ഷിംല: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവെച്ച് ഹമാചല്‍ പ്രദേശില്‍ ബിജെപി തേരോട്ടം. മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും ചലച്ചിത്രതാരവുമായ കങ്കണ റണാവത്ത് വിജയത്തിലേക്കെന്നാണ് ഫലസൂചന. ബിജെപിയും കോണ്‍ഗ്രസും ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലത്തില്‍ 75000ല്‍പ്പരം വോട്ടിന്റെ ലീഡാണ് കങ്കണയ്ക്കുള്ളത്. ഹിമാചല്‍ പ്രദേശില്‍ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ മകനായ വിക്രമാദിത്യസിങ്ങിനെതിരേയാണ് കങ്കണയെ ബിജെപി രംഗത്തിറക്കിയത്. റാംപൂര്‍ രാജകുടുംബത്തിന്റെ അനന്തരാവകാശി കൂടിയാണ് വിക്രമാദിത്യ സിങ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു മാണ്ഡി.
ബിജെപിയും കോണ്‍ഗ്രസും മാറി മാറി വിജയിച്ച മണ്ഡലമാണ് മണ്ഡി. 2004ലും 2009ലും കോണ്‍ഗ്രസിനായിരുന്നു ജയം. സിറ്റിങ് എംപിയായ വീരഭദ്രസിങ്ങിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയം ആവർത്തിച്ചു. എന്നാല്‍ 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലം പിടിച്ചു. 2021ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഭ സിങ് മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. 8766 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രതിഭ സിങ്ങിന്റെ വിജയം. കോണ്‍ഗ്രസിന്റെ കരുത്ത് കൂടുതലുള്ള മണ്ഡലം സ്വന്തം പാളയത്തിലേക്ക് തിരിച്ചുപിടിക്കാനായാണ് ബോളിവുഡിൽ നിന്ന് രാഷ്ട്രീയക്കുപ്പായം അണിയിച്ച് കങ്കണയെ ബിജെപി കളത്തിലിറക്കിയത്. ബിജെപി കണക്കൂകൂട്ടല്‍ പിഴച്ചില്ലെന്നാണ് കങ്കണയുടെ വിജയസൂചനകളും വ്യക്തമാക്കുന്നത്.
നാല് ലോക്‌സഭ മണ്ഡലങ്ങളാണ് ഹിമാചല്‍ പ്രദേശിലുള്ളത്. നാല് സീറ്റുകളിലും ബിജെപി മുന്നേറ്റമാണുള്ളത്. ഹാമിര്‍പുരില്‍ സിറ്റിങ് എംപി കൂടിയായ അനുരാഗ് സിങ് താക്കൂര്‍, കംഗ്രയില്‍ രാജീവ് ഭരദ്വജ്, ഷിംലയില്‍ സിറ്റിങ് എംപി സുരേഷ് കുമാര്‍ കശ്യപ് എന്നിവരാണ് വലിയ ഭൂരിപക്ഷത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. അനുരാഗ് സിങ് താക്കൂറിന്റെ ലീഡ് നില ഒന്നര ലക്ഷം പിന്നിട്ടു. 2019 തിരഞ്ഞെടുപ്പില്‍ മണ്ഡി ഒഴികേ മൂന്ന് സീറ്റിലും ബിജെപിക്കായിരുന്നു ജയം. ഇക്കുറി കങ്കണയിലൂടെ ഈ മണ്ഡിയും ബിജെപി കൈപ്പിടിയിലാക്കി.
Content Highlights: kangana ranaut leading from mandi, bjp leads in himachal pradesh
Published: 04 Jun 2024, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented