ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കുറിച്ച് വിചിത്രമായ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന് മോദി പറഞ്ഞു. ഹിന്ദി വാര്‍ത്താ ചാനലായ എ.ബി.പി. ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിചിത്രമായ പരാമര്‍ശം നടത്തിയത്. 

To advertise here,

'മഹാത്മാഗാന്ധി ഒരു മഹാത്മാവായിരുന്നു. അദ്ദേഹത്തെ കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? അദ്ദേഹത്തെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. എന്നോട് ക്ഷമിക്കണം. പക്ഷേ, മഹാത്മാഗാന്ധിയെ കുറിച്ച് ആദ്യമായി ലോകത്തിന് ആകാംക്ഷയുണ്ടായത് 'ഗാന്ധി' എന്ന സിനിമ പുറത്തിറങ്ങിയപ്പോഴാണ്. അത് നമ്മളല്ല ചെയ്തത്.' -അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞു. 

'ലോകത്തിന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേയും നെല്‍സണ്‍ മണ്ടേലയേയുമെല്ലാം അറിയാമെങ്കില്‍, മഹാത്മാഗാന്ധി അവരേക്കാള്‍ ഒട്ടും ചെറുതല്ല. ഇത് നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. ലോകമാകെ സഞ്ചരിച്ചതിനുശേഷമാണ് ഞാനിത് പറയുന്നത്.' -മോദി തുടര്‍ന്നു. 

എ.ബി.പി. ന്യൂസ് അഭിമുഖത്തിന്റെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മോദി മഹാത്മാഗാന്ധിയുടെ പാരമ്പര്യത്തെ തകര്‍ക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് എക്സില്‍ കുറിച്ചു. 

1982-ന് മുമ്പ് മഹാത്മാഗാന്ധിയെ അറിയാതിരുന്ന ഒരു ലോകത്താണ് സ്ഥാനമൊഴിയാന്‍ പോകുന്ന നമ്മുടെ പ്രധാനമന്ത്രി ജീവിക്കുന്നത്. ഗാന്ധിജിയുടെ പാരമ്പര്യം ആരെങ്കിലും തകര്‍ത്തിട്ടുണ്ടെങ്കില്‍ അത് സ്ഥാനമൊഴിയാന്‍ പോകുന്ന പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാരാണ് വാരാണസിയിലും ഡല്‍ഹിയിലും അഹമ്മദാബാദിലുമുള്ള ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ നശിപ്പിച്ചത്.' -ജയ്റാം രമേശ് കുറിച്ചു. 

'ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് മഹാത്മാഗാന്ധിയുടെ ദേശീയത അറിയില്ല. അതാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ മുഖമുദ്ര. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം വിനായക് ഗോഡ്സേയെ കൊണ്ട് മഹാത്മാഗാന്ധിയെ കൊല്ലിച്ചത്.' -ജയ്റാം രമേശ് തുടര്‍ന്നു.  

ഗാന്ധിയുടെ ഭക്തരും ഗോഡ്സേയുടെ ഭക്തരും തമ്മിലുള്ള പോരാട്ടമാണ് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പെന്നും ജയ്റാം രമേശ് പറഞ്ഞു. 'സ്ഥാനമൊഴിയാന്‍ പോകുന്ന പ്രധാനമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഗോഡ്സേ ഭക്തരായ സഹപ്രവര്‍ത്തകരുടേയും പരാജയം സുനിശ്ചിതമാണെന്നും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.