരയിലുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. 1980-ലെ തിരഞ്ഞെടുപ്പിൽ ലോക്സഭാ അം​ഗത്വം പണയം വച്ചൊരു സാഹസത്തിന് ഇന്ദിരയ്ക്ക് ധൈര്യമുണ്ടായിരുന്നില്ല. തുടർന്ന്, 1980-ൽ‌ രണ്ട് മണ്ഡലങ്ങളിൽ നിന്ന് അവർ ജനവിധി തേടി. റായ്ബറേലിയിൽ നിന്നും ഇപ്പോഴത്തെ തെലങ്കാനയിലെ മേദക്കിൽ നിന്നും. 1980-ൽ പക്ഷേ, രാജ് നാരായണനെത്തന്നെ തോൽപ്പിച്ച് ഇന്ദിര മണ്ഡലം തിരിച്ചുപിടിച്ചു. മേദകിൽ നിന്നും അവർ ജയിച്ചുകയറി. രണ്ട് മണ്ഡലങ്ങളിലും വിജയിച്ച് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ ഇന്ദിര പിന്നീട് മേദക് മണ്ഡലം ഉപേക്ഷിച്ച് റായ്ബറേലി നിലനിർത്തി. 

1999-ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയായിരുന്നു സോണിയാ ​ഗാന്ധി. നെഹ്രു കുടുംബത്തിന്റെ കോട്ടയായ അമേഠിക്കുപുറമെ കർണാടകയിലെ ബെല്ലാരിയിലും സോണിയ ജനവിധി തേടി. അന്നത്തെ ഡൽഹി മുഖ്യമന്ത്രി സുഷമാ സ്വരാജായിരുന്നു സോണിയയുടെ എതിരാളി. സുഷമയും സോണിയയും നേർക്കുനേർ വന്നതോടെ പോരാട്ടം കനത്തു. അണിയറയിലൊതുങ്ങിയ തിരഞ്ഞെടുപ്പ് തന്ത്രമനുസരിച്ച് മത്സരം 'ഇന്ത്യയുടെ മകളും വിദേശി മരുമകളും' തമ്മിലാണെന്ന് ബി.ജെ.പി മുദ്രാവാക്യം ഉയർത്തി. അന്ന്, 56,100 വോട്ടുകൾക്ക് സുഷമയെ പരാജയപ്പെടുത്തി സോണിയ ഡൽഹിയിലേക്ക് പറന്നു.

placeholder
സോണിയ ഗാന്ധി, സുഷമാ സ്വരാജ് (ഫയൽ ചിത്രം)

രണ്ടിലും തോറ്റ വാജ്പേയിയും അദ്വാനിയുടെ അപ്രതീക്ഷിത തടസ്സവും

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രിയാണ് അടൽ ബിഹാരി വാജ്പേയി. 1957-ലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഇങ്ങോട്ട് നിരവധി തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം ഒരേസമയം വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടിയിട്ടുണ്ട്. 1957-ൽ ഉത്തർപ്രദേശിലെ ബൽറാംപൂരിൽ നിന്നും മഥുരയിൽ നിന്നും അദ്ദേഹം മത്സരിച്ചു. മഥുരയിൽ നിന്ന് പത്ത് ശതമാനം വോട്ടുകൾ മാത്രം നേടാൻ കഴിഞ്ഞ വാജ്പേയി പക്ഷേ, ബൽറാംപുരിൽ നിന്നും അന്ന് വിജയിച്ചുകയറി. 50 ശതമാനത്തിലധികം വോട്ടുകളും അന്ന് അദ്ദേഹം സ്വന്തമാക്കി. അതേസമയം തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ജനവിധി തേടിയ വാജ്പേയിക്ക് കാലിടറി. ബൽറാംപുരിൽ നിന്നും പിന്നീട് അദ്ദേഹത്തിന്റെ കോട്ടയായി മാറിയ ലഖ്നൗവിൽ നിന്നുമായിരുന്നു വാജ്പേയി മത്സരിച്ചത്‌. നിസ്സാരമായ വോട്ടുകൾക്കായിരുന്നു 1962-ൽ ബലറാംപുരിലെ കോൺ​ഗ്രസ് സ്ഥാനാർഥി സുഭദ്ര ജോഷിയോട് അദ്ദേഹം അടിയറവ് പറഞ്ഞത്. 

പിന്നീട്, വർഷങ്ങൾക്ക് ശേഷം 1991-ലാണ് അദ്ദേഹം രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നത്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ നിന്നും മധ്യപ്രദേശിലെ വിദിഷയിൽ നിന്നും. ഇരുമണ്ഡലങ്ങളിലേയും ജനങ്ങൾ വൻ ഭൂരിപക്ഷത്തിലാണ് അന്ന് വാജ്പേയിയെ വിജയിപ്പിച്ചത്. ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വാജ്പേയി വിദിശയും സ്വന്തം മണ്ഡലമായ ലഖ്നൗവും പിടിച്ചടക്കിയത്. 50 ശതമാനത്തോളം വോട്ടും രണ്ടിടത്ത് നിന്നും അദ്ദേഹത്തിന്റെ ബാലറ്റിലെത്തി. 

1991-ൽ എൽ.കെ അദ്വാനിയും രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലും ഡൽഹിയിലും. ​ഗാന്ധിന​ഗറിൽ നിന്നും ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്വാനി വിജയിച്ചെങ്കിലും ഡൽഹിയിൽ അപ്രതീക്ഷിതമായൊരു തടസ്സം അദ്വാനിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. കോൺ​ഗ്രസ് സ്ഥാനാർഥി സൂപ്പർ സ്റ്റാർ രാജേഷ് ഖന്ന. ഡൽഹിയിലെ ഇഞ്ചോടിച്ച് പോരാട്ടത്തിൽ 1,589 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ നിന്നും അദ്വാനി ജയിച്ചുകയറിയത്. അന്നത്തെ ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമായിരുന്നു അദ്വാനി. ദേശീയതലത്തിൽ പാർട്ടിയെ നയിക്കുന്ന നേതാവ്. അന്ന് ഡൽഹിയിലെ ജനങ്ങൾ മറിച്ചൊരു ഫലം വിധിച്ചിരുന്നെങ്കിൽ അത് അദ്വാനിയുടെ മുന്നോട്ടുള്ള രാഷ്ട്രീയജീവിതത്തെ തന്നെ ബാധിച്ചേനെ. പിന്നീട്, അദ്വാനി ഒഴിഞ്ഞ ഡൽഹിയിൽ നിന്നും ഇതേ രാജേഷ് ഖന്ന വിജയിച്ചുവെന്നത് ചരിത്രം.

placeholder
എൽ.കെ അദ്വാനി, അടൽ ബിഹാരി വാജ്പേയി | Photo: PTI

മകനും കൊച്ചുമകനും വഴികാട്ടിയ മുലായം 
1999-ലും 2014-ലും സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിച്ചു. മകൻ അഖിലേഷ് യാദവിനും സഹോദരന്റെ കൊച്ചുമകൻ തേജ് പ്രതാപ് സിങ്ങിനും വഴിയൊരുക്കുകയായിരുന്നു പിന്നീട് മുലായം ചെയ്തത്. 1999-ൽ കനൗജിൽ നിന്നും സംഭാലിൽ നിന്നും മുലായം ജനവിധി തേടി. ഇരുമണ്ഡലങ്ങളിൽ നിന്നും വിജയിച്ചുകയറിയ അദ്ദേഹം പിന്നീട് കനൗജ് സീറ്റ് തന്റെ മകന് വേണ്ടി ഒഴിഞ്ഞുകൊടുത്തു. 

2014-ലും സമാനമായിരുന്നു മുലായത്തിന്റെ നീക്കം. മെയിൻപുരിയിലും അസംഗഢിലും അദ്ദേഹം മത്സരിച്ചു. വാരണാസിയിലെ മോദിയുടെ സ്ഥാനാർഥിത്വമാണ് കിഴക്കൻ യു.പിയിലും മത്സരിക്കാനുള്ള മുലായത്തിന്റെ തീരുമാനത്തിന് പിന്നിലെന്നും എസ്.പി അനുകൂലികൾ വാദിച്ചെങ്കിലും അധികം വൈകാതെ ചിത്രം തെളിഞ്ഞു. മെയിൻപുരിയിൽ നിന്നും മൂന്ന് ലക്ഷത്തിലധികം വോട്ടുകൾക്കും അസംഗഢിൽ നിന്ന് 70,000 വോട്ടുകളുടേയും ഭൂരിപക്ഷത്തിൽ വിജയിച്ച മുലായം പിന്നീട് സുരക്ഷിതമായ മെയിൻപുരി മകന് വിട്ടുനൽകുകയായിരുന്നു. 

placeholder
മുലായം സിങ് യാദവ്, അഖിലേഷ് യാദവ് | Photo: PTI

ആർ.ജെ.ഡിയുടെ മുതിർന്ന നേതാവ് ലാലു പ്രസാദ് യാദവാണ് ഒരേ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടിയിട്ടുള്ള മറ്റൊരു പ്രമുഖൻ. 1977 മുതൽ ഇങ്ങോട്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് ലാലുവിന് ആവേശമായിരുന്നു. ലോക്സഭയിലും ബിഹാറിലെ നിയമസഭയുമെല്ലാമായി അഭികാമ്യമായ അധികാരസ്ഥാനം ഉറപ്പാക്കുന്നതിൽ അദ്ദേഹം വിജയിച്ചുപോന്നു. 2004-ലേയും 2009-ലേയും ലോക്സഭാ തിര‍ഞ്ഞെടുപ്പുകളിൽ ലാലു രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചു. 

ഛപ്രയിൽ നിന്നും മധേപുരയിൽ നിന്നും 2004-ലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു. മുൻകേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയുടെ സ്വന്തം മണ്ഡലമായിരുന്ന ഛപ്രയിൽ അദ്ദേഹത്തെ മലർത്തിയടിച്ചാണ് അന്ന് ലാലു ഡൽഹിയിലേക്ക് കയറുന്നത്. മധേപുരയിലെ ജനങ്ങളും അന്ന് ലാലുവിനൊപ്പം നിന്നും. എന്നാൽ, അത്ര എളുപ്പമായിരുന്നില്ല ലാലുവിനെ സംബന്ധിച്ചിടത്തോളം 2009-ലെ കാര്യങ്ങൾ. പാടലീപുത്രയിലും സരണിലും അ​ദ്ദേഹം മത്സരിക്കാനൊരുങ്ങി. 52,500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സരണിൽ രാജീവ് പ്രതാപ് റൂഡിയെ ഒരിക്കൽക്കൂടി പരാജയപ്പെടുത്തി മുന്നോട്ട് കുതിച്ച ലാലുവിന് പക്ഷേ പാടലീപുത്രയിൽ കാലിടറി. 23,541 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മണ്ഡലം പിടിച്ചെടുത്ത ജെ.ഡി.യുവിന്റെ രഞ്ജൻ പ്രസാദ് യാദവിനോട് ആർ.ജെ.ഡി അതികായന് അടിയറവു പറയേണ്ടി വന്നു.

placeholder
ലാലു പ്രസാദ് യാദവ് | Photo:ANI

ദേവി ലാലിന്റെ അധികാരക്കൊതിയും രാജീവിനെ നേരിട്ട പുതുമുഖവും

ദേശീയ രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്നു ഹരിയാണ മുൻ മുഖ്യമന്ത്രിയായിരുന്നു ചൗധരി ദേവി ലാൽ. വി.പി സിങ്, ചന്ദ്ര ശേഖർ സർക്കാറുകളിലെ ഉപപ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. മണ്ഡൽ കമ്മീഷനും അയോധ്യയിലെ രാമജന്മഭൂമിയെല്ലാം രാജ്യത്ത് ആളിക്കത്തിയിരുന്ന കാലം. നിശബ്ദനായി കാര്യങ്ങൾ വീക്ഷിക്കുക മാത്രമായിരുന്നു അക്കാലത്ത് ദേവി ലാൽ ചെയ്തത്. അധികാരം കൈയടക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു അദ്ദേഹം. എന്നാൽ, മകനുവേണ്ടിയുള്ള വിലപേശലിലും രാജ്യത്ത് അപ്രതീക്ഷിതമായുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളിലും കാര്യങ്ങൾ മാറിമറഞ്ഞു. 

ഇന്ത്യൻ തിരഞ്ഞെടുപ്പുചരിത്രത്തിൽ ഒരേസമയം മൂന്നു മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടിയെന്ന പ്രത്യേകതയുമുണ്ട് ദേവി ലാലിന്. രാജ്യത്ത് കോൺ​ഗ്രസ് ഇതര ശക്തികൾ ഒന്നിച്ച് പ്രവർത്തിക്കുന്ന കാലമാണത്. ഇന്ത്യയിലുടനീളം വലിയ പിന്തുണയുണ്ടായിരുന്ന പ്രതിപക്ഷ ഐക്യത്തിൻ്റെ പ്രധാനികളിലൊരാളായിരുന്നു അന്ന് അദ്ദേഹം. തുടർന്ന്, 1989-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാണയിലെ റോത്തക്കിൽ നിന്നും രാജസ്ഥാസ്ഥാനിലെ സിക്കറിൽ നിന്നും പഞ്ചാബിലെ ഫിറോസ്പുരിൽ നിന്നും അദ്ദേഹം മത്സരിച്ചു. ഹരിയാണയിലേയും രാജസ്ഥാനിലേയും ജനങ്ങൾ ഒപ്പം നിന്നെങ്കിലും പഞ്ചാബിൽ ദേവി ലാലിന് കാലിടറി. റോത്തക്കിൽ നിന്നും വൻ ഭൂരിപക്ഷത്തിലാണ് ദേവി ലാൽ മണ്ഡലം സ്വന്തമാക്കിയത്. സിക്കറിലും 50,000-ത്തിലധികമായിരുന്നു ഭൂരിപക്ഷം. എന്നാൽ, ഫിറോസ്പുരിൽ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

അധികം വൈകാതെ തന്നെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന് കാത്തിരിക്കുന്നുണ്ടായിരുന്നു ദേവി ലാലിനെ. 1991-ലെ പൊതുതിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ റോത്തക്കിൽ നിന്നും ദേവി ലാൽ ദയനീയമായി പരാജയപ്പെട്ടു. 1989-ൽ വമ്പിച്ച ഭൂരിപക്ഷത്തിന് ജയിച്ച് മണ്ഡലത്തിലെ അതേ ജനങ്ങൾ അദ്ദേഹത്തിന്റെ അധികാരക്കൊതിക്ക് ബാലറ്റിലൂടെ മറുപടി നൽകി. 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോൺ​ഗ്രസിന്റെ ഭൂപേന്ദർ  സിങ്ങിനോട് ദേവി ലാൽ പരാജയപ്പെട്ടു.

ബോഫോഴ്സ് അഴിമതിയിൽ കലങ്ങിയിരിക്കുന്ന രാഷട്രീയ അന്തരീക്ഷത്തിനിടയിലാണ് രാജ്യം 1989-ലെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കുടുംബകോട്ടയായ അമേഠിയിൽ രാജീവ് ​ഗാന്ധി തന്നെ മത്സരിക്കുന്നു. അന്ന് രാജീവിനെ എതിരിടാൻ ഒരു പുതുമുഖവും രം​ഗത്തിറങ്ങി. പാർട്ടിയുടെ ചിഹ്നം നീല നിറത്തിലുള്ള ആന, പേര് ബഹുജൻ സമാജ് പാർട്ടി. സ്ഥാനാർഥിയുടെ പേര് കാൻഷി റാം. തോൽക്കുമെന്നുറപ്പുണ്ടായിട്ടും അന്ന് അദ്ദേ​ഹം മത്സരിച്ചു. എന്നാൽ, തന്റെ ദളിത് രാഷ്ട്രീയവും പാർട്ടിയും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇതിലും മികച്ച അവസരം ഇനി ലഭിക്കില്ലെന്ന് പൂർണബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അപ്രതീക്ഷിതമായതൊന്നും അന്ന് സംഭവിച്ചില്ല. ആറ് ശതമാനം വോട്ട്  മാത്രമാണ് അന്ന് കാൻഷി റാമിന്റെ ബാലറ്റിലെത്തിയത്. രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാജീവ് തന്നെ മണ്ഡലം നിലനിർത്തി. ഇതേ വർഷം ഈസ്റ്റ് ഡൽഹിയിൽ നിന്നും കാൻഷി റാം ജനവിധി തേടി. പത്ത് ശതമാനത്തിലധികം വോട്ട് നേടിയതൊഴിച്ചാൽ വലിയ മുന്നേറ്റമൊന്നും ഇവിടെ നിന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

placeholder
കാൻഷി റാം, മായാവതി | Photo: PTI

വിലക്കണമെന്ന് തിര. കമ്മിഷൻ, പാർലമെന്റ് തീരുമാനിക്കട്ടെയെന്ന് സുപ്രീംകോടതി
സ്ഥാനാർഥികൾ ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പൊതുഖജനാവിന് അധികഭാരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിനി ഉപാധ്യായ് സമർപ്പിച്ച പൊതുതാപര്യ ഹർജി സുപ്രീംകോടതിയിലെത്തുന്നത്‌. സ്ഥാനാർഥികൾ ഒരേ സമയം ഒരു മണ്ഡലം തിരഞ്ഞെെടുക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം വാദിച്ചെങ്കിലും സുപ്രീംകോടതി നിലപാട് മറ്റൊന്നായിരുന്നു. 1951 ലെ ജനപ്രാതിനിത്യ നിയമം 33(7) വകുപ്പ് പ്രകാരം സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കാൻ അനുവാദമുണ്ടെന്നായിരുന്നു കോടതി വിലയിരുത്തൽ. അന്തിമതീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.  

അതേസമയം, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ഒരുതലത്തിൽ ഹർജിക്കാർക്ക് അനുകൂലമായിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33 (7) ഭേദഗതി ചെയ്യണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ട് വച്ച വാദം. രണ്ടിടത്ത് നിന്നും സ്ഥാനാർഥി ജയിക്കുന്ന സാഹചര്യമുണ്ടായാൽ ഒരു മണ്ഡലത്തെ അവർ ഒഴിയണമെന്നത് അനിവാര്യതയാണ്. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയകൾ രണ്ടാമതും നടത്തുന്നതിലേക്കാണ് നയിക്കുന്നത്. ഉദ്യോ​ഗസ്ഥരെ വിന്യസിക്കുന്നത് മുതൽ പൊതുഖജനാവിന് കോടിക്കണക്കിന് രൂപയുടെ അധികബാധ്യതയാണ് വരുത്തിവയ്ക്കുന്നതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. 

placeholder
Supreme Court of India | Photo: PTI
സുപ്രീംകോടതി | Photo: PTI

2004-ലും ഇതേ ആവശ്യം കമ്മിഷൻ മുന്നോട്ടുവച്ചിരുന്നെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരുകൾ ഉത്സാഹിച്ചിരുന്നില്ല. ഒരു സ്ഥാനാർഥിക്ക് ഒരു മണ്ഡലമാണ് അഭികാമ്യമെന്ന് അന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനാർഥികളിൽ നിന്ന് ഉപതിരഞ്ഞെടുപ്പിന് ആവശ്യമായ പണം കണ്ടെത്തണം. നിയമസഭാ തിരഞ്ഞെടുപ്പാണെങ്കിൽ അ‍ഞ്ച് ലക്ഷവും ലോക്സഭാ തിരഞ്ഞെടുപ്പാണെങ്കിൽ പത്ത് ലക്ഷവും ഈടാക്കണമെന്നായിരുന്നു കമ്മിഷൻ ശുപാർശ. എന്നാൽ, ഇവയൊന്നും നടപ്പായില്ല. 

എന്നാൽ ഇത്തവണം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഖജനാവിനേൽക്കുന്ന ബാധ്യതയ്ക്കു പുറമെ ഒരു വിഷയം കൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അനീതി. തങ്ങളെ നയിക്കാൻ വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത സ്ഥാനാർഥി തങ്ങളെ ഒഴിയുന്നതിലെ അധാർമികതയും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. വിജയിച്ച സ്ഥാനാർഥി പലപ്പോഴും മണ്ഡലം ഉപേക്ഷിക്കുന്നതുവഴി രണ്ടാമതെത്തിയ സ്ഥാനാർഥി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചുകയറുന്ന സംഭവങ്ങളും രാജ്യത്തുണ്ടായിട്ടുണ്ടെന്നതും ഈ അവസരത്തിൽ നാം ഓർക്കേണ്ടതാണ്.