ഹിസാര്‍: ഹരിയാണയില്‍ കൗതുകവും വീറും ഒരുപോലെ പ്രകടമായ മണ്ഡലമാണ് ഹിസാര്‍. മുന്‍ ഹരിയാണ മുഖ്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന ചൗധരി ദേവിലാലിന്റെ കുടുംബാംഗങ്ങളാണ് സ്ഥാനാര്‍ഥികള്‍. ഭരണവിരുദ്ധവികാരം ശക്തമായി പ്രതിഫലിക്കുന്ന മണ്ഡലംകൂടിയാണ് ഇത്തവണ ഹിസാര്‍.

To advertise here,

ചൗധരി ദേവിലാലിന്റെ മൂന്നാമത്തെമകന്‍ രഞ്ജിത് ചൗട്ടാലയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. നിയമസഭാ തിരഞ്ഞടുപ്പില്‍ സിര്‍സയിലെ റാണിയ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ഇദ്ദേഹം ജയിച്ചത്. തിരഞ്ഞെടുപ്പിനോടടുപ്പിച്ച് ബി.ജെ.പി.യിലേക്ക് ചേക്കേറി. ഉടന്‍ സ്ഥാനാര്‍ഥിയുമായി.

ദേവിലാലിന്റെ മൂത്തമകന്‍ ഓംപ്രകാശ് ചൗട്ടാലയുടെ മരുമകള്‍ നൈന സിങ് ചൗട്ടാലയാണ് ജെ.ജെ.പി.യുടെ സ്ഥാനാര്‍ഥി. മുന്‍ ഉപമുഖ്യമന്ത്രിയും ജെ.ജെ.പി. എം.എല്‍.എ.യായ ദുഷ്യന്ത് ചൗട്ടാലയുടെ അമ്മ. ചൗട്ടാല കുടുംബത്തില്‍നിന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആദ്യത്തെ വനിതകൂടിയാണവര്‍. സുനൈന ചൗട്ടാലയാണ് ഐ.എന്‍.എല്‍.ഡി. സ്ഥാനാര്‍ഥി. ഓംപ്രകാശ് ചൗട്ടാലയുടെ സഹോദരന്‍ രവി ചൗട്ടാലയുടെ ഭാര്യ. ഹരിയാണയിലെ ഭരണപക്ഷ പാര്‍ട്ടികളായിരുന്നു ബി.ജെ.പി.യും ജെ.ജെ.പി.യും. ഈയടുത്താണ് വേര്‍പിരിഞ്ഞത്. ഇരുപാര്‍ട്ടികള്‍ക്കുമെതിരായ ഭരണവിരുദ്ധവികാരം വോട്ടാക്കാനാണ് ഐ.എന്‍.എല്‍.ഡി. സ്ഥാനാര്‍ഥി സുനൈന ചൗട്ടാല ശ്രമിക്കുന്നത്.

ദേവിലാല്‍ കുടുംബത്തിലെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കെതിരേയും മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഹിസാറില്‍നിന്ന് മൂന്നുതവണ ലോക്സഭാംഗവുമായ ജയ് പ്രകാശ് വോട്ടുതേടുന്നത്.

കര്‍ഷകസമരത്തിന്റെ ചൂട്

ഹരിയാണയില്‍ പ്രചാരണത്തിനെത്തുന്ന മറ്റെല്ലാ ബി.ജെ.പി. നേതാക്കളെയുംപോലെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ടുതേടുകയാണ് രഞ്ജിത് ചൗട്ടാലയും. ഹരിയാണയില്‍ പ്രചാരണത്തിനെത്തിയ ബി.ജെ.പി. സ്ഥാനാര്‍ഥികളെ ജാട്ടുകാരായ കര്‍ഷകര്‍ വിവിധയിടങ്ങളില്‍ തടഞ്ഞ് ചോദ്യംചെയ്തിരുന്നു. രഞ്ജിത് ചൗട്ടാലയും കര്‍ഷകരുടെ പ്രതിഷേധച്ചൂട് ഏറ്റുവാങ്ങി. പ്രതിഷേധം ശക്തമായസ്ഥലങ്ങളില്‍ വേദി ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നിരുന്നു.