തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അവിശ്വാസം പ്രകടിപ്പിച്ച തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് മറുപടിയുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ ഗാന്ധി ഒരു ജിമ്മും ശശി തരൂര്‍ ഇംഗ്ലീഷ് ട്രെയിന്ങ് ഇന്‍സ്റ്റിറ്റ്യൂട്ടും തുടങ്ങണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പരിഹാസം.

To advertise here,

'രാഹുല്‍ ഗാന്ധി ഒരു ജിം തുടങ്ങണം. ശശി തരൂര്‍ ഒരു ഇംഗ്ലീഷ് പരിശീലന കേന്ദ്രവും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍, ഭാഷാ
പരിജ്ഞാനം ഉള്ളവരും വാചാലമായി സംസാരിക്കാന്‍ കഴിയുന്നതുമായ നിരവധി ആളുകള്‍ ഉണ്ട്. അവര്‍ക്ക് ഈ തിരഞ്ഞെടുപ്പ് പുതിയ ജോലി സാധ്യതകള്‍ തുറക്കുമെന്നാണ് ഞാന്‍ കരുതുന്നത്', രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

തങ്ങളെ സേവിക്കുന്ന, ജീവിത നിലവാരം ഉയര്‍ത്തുന്ന രാഷ്ട്രീയനേതാക്കളെയാണ് ജനങ്ങള്‍ക്ക് ആവശ്യം. എന്നാല്‍, രാഹുല്‍ ഗാന്ധിക്കോ മറ്റു നേതാക്കള്‍ക്കോ ഈ യോഗ്യതകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്ക് തുടര്‍ഭരണം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ പരിഹാസ്യമാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 'എക്‌സിറ്റ് പോളുകളെ ഞങ്ങള്‍ അവിശ്വാസത്തോടെയാണ് കാണുന്നത്. രാജ്യത്തുടനീളം പ്രചാരണം നടത്തിയവരാണ് ഞങ്ങള്‍. ജനങ്ങളുടെ പള്‍സ് എന്താണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്', എന്നായിരുന്ന എ.എന്‍.ഐയോട് തരൂരിന്റെ പ്രതികരണം.