ഷിംല: കൂറുമാറിയവർക്ക് താക്കീതായി ഹിമാചൽ പ്രദേശ് ഉപതിരഞ്ഞെടുപ്പ് ഫലം. ധർമശാല, സുജൻപുർ, ലാഹോൾ-സ്പിതി, ബർസാർ, ഗാഗ്രത്, കുതെഹ്‌ളാർ എന്നീ മണ്ഡലങ്ങളിൽ നാലെണ്ണവും കോൺ​ഗ്രസിനൊപ്പം നിന്നു. ധർമശാലയിലും ബൻസാറിലും ബി.ജെ.പി വിജയിച്ചു. ജനവിധി സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് നിലവിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്നുള്ള താത്ക്കാലിക ആശ്വാസമാണ്.

To advertise here,

ലാഹോൾ-സ്പിതിയിൽ നിന്നും കോൺഗ്രസിന്റെ അനുരാധ രാണ 1960 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മണ്ഡലം സ്വന്തമാക്കി. കോൺ​ഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ രവി ഠാക്കൂർ ഇവിടെ മൂന്നാം സ്ഥാനത്താണ്. സുജൻപുരിൽ നിന്ന് കോൺ​ഗ്രസിന്റെ ക്യാപ്റ്റൻ രഞ്ജിത്ത് സിങ് 2440 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ രജിന്ദർ റാണയെ പരാജയപ്പെടുത്തി. കോൺ​ഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറി സർക്കാരിനെ അസ്ഥിരമാക്കിയ സംഘത്തിലെ നേതൃനിരയിലെ നേതാവായിരുന്നു രജിന്ദർ റാണ. 

ഗാഗ്രതിൽ 8487 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോൺ​ഗ്രസ് സ്ഥാനാർഥി രാകേഷ് കാലിയ ബി.ജെ.പി സ്ഥാനാർഥി ചേതന്യ ശർമയെ പരാജയപ്പെടുത്തി. കോൺ​ഗ്രസ് വിട്ടെത്തിയ ദേവീന്ദർ കുമാർ ഭൂട്ടോയ്ക്കും അടിപതറി. 5356 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോൺ​ഗ്രസിന്റെ വിവേക് ശർമയോടൊപ്പം മണ്ഡലം നിന്നു.

ധർമശാലയും ബർസാറുമാണ് ബി.ജെ.പിക്കൊപ്പം നിന്ന മണ്ഡലങ്ങൾ. 5526 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ സുധീർ ശർമ ധർമശാലയിൽ നിന്നും വിജയിച്ചു. 2125 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇന്ദർ ദത്ത് ലഖൻപാലിന്റെ വിജയം. കോൺ​ഗ്രസിന്റെ സുഭാഷ് ചന്ദായിരുന്നു ഇന്ദറിന്റെ എതിരാളി. 

സംസ്ഥാന ഭരണം നിലനിർത്താനുള്ള ഞാണിൻമേൽകളിയിലാണ് കോൺഗ്രസ്. ചൊവ്വാഴ്ചത്തെ ഫലം ബി.ജെ.പിക്ക് അനുകൂലമാകുന്ന സാഹചര്യമുണ്ടായാൽ സർക്കാർ വീഴുന്നത് ഒഴിവാക്കാനുള്ള നിർണായകനീക്കമായിരുന്നു ബി.ജെ.പിക്കൊപ്പം നിന്ന സ്വതന്ത്രരുടെ രാജി തിങ്കളാഴ്ച സ്വീകരിച്ചത്. ഇതോടെ, മുഴുൻ സീറ്റുകൾ ബി.ജെ.പി നേടിയാലും 34 സീറ്റുകളുടെ വ്യക്തമായ ആധിപത്യത്തോടെ കോൺ​ഗ്രസിന് തന്നെ തുടരാനാകുമായിരുന്നു. 

ഹാമിർപുർ മണ്ഡലത്തിൽനിന്നുള്ള ആശിഷ് ശർമ, ദെഹ്റയിൽനിന്നുള്ള ഹോഷിയാർ സിങ്, നലാഗറിലെ കെ.എൽ. ഠാക്കൂർ എന്നിവരുടെ രാജിയാണ് തിങ്കളാഴ്ച സ്പീക്കർ കുൽദീപ് സിങ് പതാനിയ സ്വീകരിച്ചത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു തങ്ങളുടെ കുടുംബങ്ങളെ ലക്ഷ്യമിട്ട് കള്ളക്കേസുകളുണ്ടാക്കുന്നുവെന്ന ആരോപിച്ച് 2024 മാർച്ചിൽ തന്നെ ഇവർ നിയമസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയിരുന്നു.

ഹിമാചലിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി നടന്ന  രാജ്യസഭാതിരഞ്ഞെടുപ്പോടെയാണ് പ്രതിസന്ധി നേരിടാൻ തുടങ്ങിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഹിമാചലിൽ എം.എൽ.എമാർ കാലുവാരി ബിജെപിക്കൊപ്പം ചേർന്നതോടെ സംസ്ഥാനത്ത്  ജയമുറപ്പിച്ചിരുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് മനു അഭിഷേക് സിംഘ്‌വി അപ്രതീക്ഷിതമായി തോറ്റു. ഇതോടെ, സംസ്ഥാനത്ത് കോൺഗ്രസിനൊപ്പം തന്നെ ബി.ജെ.പിക്കും തുല്യ എംഎല്‍എമാര്‍ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. ബജറ്റ് സമ്മേളനത്തിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎൽഎമാരെ ഹിമാചൽ സ്പീക്കർ അയോഗ്യരാക്കുക കൂടി ചെയ്തതോടെ ഉപതിരഞ്ഞെടുപ്പിനുള്ള വഴി തെളിഞ്ഞു.

മുതിർന്നനേതാവ് ആനന്ദ് ശർമയെ പിന്തുണയ്ക്കുന്നവരും പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്ങിനെ പിന്തുണയ്ക്കുന്നവരുമായിരുന്നു ഹിമാചലിലെ വിമത നീക്കത്തിന് പിന്നിൽ. 68 അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരാണുണ്ടായിരുന്നത്. മൂന്ന് സ്വതന്ത്രരും സർക്കാരിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 25 എംഎൽഎമാർ മാത്രമാണുണ്ടായിരുന്നത്. കോൺഗ്രസിന്റെ ആറ് എം.എൽ.എ.മാരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ സിംഘ്‌വിക്കും എതിർസ്ഥാനാർഥി ഹർഷ് മഹാജനും 34 വോട്ടുകൾ ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലാണ് ഹർഷ് മഹാജൻ വിജയിയായത്.