തിരുവനന്തപുരത്തുനിന്ന്തുടര്‍ച്ചയായി മൂന്നുതവണ തുടര്‍ച്ചയായി പാര്‍ലമെന്റിലെത്തിയ ശശിതരൂരിനെ ഇവിടത്തെ വോട്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി എടുത്തുയര്‍ത്തുമോ എന്നതാണ് അറിയേണ്ടത്. വാര്‍ത്തകളുടെ വിശദവായനയ്ക്ക്മാതൃഭൂമി ഇലക്ഷന്‍ സ്പെഷല്‍ ഇ പേപ്പര്‍വായിക്കുക.

To advertise here,

നീളന്‍വാക്കുകള്‍കൊണ്ട് അമ്മാനമാടുന്ന ശശി തരൂര്‍ അത്തരം വാക്കുകള്‍ പരിചയപ്പെടുത്താന്‍ എഴുതിയ പുസ്തകത്തിന് പേരിട്ടത് 'തരൂരൊസോറസ് എന്നാണ്. ഏതോ ദിനോസറിന്റെ പേരാണെന്നുതോന്നും. നീളന്‍വാക്കുകള്‍ ഇഷ്ടപ്പെടുന്ന വംശനാശം വന്നുകൊണ്ടിരിക്കുന്ന പുരാതനജീവിയായി അദ്ദേഹം തന്നെത്തന്നെ സങ്കല്‍പിച്ചിട്ടുണ്ടാവാം. മോദിഭരണത്തെ കളിയാക്കാന്‍ തരൂര്‍ പ്രചരിപ്പിച്ചതാണ് 'ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍' എന്ന വാക്ക്. കഴമ്പില്ലാത്തത് എന്ന് ലളിതമായി അര്‍ഥം പറയാം. 2019-ല്‍ തരൂരിന്റെ പ്രചാരണത്തെയും ഇങ്ങനെ കളിയാക്കിയവരുണ്ട്. അന്നും പാര്‍ട്ടിയില്‍ സൗന്ദര്യപ്പിണക്കങ്ങളുണ്ടായിരുന്നു. തരൂര്‍ പലതും പറഞ്ഞ് കുടുങ്ങുകയും ചെയ്തു. പ്രചാരണത്തിനിടെ, പിറന്നാള്‍ ദിനത്തില്‍ അമ്പലത്തിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയ്ക്ക് പരിക്കേറ്റതിനാല്‍ ഏതാനുംദിവസം വീട്ടിലിരിക്കേണ്ടിയും വന്നു. കുഴഞ്ഞുമറിഞ്ഞ് അസ്വസ്ഥതകളുടെ ഘോഷയാത്രയായിരുന്നു ആ പ്രചാരണകാലം. തരൂരിന്റ ഭാഷയില്‍ 'ഫരാഗോ'. എന്നുപറയാവുന്ന അവസ്ഥ. എന്നിട്ടും തരൂര്‍ ജയിച്ചു. ലക്ഷത്തിന് തൊട്ടടുത്ത ഭൂരിപക്ഷത്തിന്.

ഇത്തവണയും തുടങ്ങിയിട്ടുണ്ട് ഹിലിപിലിഫിക്കേഷനും ഫരാഗോയുമൊക്കെ. പരസ്പരം പരാതികള്‍ ചുരുട്ടി എറിയുകയാണ് ശശി തരൂരും ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും. രാജീവും കൂട്ടരും പണം കൊടുത്ത് വോട്ടുപടിക്കുകയാണെന്ന് തരൂര്‍. മൂന്നാംകിടരാഷ്ട്രീയം കളിക്കാതെ ആരോപണം തെളിയിക്കാന്‍ രാജീവിന്റെ വെല്ലുവിളി. പറഞ്ഞത് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ തരൂരിനെതിരേ നിയമനപടിയെന്ന് ഭീഷണി. രാജീവ് കേന്ദ്രമന്ത്രിപദം ദുരുപയോഗം ചെയ്യുകയാണെന്ന് തരൂരും ഒപ്പം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനും. തരൂര്‍ പാഴാക്കിയ വികസന വര്‍ഷങ്ങളെപ്പറ്റി സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാജീവ്. സംവാദത്തിന് തരൂര്‍ തയ്യാറാണ്. പക്ഷേ, നിബന്ധനയുണ്ട്.

വികസനത്തിനൊപ്പം രാഷ്ട്രീയം പറയണം. തൊഴിലില്ലായ്മയെക്കുറിച്ച്, അഴിമതിയെക്കുറിച്ച് , വര്‍ഗീയതയെക്കുറിച്ച്, ബി.ജെ.പി.യുടെ പത്തുവര്‍ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറയണം. നീണ്ട അജന്‍ഡയാണ് തരൂര്‍ രാജീവിനുമുന്നില്‍ വെച്ചിരിക്കുന്നത്. തരൂര്‍ ഒളിച്ചോടുകയാണെന്ന് രാജീവ്. ആരാണ് ഒളിച്ചോടുന്നതെന്ന് ജനത്തിനറിയാമെന്ന് തരൂര്‍. സംവാദം നടന്നാലും നടന്നില്ലെങ്കിലും പ്രചാരണം കൊണ്ടുപിടിച്ച് മുന്നേറുകയാണ്.

ആരാധനയുടെ ആ മാന്ത്രികവടി വീശി തരൂരിനെ തങ്ങളുടെ അഭിമാനമായി തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി എടുത്തയുര്‍ത്തുമോ എന്നതാണ് ചോദ്യം. വേനല്‍ പതിവില്ലാത്തവിധം കടുത്തതുപോലെ മത്സരവും കടുത്തിരിക്കുന്നു. ആദ്യമായാണ് തരൂര്‍ ഒരു 'ഹെവിവെയ്റ്റ്' സ്ഥാനാര്‍ഥിയെ നേരിടുന്നത്. അതിന്റെ കോലാഹലങ്ങളെല്ലാം പ്രചാരണത്തില്‍ കാണുന്നുമുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുവേണ്ടി കാടിളക്കിയാണ് ബി.ജെ.പി.യുടെ പ്രചാരണം. തൂണിലും തുരുമ്പിലുംവരെ രാജീവിന്റെ പേര് കൊത്തിക്കഴിഞ്ഞു.

എല്‍.ഡി.എഫില്‍നിന്ന് മത്സര രംഗത്തുള്ള ജനകീയനായ പന്ന്യന്‍ രവീന്ദ്രന് വോട്ടുറപ്പിക്കാന്‍ അവരും മണ്ഡലത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുന്നുണ്ട്. പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പ്രചാരണവേദിയില്‍ പ്രതീക്ഷിച്ചപോലെ ഊറ്റം പോരാ. ബി.ജെ.പി.യുടെ നിലപാടുകളെ കണിശമായാണ് യു.ഡി.എഫും എല്‍.ഡി.എഫും ചോദ്യംചെയ്യുന്നത്. ഒരിക്കല്‍ക്കൂടി നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാകുമോയെന്ന ചോദ്യം ഈ കവലയില്‍ യു.ഡി.എഫ്. ഉയര്‍ത്തും. ആ കവലയില്‍ എല്‍.ഡി.എഫും അതുതന്നെ ചോദിക്കും. അതിന് രാഷ്ട്രീയമായ മറുപടി നല്‍കുന്നതിലല്ല ബി.ജെ.പി.യുടെ ശ്രദ്ധ. പകരം വികസനപ്രശ്‌നങ്ങളും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുമാണ് അവരുടെ ആയുധം.

മണ്ഡലത്തില്‍ നിര്‍ണായകസ്വാധീനമുള്ള സി.എസ്.ഐ. സഭയുടെ മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം പരമരഹസ്യമായി നാമനിര്‍ദേശപത്രിക നല്‍കിയപ്പോള്‍ വിശ്വാസികള്‍ക്കൊപ്പം രാഷ്ട്രീയക്കാരും ഞെട്ടി. പക്ഷേ, പത്രിക തള്ളിപ്പോയി. നാടാര്‍വോട്ട് ഭിന്നിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഷെര്‍ലിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിന് പിന്നില്‍. അത് തുടക്കത്തിലേ പാളിപ്പോയെന്നുമാത്രം. സാമ്പത്തികാരോപണങ്ങളില്‍ ധര്‍മരാജ് റസാലം ഇ.ഡിയുടെ അന്വേഷണം നേരിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു സംസ്ഥാന സെക്രട്ടറിയും ഇതേ സമുദായത്തെക്കുറിച്ചുള്ള അവകാശങ്ങളോടെ മത്സരരംഗത്തുണ്ട്.

തിരുവനന്തപുരത്തെ തീരദേശത്തെ വോട്ടിന് പത്തരമാറ്റ് തിളക്കമുണ്ട്. ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പോന്നതാണ് തീരദേശത്തിന്റെ വിധിയെഴുത്ത്. അതിനാല്‍ തിരകളോട് മല്ലിടുന്നതിനെക്കാള്‍ വീറോടെയാണ് ഇവിടെ ബി.ജെ.പി. വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തിവെക്കണമെന്ന ലത്തീന്‍ അതിരൂപതയുടെ ആവശ്യത്തെ പിന്തുണയ്ക്കാത്ത തരൂരിനെ സഭ തള്ളുമെന്നായിരുന്നു പ്രതിയോഗികള്‍ തുടക്കത്തില്‍ മോഹിച്ചത്. തരൂരിനെക്കുറിച്ച് സഭ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍, ബി.ജെ.പി.യുടെ രാഷ്ട്രീയനിലപാടുകളെ സഭ പരസ്യമായി തള്ളിപ്പറഞ്ഞു. 

മുമ്പ് തരൂരിനെ പിന്തുണച്ചിരുന്ന വാണിജ്യ-വ്യവസായ രംഗത്തെയും മറ്റു മേഖലകളിലെയും മേല്‍ത്തട്ടുകാരില്‍ ഒരുവിഭാഗം പല കാരണങ്ങളാല്‍ തങ്ങളുടെ പിന്നാലെയാണെന്ന് ബി.ജെ.പി. കരുതുന്നു. ആദ്യവരവില്‍ തരൂരിനെ അവതരിപ്പിച്ച മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ ഇന്ന് രാജീവിന്റെ പ്രചാരണത്തെ ആശിര്‍വദിച്ച് മുന്നിലുണ്ട്. ഈ വിഭാഗത്തിലെ ചോര്‍ച്ച തരൂര്‍ ക്യാമ്പും മനസ്സിലാക്കുന്നുണ്ട്. എങ്കിലും തരൂര്‍ തങ്ങളുടെ എം.പി.യാണെന്ന് പറയുന്നതില്‍ അഭിമാനംകൊള്ളുന്ന ചെറുപ്പക്കാര്‍ ഒപ്പമുണ്ടെങ്കില്‍ പേടിക്കാനില്ലെന്ന് തരൂര്‍ കരുതുന്നു. വോട്ടുതേടി തിരുവനന്തപുരം വിമന്‍സ് കോളേജിലെത്തിയ തരൂരിനെ അഫ്ന നാസര്‍ എന്ന വിദ്യാര്‍ഥി ഞെട്ടിച്ചത് 182 അക്ഷരങ്ങളുള്ള വാക്കുമായാണ്. തരൂര്‍ അന്നുവരെ കേട്ടിട്ടില്ലാത്ത വാക്ക്. ഇനിയും ജയിച്ചുജയിച്ച് തന്റെ പാര്‍ലമെന്ററി ജീവിതത്തിന് നീളംകൂട്ടി ഞെട്ടിക്കാന്‍ തരൂര്‍ കൊതിക്കുമ്പോള്‍ തിരുവനന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അദ്ദേഹത്തെ ദിനോസറാക്കാനാണ് എതിരാളികള്‍ക്ക് മോഹം.