വടകര:  കച്ചകെട്ടി ഇറങ്ങിയതു മുതല്‍ കടത്തനാടന്‍ കളരി വിശ്രമം എന്തെന്നറിഞ്ഞിട്ടില്ല. അങ്കക്കലി അതിന്റെ പാരമ്യത്തിലാണ് വടകരയില്‍. പോരാട്ടം കൊഴുപ്പിക്കാന്‍ മൂന്നുമുന്നണികള്‍ക്കുമായി തെരുവിലിറങ്ങുന്നത് ആയിരക്കണക്കിനു പ്രവര്‍ത്തകര്‍. ബോംബ് സ്‌ഫോടനം മുതല്‍ വ്യാജ സൈബര്‍ പ്രചാരണങ്ങള്‍വരെ കത്തുന്ന വിവാദങ്ങളായി നിറയുമ്പോള്‍ ഒരു കാര്യം ഉറപ്പ്, ഇവിടത്തെ അങ്കം ഇനിയും തീപാറും.

To advertise here,

ഹൃദയങ്ങള്‍ കീഴടക്കുന്ന ഷാഫി

''രാജ്യത്തിന്റെ ഭാവിനിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്നത് വടകരക്കാര്‍ക്കറിയാം... ഇത്രയേറെ രാഷ്ട്രീയജാഗ്രത കാണിക്കുന്ന സ്ഥലം വേറെയില്ല... എനിക്ക് ആത്മവിശ്വാസമുണ്ട്..'' വടകരയുടെ രാഷ്ട്രീയ അവബോധത്തിലേക്ക് ചൂണ്ടയെറിഞ്ഞാണ് ഷാഫി ഹൃദയങ്ങള്‍ കീഴടക്കുന്നത്.

അപ്രതീക്ഷിതമായി വടകരയില്‍ സ്ഥാനാര്‍ഥിയായതാണ് ഷാഫി. ആവേശപൂര്‍വം ഷാഫിയെ യു.ഡി.എഫ്. നെഞ്ചേറ്റി. ഷാഫി പോകുന്നിടത്തെല്ലാം അര്‍ധരാത്രിപോലും വലിയ ജനക്കൂട്ടമുണ്ട്. വഴിനീളെ കാത്തിരിക്കുന്നവരെ കണ്ടും കുശലം പറഞ്ഞും കൈമുട്ടിച്ചും സ്‌നേഹംപങ്കിടുന്ന ഷാഫി പ്രചാരണത്തില്‍ ഹൃദ്യമായൊരു ശൈലിയാണ് സ്വീകരിക്കുന്നത്.

ചിരപരിചിതയായ ടീച്ചറമ്മ

യു.ഡി.എഫിനും എത്രയോമുമ്പേ വോട്ടര്‍മാരുടെ ഹൃദയത്തിലേക്ക് പറന്നിറങ്ങിയിട്ടുണ്ട് ടീച്ചറമ്മ എന്ന കെ.കെ. ശൈലജ. ഇപ്പോള്‍ മൂന്നാംഘട്ട പര്യടനത്തിലാണ് ശൈലജ. യു.ഡി.എഫിനെക്കാള്‍ ഏറെമുന്നില്‍. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഇതിനകം എത്തി. ഓരോ സ്വീകരണകേന്ദ്രങ്ങളിലുമെത്തുന്നത് വലിയ ജനക്കൂട്ടം. അവര്‍ക്കിടയിലേക്ക് ചിരിച്ചുകൊണ്ട്, കരുതലിന്റെ കരസ്പര്‍ശമേകി ടീച്ചറെത്തുമ്പോള്‍ ചിരപരിചിതയായ ആരോ ആണെന്ന തോന്നലാണ് വോട്ടര്‍മാര്‍ക്ക്. സ്ഥാനാര്‍ഥിയുടെ ഈ വ്യക്തിപ്രഭാവമാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. വടകരയില്‍ എല്ലാ കാലത്തും വിധിനിര്‍ണയിച്ചത് നിഷ്പക്ഷ വോട്ടുകളാണ്.

പ്രസരിപ്പോടെ പ്രഫുല്‍

യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍, അതിലുപരി നാട്ടുകാരന്‍... എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ വടകരപ്പോരിന്റെ ഭാഗമാകുന്നത് ഈ വിശേഷണങ്ങളുമായാണ്. വടകരയിലെ ആയഞ്ചേരി കടമേരി സ്വദേശിയാണ് പ്രഫുല്‍. വടകര എസ്.ജി.എം.എസ്.ബി. സ്‌കൂളിലെ അധ്യാപകന്‍. മറ്റു സ്ഥാനാര്‍ഥികളെ അപേക്ഷിച്ച്, മണ്ഡലത്തില്‍ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ധാരാളം. വോട്ടുവിഹിതം കൂട്ടാനല്ല, ജയിക്കാന്‍ തന്നെയാണെന്ന പ്രഖ്യാപനവുമായാണ് ബി.ജെ.പി. മണ്ഡലത്തില്‍ നിറയുന്നത്. ഇതിനു കൂട്ടുപിടിക്കുന്നതാകട്ടെ മോദിസര്‍ക്കാരിന്റെ വികസനനേട്ടങ്ങളെ. ബി.ജെ.പി. പിടിക്കുന്ന വോട്ടുകള്‍ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ജയപരാജയങ്ങളെ സ്വാധീനിക്കും.

വിവാദങ്ങള്‍ ആര്‍ക്ക് ഗുണം ചെയ്യും

വടകരയില്‍ 2012-നുശേഷമുള്ള തിരഞ്ഞെടുപ്പിലെല്ലാം ടി.പി. ചന്ദ്രശേഖരന്‍വധം പ്രധാന പ്രചാരണവിഷയമാണ്. ടി.പി. കേസില്‍ ഹൈക്കോടതിവിധി വന്നതോടെ ടി.പി. വധം വീണ്ടും ചര്‍ച്ചയായെങ്കിലും യു.ഡി.എഫും ആര്‍.എം.പി.ഐ.യും കൊളുത്തിയ ആ ചൂണ്ടയില്‍ കൊത്താതെ എല്‍.ഡി.എഫ്. ഒഴിഞ്ഞുമാറി.

പക്ഷേ, പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ചതോടെ പ്രതിരോധം പാളി. യു.ഡി.എഫ്. ബോംബുരാഷ്ട്രീയം പ്രധാന വിഷയമാക്കി. പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വിശദീകരിച്ച് ഒഴിയുകയാണ് സി.പി.എം.

ഇതിനിടെയാണ് യു.ഡി.എഫ്. വനിതാറാലിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരേ ഉയര്‍ന്ന ഒരു മുദ്രാവാക്യം എല്‍.ഡി.എഫ്. പ്രചാരണായുധമാക്കിയത്.

ഈ വിവാദത്തില്‍ പി. ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്, സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപവുമായി യു.ഡി.എഫും രംഗത്തെത്തി.

ഇതിനിടെ, സൈബര്‍ പ്രചാരണത്തിലൂടെ യു.ഡി.എഫ്. തന്നെ വ്യക്തിഹത്യ ചെയ്യുന്നെന്ന ആരോപണവുമായി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയുമെത്തി. വികാരഭരിതയായി പ്രതികരിച്ച ശൈലജ ആരോപണം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫിക്കുനേരേ എയ്തുവിട്ടു. ശൈലജയ്‌ക്കെതിരേ മോശം പ്രചാരണം നടത്തിയാല്‍ തനിക്ക് എന്തു നേട്ടമെന്നാണ് ഷാഫിയുടെ ചോദ്യം. വടകരയിലെ 35 ശതമാനം ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമാണ്. ഇത് നേടാന്‍ സി.എ.എ. ഉള്‍പ്പെടെയുള്ള വിഷയങ്ങളും പ്രചാരണായുധമാക്കുന്നുണ്ട്. പ്രവാസികളാണ് മണ്ഡലത്തിലെ മറ്റൊരു വോട്ടുബാങ്ക്. 1.36 ലക്ഷം പുതിയ വോട്ടര്‍മാര്‍ ആര്‍ക്കൊപ്പമെന്നതും നിര്‍ണായകമാകും