
വടകര: പാനൂരിലെ ബോംബ് സ്ഫോടനം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് സി.പി.എം. നേതൃത്വം വ്യക്തമാക്കണമെന്ന് വടകര മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് കയ്യിലിരുന്ന് പൊട്ടിയിട്ടില്ലായിരുന്നുവെങ്കിൽ ആർക്കെതിരെ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും വാർത്താ സമ്മേളനത്തിൽ ഷാഫി ചോദിച്ചു.
'ബോംബ് നിർമ്മാണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമുണ്ട്. സ്ഥാനാർഥിയോട് ചേർന്ന് നിൽക്കാൻ പ്രതികൾക്ക് എങ്ങനെ സാധിച്ചു? നാടിന്റെ സമാധാനം കെടുത്തരുത്. കേരള പൊലീസ് അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്തു വരില്ല. സി.പി.എം. ആക്രമണത്തിന് കോപ്പുകൂട്ടുന്നു. വടകര അടക്കമുള്ള ഇടങ്ങളിൽ വ്യാപക ബോംബ് ശേഖരണം നടക്കുന്നുണ്ട്. പരിശോധന നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം.' -ഷാഫി ആവശ്യപ്പെട്ടു. മണ്ഡലത്തിൽ ഇരട്ട വോട്ട് വ്യാപകമാണെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പാനൂർ സ്ഫോടനത്തിൽ പാർട്ടിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ച് സി.പി.എം. രംഗത്തെത്തി. പാനൂർ സ്ഫോടനം തീർത്തും അപ്രതീക്ഷിതമാണെന്നും സംഘർഷങ്ങൾ ഇല്ലാത്ത സ്ഥലത്താണ് സ്ഫോടനം ഉണ്ടായതെന്നും മുതിർന്ന സി.പി.എം. നേതാവ് ടി.പി രാമകൃഷ്ണൻ പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് സി.പി.എം. പാനൂർ ഏരിയാ കമ്മിറ്റി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പാർട്ടിക്ക് ബന്ധമോ ഉത്തരവാദിത്തമോ ഇല്ല. പാർട്ടി അകറ്റി നിർത്തിയവരാണ് സ്ഫോടനത്തിൽ അകപ്പെട്ടത്. ഇത് സി.പി.എമ്മിൻ്റെ തലയിൽ കെട്ടി വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിന്റെ വാർത്താസമ്മേളനത്തിനെതിരെയും ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. യു.ഡി.എഫ്. സ്ഥാനാർത്ഥി നടത്തിയ പത്രസമ്മേളനം ഭയം പരത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രചാരണത്തിൽ സ്ഥാനാർത്ഥി മുന്നോട്ട് വരരുതായിരുന്നു. കോൺഗ്രസ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഉചിതമല്ല. ഭിന്നിപ്പിച്ച് വോട്ടുണ്ടാക്കാനാണ് ശ്രമം. പോലീസ് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. ജനങ്ങൾ സമാധനപരമായ നിലപാട് സ്വീകരിക്കണം. ഇതിൻ്റെ അലയൊലികൾ വടകരയിൽ ഉണ്ടാവരുതെന്നും രാമകൃഷ്ണൻ പറഞ്ഞു.
'സ്ഫോടനത്തിൽ പരിക്ക് പറ്റിയവർ നേരത്തെ പാർട്ടിക്കെതിരെയും അക്രമണം നടത്തിയവരാണ്. പാർട്ടിയിൽ അംഗത്വം ഇല്ലാത്തവരാണ് അവർ. സ്ഫോടനത്തിൽ ഉൾപ്പെട്ടവർ നേരത്തെ പാർട്ടിയുമായി സഹകരിച്ചിരുന്നു. എന്നാൽ പാർട്ടിക്ക് യോജിക്കാത്ത പ്രവർത്തനം നടത്തിയതിനാൽ അകറ്റി നിർത്തി. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുമായി അവർക്ക് ബന്ധം ഇല്ല. യുഡി എഫ് പ്രവർത്തകർ പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു.' -ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് വിശദീകരണവുമായി വടകരയിലെ സി.പി.എം. സ്ഥാനാർഥി കെ.കെ. ശൈലജയും രംഗത്തെത്തി. പല പരിപാടികളിലും പലരും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ടെന്ന് ശൈലജ പറഞ്ഞു. പാർട്ടിക്കുo തനിക്കും പ്രതികളുമായി ബന്ധമില്ല. അവർക്ക് സി.പി.എമ്മിനേക്കാൾ മറ്റ് പലരുമായുമാണ് ബന്ധം. അത് എന്തെന്ന് താൻ ഇപ്പോൾ പറയുന്നില്ല. യു.ഡി.എഫിന് മറ്റൊന്നും പറയാൻ ഇല്ലെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.
Content Highlights: Shafi Parambil attacks CPM on Panoor bomb blast, CPM retaliates.
Published: 05 Apr 2024, 06:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented