ഹരിയാണയുടെ രാഷ്ട്രീയതലസ്ഥാനമനായ റോഹ്തകിൽ ഇത്തവണ കോൺഗ്രസ് കളംപിടിക്കുമെന്ന പ്രതീതി ഇതിനോടകം പ്രകടമായിക്കഴിഞ്ഞു.

To advertise here,

കോൺഗ്രസ് ആസ്ഥാനത്തെ പ്രവർത്തകരും നല്ലൊരു മത്സരത്തിനായുള്ള ആവേശത്തിലാണ്. റോഹ്തകിലെ കോൺഗ്രസിന്റെ താരസ്ഥാനാർഥിയാണ് നിലവിൽ രാജ്യസഭാ എം.പി.യായ ദീപേന്ദർ സിങ് ഹൂഡ. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ റോഹ്തകിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥി അരവിന്ദ് കുമാർ ശർമയുമായി മത്സരിച്ച് 7503 വോട്ടുകളുടെ വ്യത്യാസത്തിന് പരാജയപ്പെട്ടെങ്കിലും ഇരട്ടി ആത്മവിശ്വാസത്തോടെയാണ് ഹൂഡ ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഹരിയാണയിലെ ബി.ജെ.പി.വിരുദ്ധവികാരം ശക്തമായി പ്രതിഫലിക്കുന്ന മണ്ഡലമാണ് റോഹ്തക്.

കർഷകരുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ബി.ജെ.പി. സർക്കാർ കൈക്കൊണ്ട നടപടികൾ ഹരിയാണയിലെ ജനങ്ങളെ ബി.ജെ.പി.ക്ക് എതിരാക്കി. ബി.ജെ.പി.യുടെ സിറ്റിങ് എം.പി.മാർ സംസ്ഥാനത്തിനായി കാര്യമായൊന്നും ചെയ്തില്ലെന്നും ജനങ്ങൾ വിശ്വസിക്കുന്നു. കോൺഗ്രസിന്റെ ആത്മവിശ്വാസത്തെ ബി.ജെ.പി. നേതാക്കളും ഭയക്കുന്നെന്ന് ഏറക്കുറെ വ്യക്തമാണ്.

ബി.ജെ.പി.ക്ക് ശ്രമകരമായ മണ്ഡലമാണെന്ന് റോഹ്തകിലെ ബി.ജെ.പി. നേതാക്കളും പറയാതെ പറയുന്നുണ്ട്. ബി.ജെ.പി.ക്കുനേരേ ഭരണവിരുദ്ധവികാരമുണ്ടെന്ന് സമ്മതിക്കാൻ തയ്യാറാകാത്ത നേതാക്കൾ കർഷകരുടെയും ജാട്ടുകളുടെയും പിന്തുണ ഉൾപ്പെടെ തങ്ങൾക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ജെ.ജെ.പി. കൂറുമാറിയതും പാർട്ടിയിലെ മുതിർന്ന നേതാവ് അനിൽ വിജിന്റെ നിലപാടുമാറ്റവുമൊന്നും തിരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് റോഹ്തകിലെ ബി.ജെ.പി. സ്ഥാനാർഥി അരവിന്ദ് കുമാർ ശർമയുടെ രാഷ്ട്രീയകാര്യസെക്രട്ടറിയും മറ്റ് പ്രാദേശികനേതാക്കളും പറയുന്നത്. ജാട്ട് സമുദായക്കാരുടെയും ഹൂഡ കുടുംബത്തിന്റെയും സ്വാധീനം മറികടന്ന് താമര വിരിയിക്കാനായാൽ ബി.ജെ.പി.ക്ക് അത് എക്കാലത്തെയും വലിയ നേട്ടമാകുമെന്നതിൽ തർക്കമില്ല.