ഷിംല:  ഹിമാചല്‍ പ്രദേശിലെ കാംഗ്ര മണ്ഡലം പിടിക്കാന്‍ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മയെ ഇറക്കി കോണ്‍ഗ്രസ്. 71-കാരനായ ശര്‍മയുടെ കന്നി ലോക്‌സഭാ മത്സരമാണ് ഇത്തവണത്തേത്. 

To advertise here,

ബി.ജെ.പിയുടെ ഡോ. രാജീവ് ഭരദ്വാജാണ് ശര്‍മയുടെ എതിരാളി. ഇദ്ദേഹത്തിന്റെയും ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പാണിത്. 1982-ല്‍ ആനന്ദ് ശര്‍മ ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും ബി.ജെ.പി. സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലാണ് ഹിമാചല്‍ പ്രദേശ് പോളിങ് ബൂത്തിലെത്തുക. 

ആകെ നാല് ലോക്‌സഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ കാംഗ്ര ഉള്‍പ്പെടെ മൂന്നിടത്തും കഴിഞ്ഞതവണ ബി.ജെ.പിയാണ് വിജയിച്ചത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനോടു ചേര്‍ന്നു നില്‍ക്കുന്ന സ്വഭാവമാണ് കാംഗ്രയുടേത്. 17 നിയമസഭാ മണ്ഡലങ്ങളാണ് കാംഗ്ര ലോക്‌സഭാ മണ്ഡലത്തിനു കീഴിലുള്ളത്. ഇതില്‍ 12 ഇടത്തും 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. 

അതേസമയം ഫെബ്രുവരിയില്‍ ധര്‍മശാല എം.എല്‍.എ. സുധീര്‍ ശര്‍മയുടെ നേതൃത്വത്തില്‍ നടന്ന കാലുമാറ്റം കോണ്‍ഗ്രസിന് ഏല്‍പിച്ച ആഘാതം ചെറുതായിരുന്നില്ല. സുധീറും മറ്റ് അഞ്ച് എം.എല്‍.എമാരും പാര്‍ട്ടി വിപ്പ് ലംഘിക്കുകയും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന് വോട്ട് ചെയ്യുകയും ചെയ്യുകയായിരുന്നു. ഇവരുടെ നീക്കം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വിയുടെ പരാജയത്തിന് കാരണമായി. ഇതിന് പിന്നാലെ ഇവര്‍ ആറുപേരെയും സ്പീക്കര്‍ അയോഗ്യരാക്കി. തുടര്‍ന്ന് സുധീര്‍ ശര്‍മ ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു. 

2004-ലാണ് കാംഗ്ര മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് അവസാനമായി വിജയിച്ചത്. 2009, 2014, 2019 തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ രാജന്‍ സുശാന്ത്, ശാന്ത കുമാര്‍, കിഷന്‍ കപൂര്‍ എന്നിവരാണ് യഥാക്രമം ലോക്‌സഭയിലെത്തിയത്.