''ചേട്ടാ മധുരം കുറച്ച് കടുപ്പം കൂട്ടിയൊരു ചായ''

To advertise here,

ചായ ആടിച്ച് ഗ്ലാസിലേക്ക് പകരുന്നതിനിടെയാണ് കടയുടെ സമീപമുള്ള പോസ്റ്റര്‍ ശ്രദ്ധിച്ചത്. അതേ ആള്‍. ചായ തന്നതും പോസ്റ്ററിലുള്ളതും ഒരേ മുഖം. ചാല മോഹനന്‍ എന്ന തലസ്ഥാനവാസികള്‍ക്ക് സുപരിചിതനായ ഇദ്ദേഹവും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നുണ്ട്. 

ചായ എങ്ങനുണ്ട്?  പാകമാണോ? 

ആകാംഷയോടെയുള്ള ചോദ്യം. അതേയെന്ന് തലയാട്ടി പോസ്റ്ററിലേക്ക് നോക്കി. 

അപ്പോള്‍ മോഹനന്‍ ചേട്ടന്റെ മുഖവും അല്‍പം ഗൗരവത്തിലായി. ''അതേ ഞാനും മത്സരിക്കുന്നുണ്ട് ''

സെക്രട്ടേറിയേറ്റിന് സമീപമുള്ള ചാല മോഹനന്റെ ചായക്കടയില്‍ പതിവ് പോലെ തന്നെ, സ്ഥിരം ചായക്കാര്‍ കടയിലുണ്ട്. പക്ഷെ മോഹനന്‍ ചേട്ടന്‍ വെറുമൊരു ചായക്കടക്കാരനല്ല. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളിലൊരാളാണ്. മൂന്ന് മുന്നണികള്‍ വീറും വാശിയും പ്രകടിപ്പിച്ച് മത്സരം കൊഴുപ്പിക്കുമ്പോള്‍ ഒരു ചായക്കടക്കാരന് ഇതിലെന്ത് കാര്യമെന്ന് തോന്നാം. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ചാല മോഹനന്‍ വ്യത്യസ്തനാണ്. 

കാരണം വെറുതെ മത്സരിച്ച് കളയാമെന്ന് കരുതി കളത്തിലിറങ്ങിയ ആളല്ല മോഹനന്‍. സെക്രട്ടേറിയേറ്റ് കന്റോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ 16 വര്‍ഷമായി ചായക്കട നടത്തുന്ന ആളാണ് ഇദ്ദേഹം. മിക്ക ഉദ്യോഗസ്ഥര്‍ക്കും സുപരിചിതന്‍. മന്ത്രിമാര്‍ പോലും ചായകുടിക്കാന്‍ മോഹനന്റെ കടയിലെത്തും. കട നടത്തുന്നതിന് മുമ്പെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് 30 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ആളുകൂടിയാണ്. ഭാര്യയും മോഹനനും ചേര്‍ന്നാണ് മില്‍മ ബൂത്തിനൊപ്പം ചായക്കടയും നടത്തുന്നത്. മോഹനന്‍ ചേട്ടന്‍ തന്റെ സ്ഥാനാര്‍ഥിത്വത്തേപ്പറ്റി വാചാലനായി. 


ഇപ്പോള്‍ തിരഞ്ഞെടുപ്പ് തിരക്കൊക്കെ ആയതുകൊണ്ട് എന്നും കട തുറക്കാറില്ല. പോസ്റ്റര്‍ ഒട്ടിക്കലും വീടുകയറി വോട്ട് ചോദിക്കലുമൊക്കെ ഞാനും ഭാര്യയും ചേര്‍ന്നാണ്. ഭാര്യ നസീമ  തന്നെയാണ് എന്റെ തിരഞ്ഞെടുപ്പ് ചീഫ് ഏജന്റും.  നഗരത്തില്‍ മിക്കവര്‍ക്കും എന്നെ അറിയാം. ഈ തിരഞ്ഞെടുപ്പ് മത്സരം അത്ര പുതുമയുള്ള കാര്യമല്ല. ഇതിനുമുമ്പ് നിയമസഭയിലേക്കും കോര്‍പ്പറേഷനിലേക്കും മത്സരിച്ചിട്ടുണ്ട് എന്ന് കൂടി മോഹനന്‍ ചേട്ടന്‍ പറഞ്ഞതോടെ ആകാംഷയായി. 


''കോര്‍പ്പറേഷനിലെ മണക്കാട് വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.  അന്ന് മോശമല്ലാത്ത വോട്ടും കിട്ടി. വാര്‍ഡില്‍ പക്ഷെ ബിജെപിയാണ് ജയിച്ചത്. കുറെക്കാലം ഞാനും ബിജെപിക്കാരനായിരുന്നു. പിന്നെ ആ രാഷ്ട്രീയമൊക്കെ വിട്ടു. ഇപ്പോ കെപിഎംഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്. മാത്രമല്ല സിറ്റിപോലീസിന്റെ എസ്.സി- എസ്.ടി സമിതിയിലും അംഗമാണ്. ഇങ്ങനെ വര്‍ഷങ്ങളായി സാമൂഹ്യ പ്രവര്‍ത്തന രംഗത്തുള്ള എനിക്ക് മത്സരിക്കാന്‍ മറ്റുള്ളവരേപ്പോലെ തന്നെ യോഗ്യതയുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു, തിരുവനന്തപുരം മണ്ഡലത്തില്‍ തന്നെ. 


എങ്ങനെയാണ് അപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണമൊക്കെ?

അത് ഞാനും ഭാര്യയും ചേര്‍ന്നാണ് നടത്തുന്നത്. ഇപ്പോള്‍ വീട്ടില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് വേണ്ടി പോളിങ് ഏജന്റുമാര്‍ക്ക് ഒപ്പം പോകേണ്ടി വരുന്നുണ്ട്. അതുകൊണ്ട് കട അങ്ങനെ തുറക്കാറില്ല. തുറന്നാല്‍ സ്ഥിരം വരുന്ന ഒത്തിരി ആളുകളുണ്ട്. അവരെല്ലാം ചായകുടിക്കാന്‍ വരും. പിന്നെ പ്രചാരണത്തിന് സമയം കിട്ടാതെ വരും. അതുകൊണ്ടാണ്. പിന്നെ ആളെ കാശിന് വെച്ച് പ്രചാരണം നടത്താന്‍ നമ്മളെ കൊണ്ട് സാധിക്കില്ലല്ലോ. വെച്ചാലും സ്വതന്ത്ര സ്ഥാനാര്‍ഥിയായതുകൊണ്ട് നമ്മളില്‍ നിന്ന് കാശു വാങ്ങി അവിടെ ഇരിക്കും. പിന്നെ മറ്റ് ഏജന്റുമാരുടെ കാശുവാങ്ങി അവര്‍ക്ക് വേണ്ടി വോട്ട് മറിക്കാന്‍ കൂട്ടുനില്‍ക്കുയും ചെയ്യും. അതൊഴിവാക്കാനാണ്.

വീട്ടിലൊക്കെ വോട്ട് ചോദിച്ചു പോകുന്നതും പോസ്റ്റര്‍ ഒക്കെ ഒട്ടിച്ച് കഴിയുമ്പോഴേക്കും രാത്രി രണ്ടുമണി ഒക്കെ കഴിയും ഇതിനിടയില്‍ മറ്റ് കാര്യങ്ങള്‍ക്കൊന്നും സമയം കിട്ടാത്തതുകൊണ്ടാണ് കട തല്‍ക്കാലം വേണ്ടെന്ന് വെച്ചത്. ഇനി പ്രചാരണം
കഴിഞ്ഞേ കട തുറക്കു. മോഹനന്‍ ചേട്ടന്‍ പറഞ്ഞ് നിര്‍ത്തി.

മക്കളൊക്കെ പ്രചാരണത്തിന് സഹായിക്കുന്നുണ്ടോ?

ഒരു മകള്‍ മാര്‍ ഇവാനിയോസ് കോളേജിലാണ് ബിരുദത്തിന് പഠിക്കുന്നത്. മകനും അവിടെ തന്നെ മകന്‍ ഭിന്നശേഷിക്കാരനാണ്. അതുകൊണ്ട് ഞാനും ഭാര്യയും മാത്രമാണ് പ്രചാരണത്തിനൊക്കെ. 

മുമ്പ് മത്സരിച്ചതിന്റെ അനുഭവം ഒക്കെ എങ്ങനെയാണ്?

കോര്‍പ്പറേഷന്‍ വാര്‍ഡിലെ മത്സരത്തില്‍ എനിക്ക് ജയസാധ്യത ഉണ്ടായിരുന്നതാണ്. കാരണം വാര്‍ഡില്‍ എനിക്ക് വ്യക്തി ബന്ധങ്ങളൊക്കെ ധാരളമുണ്ടായിരുന്നതാണ്. പക്ഷെ അന്ന് എനിക്കെതിരെ ചിലര്‍ എന്റെ പഴയ ബിജെപി ബന്ധമൊക്കെ ഉയര്‍ത്തി ന്യൂനപക്ഷ മേഖലയില്‍ പ്രചാരണം നടത്തി. ആദ്യം എന്നെ സ്വതന്ത്രനാക്കി നിര്‍ത്തിയവര്‍ ഇടത് പക്ഷത്തിന് വേണ്ടി എന്നൊട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് ഞാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് എനിക്കെതിരെ പ്രചാരണം നടത്തിയത്. അങ്ങനെ ചില ദുരനുഭവങ്ങളുണ്ട്.  പിന്നെ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും വലിയ പ്രചാരണം ഒന്നും ഉണ്ടായില്ല. അന്നടിച്ച പോസ്റ്ററുകള്‍ പോലും മുഴുവന്‍ ഉപയോഗിച്ചില്ല. എന്നിട്ടും എനിക്ക് 200ന് മുകളില്‍ വോട്ട് ലഭിച്ചു. 

സമൂഹത്തില്‍ ഒരു മാറ്റം വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് എന്റേതായ രീതിയില്‍ ഞാനും പ്രവര്‍ത്തിക്കുന്നു. അതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് മത്സരവും മറ്റും. ഞാന്‍ ജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പറയാനും അതിന് ശ്രദ്ധകിട്ടാനും തിരഞ്ഞെടുപ്പ് ഉപകരിക്കും. തിരഞ്ഞെടുപ്പില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും മോഹനന്‍ ചേട്ടന്‍ പറഞ്ഞ് നിര്‍ത്തി.