ഞ്ഞുപിടിച്ചാല്‍ കൂടെപ്പോരുമെന്ന് ബി.ജെ.പി. കരുതുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ലോക്സഭയിലേക്ക് ജയിക്കാനാകുമെന്ന് പാര്‍ട്ടിക്കാര്‍ക്ക് പോലും ഉറപ്പുള്ള മണ്ഡലമെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ,  മണ്ഡലത്തിന്റെ ചരിത്രത്തില്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പില്‍ മാത്രമാണ് ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതെന്ന് പറയാം. അതുവരെ ക്രമാനുഗതമായി വളര്‍ന്ന പാര്‍ട്ടിയാണ് ബി.ജെ.പി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ വെറും മൂന്ന് തവണ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. 

To advertise here,

മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂര്‍ തന്നെയാകുമെന്നുറപ്പ്. ഇതിനൊപ്പം മലയാളിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് ബി.ജെ.പി. കളത്തിലിറക്കിയത്. കര്‍ണാടകയില്‍നിന്ന് രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്തിയ രാജീവ് ചന്ദ്രശേഖറിന്റെ ആദ്യത്തെ ലോക്‌സഭാ പോരാട്ടമാണ് തിരുവനന്തപുരത്തേത്. തിരുവനന്തപുരത്തുകാര്‍ക്ക് അപരിചിതനാണെങ്കിലും കേന്ദ്രമന്ത്രിയെന്ന വിശേഷണവും മാധ്യമരംഗത്തെ സ്വാധീനവും തുണയ്ക്കുമെന്ന ബി.ജെ.പി. കരുതുന്നു. മറുവശത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്ന ജനകീയ മുഖത്തിനെ കളത്തിലിറക്കി  ഇടതുപക്ഷവും കളം കൊഴുപ്പിച്ചുകഴിഞ്ഞു. ഇനി വോട്ടുചിന്തകള്‍ എങ്ങനെ മാറിമറിയുമെന്ന് കണ്ടറിയണം.

തലസ്ഥാനം കൈക്കുമ്പിളിൽ

1971-ല്‍ കേരള ക്രൂഷ്ചേവ് എന്ന് വിളിക്കപ്പെട്ടിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ ആണ് മണ്ഡലത്തില്‍ ആദ്യമായി വിജയിച്ച കമ്മ്യൂണിസ്റ്റുകാരന്‍. അതിന് ശേഷം മണ്ഡലത്തില്‍ ചെങ്കൊടി പാറിയത് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ 1996-ല്‍ കെ.വി. സുരേന്ദ്രനാഥിലൂടെയാണ്. ഇതിന് ശേഷം വീണ്ടും ഇടതുപക്ഷത്തിന് കാത്തിരിപ്പിന്റെ കാലമായിരുന്നു. 2004-ല്‍ പി.കെ. വാസുദേവൻ നായരിലൂടെയാണ്. ഇദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനിലൂടെ മണ്ഡലം നിലനിര്‍ത്തിയെങ്കിലും അതിന് ശേഷം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിക്ക് ശോഭ കിട്ടാത്ത സാഹചര്യമാണ് ഇതുവരെ.

കേരളത്തില്‍നിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്ന ആനി മസ്‌ക്രീന്‍, നയതന്ത്ര രംഗത്തെ അതികായനായി കരുതപ്പെടുന്ന, നെഹ്റുവിന്റെ വലംകൈയായി പ്രവര്‍ത്തിച്ച മുന്‍ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്‍ തുടങ്ങിയ പ്രഗത്ഭരെ തിരഞ്ഞെടുത്ത പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും പഴക്കമുള്ള മണ്ഡലമാണ് തിരുവനന്തപുരം.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര തുടങ്ങിയ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരത്തുള്ളത്. പൊതുവെ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള മണ്ഡലത്തില്‍ പക്ഷേ, കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടത്തോട്ട് ചാഞ്ഞ സ്വഭാവമാണ് കാണിച്ചത്. എന്നാല്‍ ലോക്​സഭാ തിരഞ്ഞെടുപ്പില്‍ വലത്തോട്ടും. സംസ്ഥാനത്ത് ഇടതും കേന്ദ്രത്തില്‍ യു.പി.എയും മതിയെന്ന് തിരുവനന്തപുരം ആഗ്രഹിച്ചു. അതില്‍ കേരളത്തിലെ കാര്യം മാത്രം നടന്നു. കേന്ദ്രമാകട്ടെ കൈവിടുകയും ചെയ്തു. 

placeholder
Rajeev Chandrasekhar l Photo: Mathrubhumi
രാജീവ് ചന്ദ്രശേഖര്‍ | Photo: Mathrubhumi 

കാറ്റ് മാറി വീശാനൊരുങ്ങി, മലപോലെ തടഞ്ഞ തരൂര്‍ 

2011-ലെ സെന്‍സസ് പ്രകാരം തിരുവനന്തപുരം ജില്ലയിലെ ആകെ ജനസംഖ്യ 33,01,427 ആണ്. ലോക്​സഭാ മണ്ഡലത്തിലെ മാത്രം കണക്കെടുത്താല്‍ അത് 17,03,709 എന്നാകും. ഇതില്‍ 27.83% ഗ്രാമീണരും 72.17% നഗരവാസികളുമാണ്. മണ്ഡലത്തിലുള്ള വോട്ടര്‍മാരില്‍ ഭൂരിഭാഗവും തിരുവനന്തപുരം നഗരപരിധിക്കുള്ളിലാണ് താമസിക്കുന്നത്. ഇതാണ് മുന്നണികളുടെ കരുത്തും ദൗര്‍ബല്യവുമെന്ന് പറയാം. ജനസംഖ്യയില്‍ പട്ടികജാതി (എസ്.സി.), പട്ടികവര്‍ഗ (എസ്.ടി.) അനുപാതം യഥാക്രമം 9.82 ഉം 0.45 ഉം ആണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം ഈ മണ്ഡലത്തില്‍ 13,34,665 വോട്ടര്‍മാരും 1077 പോളിങ് സ്റ്റേഷനുകളുമുണ്ട്. ജനസംഖ്യയുടെ 66.46% ഹിന്ദുക്കളും 19.1% ക്രിസ്ത്യാനികളും 13.72% മുസ്‌ലിങ്ങളുമാണ്. 

തിരുവനന്തപുരം നഗരസഭാ ഭരണവും നഗരപരിധിയിലുള്ള തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളും ഇടതിന്റെ കൈയിലാണ്. പക്ഷേ, നഗരത്തില്‍ ഇടതുപക്ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനം ബി.ജെ.പിക്കുണ്ട്. അതിന്റെ പ്രതിഫലനം നഗരസഭാ കൗണ്‍സിലര്‍മാരുടെ എണ്ണത്തിലും കാണാം. ആകെയുള്ള 100 കൗണ്‍സിലര്‍മാരില്‍ 35 പേര്‍ ബി.ജെ.പിയുടേതാണ്. നഗരസഭയിലെ മുഖ്യപ്രതിപക്ഷവും ബി.ജെ.പിയാണ്. നഗരമേഖലയിലെ ഈ വളര്‍ച്ചയാണ് നിയമസഭ, ലോക്​സഭാ മണ്ഡലങ്ങളില്‍ മുന്നേറാന്‍ അവരെ പ്രാപ്തരാക്കിയത്. 

placeholder
ശശി തരൂര്‍ | Photo: Mathrubhumi 

2019 ലോക്​സഭാ തിരഞ്ഞെടുപ്പിലെ പോളിങ് 73.45% ആയിരുന്നുവെങ്കില്‍ 2014, 2009 തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം 68.63%, 65.74% ആയിരുന്നു. എന്നാല്‍ 2014-ലും 2019-ലും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ കേരളത്തെ ഞെട്ടിച്ച് ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തി. 2014-ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച ഒ. രാജഗോപാല്‍ അക്ഷരാര്‍ഥത്തില്‍ തരൂരിനെയും കോണ്‍ഗ്രസിനെയും വെള്ളം കുടിപ്പിച്ചു. ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന് മാത്രമല്ല കേരളത്തെ ഞെട്ടിച്ച മുന്നേറ്റമാണ് അന്ന് രാജഗോപാല്‍ നടത്തിയത്. അന്ന് സ്ഥാനാർഥി ഡോ. ബെന്നറ്റ് അബ്രഹാം പേയ്മെന്റ് സ്ഥാനാര്‍ഥിയാണെന്ന ആരോപണവും വിവാദങ്ങളും സി.പി.ഐയുടെ സാധ്യതകളെ നല്ലരീതിയില്‍ ബാധിക്കുകയും ചെയ്തു. എന്നാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ടു ഷെയറിലെ വ്യത്യാസമാണ് എല്ലാവരെയും ഞെട്ടിച്ചത്. ശശി തരൂര്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 34.1 ശതമാനം വോട്ട് നേടിയപ്പോള്‍ ഒ. രാജഗോപാല്‍ നേടിയത് 34 ശതമാനം. കപ്പിനും ചുണ്ടിനുമിടയിലാണ് ബി.ജെ.പിക്ക് ലോക്​സഭയിലേക്ക് കേരളത്തില്‍നിന്ന് അക്കൗണ്ട് തുറക്കാനുള്ള അവസരം നഷ്ടമായത്.  

placeholder
Representational image | Photo: Mathrubhumi
Photo: Mathrubhumi 

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്തും കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. നാലില്‍ മൂന്നിടത്ത് തരൂരിനേക്കാള്‍ ബഹുദൂരം രാജഗോപാല്‍ മുന്നിലെത്തി. അതില്‍ നേമത്ത് ഒരുലക്ഷത്തിലധികമായിരുന്നു രാജഗോപാലിന്റെ ഭൂരിപക്ഷം. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബി.ജെ.പി. വളര്‍ന്നപ്പോള്‍ തളര്‍ന്നത് കോണ്‍ഗ്രസാണ്. എന്നാല്‍ അതിനെയും മറികടന്ന് കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയത് ശശി തരൂര്‍ എന്ന സ്ഥാനാര്‍ഥിയുടെ ബലത്തിലാണ്. 

എന്നാല്‍ 2019-ല്‍ തരൂരിന് വെല്ലുവിളി ഉയര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. നേമം ഒഴികെ എല്ലാ മണ്ഡലങ്ങളിലും തരൂരിന് അപ്രമാദിത്യമായിരുന്നു ഉണ്ടായത്. രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിച്ചതും കേന്ദ്രത്തില്‍ അടുത്ത തവണ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുമെന്ന ധാരണ കേരളത്തിലുണ്ടായതും തരൂരിന് തുണയായി എന്ന് കരുതേണ്ടി വരും. ഈ രണ്ട് തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥിക്ക് മൂന്നാം സ്ഥാനത്ത് പോകേണ്ടി വന്നത് അവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഇത്തവണ അത് തടയാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാകുമെന്നുറപ്പ്. 

placeholder
പന്ന്യന്‍ രവീന്ദ്രന്‍ | Photo: Mathrubhumi 

കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ട, ഇടതിന് ഉറച്ച അടിത്തറ, മറികടന്ന് വന്ന ബി.ജെ.പി.

മണ്ഡലത്തിന്റെ രൂപവത്കരണ കാലം മുതല്‍ കൂടുതല്‍ കാലവും കോണ്‍ഗ്രസിനോടൊപ്പംനിന്ന ചരിത്രമാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിനുള്ളത്. ഇടയ്ക്ക് കുറച്ചുകാലം ഇടത്തോട്ട് ചാഞ്ഞതൊഴിച്ചാല്‍ മണ്ഡലം കോണ്‍ഗ്രസിന്റെ സുരക്ഷിത ഇടമായാണ് കണക്കാക്കുന്നത്. നഗര കേന്ദ്രീകൃതമായ മണ്ഡലം എന്നതുപോലെ പല ജില്ലകളിലുള്ളവരും വോട്ടര്‍മാരായി ഉള്ള മണ്ഡലവും കൂടിയാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി എപ്പോഴും ദേശീയ സാഹചര്യങ്ങള്‍ പരിഗണിച്ചുള്ളതാണ്. തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ തന്നെ അത് മനസിലാകും.

മണ്ഡലത്തില്‍ ഇതുവരെ കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ഥികള്‍ വിജയിച്ചത് വിരളമായാണ്. 1967-ല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയുകയും കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളുടെയും കാലത്ത് മണ്ഡലം സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ട്രേഡ് യൂണിയന്‍ നേതാവും സോഷ്യലിസ്റ്റുമായിരുന്ന പി. വിശ്വംഭരനെയാണ് തിരഞ്ഞെടുത്തത്. പക്ഷെ അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം സി.പി.ഐക്കൊപ്പം നിന്നു. 1996-ല്‍ ദേശീയതലത്തില്‍ ഹിന്ദുത്വവാദം ശക്തിപ്പെടുകയും ചെയ്യുന്ന സമയം, കോണ്‍ഗ്രസ് ഹിന്ദുത്വ ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങിയെന്ന വികാരമുയര്‍ന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം വീണ്ടും സി.പി.ഐക്കൊപ്പം  നിന്നു. 

പക്ഷെ 2004-ല്‍ മണ്ഡലം ഇടതിനൊപ്പം നിന്നത് ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തിയപ്പോഴാണ്. അന്ന് ഇടതുപക്ഷം ഭരണത്തിന്റെ ഭാഗമാകാതെ മുന്നണിയെ പുറത്തുനിന്ന് പിന്തുണച്ചിരുന്നു.  ഈ സാഹചര്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കോണ്‍ഗ്രസിനെ വേണ്ടപ്പോള്‍ ശിക്ഷിക്കാനും അല്ലാത്തപ്പോള്‍ ചേര്‍ത്തുനിര്‍ത്താനും മടികാണിക്കാത്ത മണ്ഡലമായി തിരുവനന്തപുരത്തെ കാണാം. 

പക്ഷെ മണ്ഡലത്തിന്റെ രാഷ്ട്രീയനിറങ്ങള്‍ക്ക് മാറ്റമുണ്ടാകാന്‍ തുടങ്ങിയതെന്ന് എന്ന് ചോദിച്ചാല്‍ അത് 1984-ലെ തിരഞ്ഞെടുപ്പ് മുതലാണ്. അതിന് കാരണമായത് നിലയ്ക്കല്‍ സമരമായിരുന്നുവെന്നത് മറ്റൊരു കൗതുകം. അന്ന് സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന കുമ്മനം രാജശേഖരനാണ് പിന്നീട് 2019-ല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ തരൂരിനോട് പരാജയപ്പെട്ടത്.1983-ല്‍ നിലയ്ക്കലില്‍ ക്രിസ്ത്യന്‍ പള്ളി നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ ഉയര്‍ന്ന സമരങ്ങള്‍ കേരളത്തിലെമ്പാടും ഹിന്ദുവിഭാഗങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അന്ന് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേരളം ഭരിച്ചിരുന്നത്. 

പള്ളി നിര്‍മിക്കാനുള്ള നീക്കത്തിനെ അനുകൂലിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ അന്ന് ഹിന്ദുക്കളില്‍ ഒരുവിഭാഗത്തിന് ഉണ്ടായ അതൃപ്തിയെ തുടര്‍ന്ന് ഹിന്ദുമുന്നണി എന്ന പേരില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച സംവിധാനത്തിന്റെ പരീക്ഷണം കൂടിയായി 1984-ലെ തിരഞ്ഞെടുപ്പ്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 19.80 ശതമാനമായ 110,44 വോട്ട് പിടിച്ച് ഹിന്ദുമുന്നണി സ്ഥാനാര്‍ഥി പി. കേരളവര്‍മ രാജ മൂന്നാം സ്ഥാനത്തെത്തി. കേരളത്തിലെ ഇടത്- വലത് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. 

അതിനുശേഷം നടന്ന ലോക്​സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. തന്നെ മത്സരിച്ചെങ്കിലും ഹിന്ദുമുന്നണി നേടിയ വോട്ടിനടുത്തെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 1998-ല്‍ കേരളവര്‍മ രാജ ബി.ജെ.പി. സ്ഥാനാര്‍ഥിയാവുകയും ഒരുലക്ഷത്തിനടുത്ത് വോട്ട് പിടിക്കുകയും ചെയ്തു. പിന്നാലെ 1999-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ മത്സരിച്ചു. 158,221 വോട്ട് നേടി. ആകെ പോള്‍ ചെയ്തതിന്റെ 20 ശതമാനത്തിന് മുകളില്‍ വോട്ട് അദ്ദേഹം വര്‍ധിപ്പിച്ചു. 

2004-ലെ അടുത്ത തിരഞ്ഞെടുപ്പിലും രാജഗോപാല്‍ തന്നെ മത്സരിച്ചു. വോട്ട് വര്‍ധിച്ച് അത് രണ്ട് ലക്ഷത്തിന് മുകളിലെത്തി. 
എന്നാല്‍ 2005-ലെ ഉപതിരഞ്ഞെടുപ്പില്‍ സി.കെ. പദ്മനാഭന്‍ കേവലം മുപ്പത്തിയാറായിരം വോട്ടുമായി മൂന്നാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2009-ലെ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് രാജഗോപാലിന്റെ നേട്ടം നിലനിര്‍ത്താനായില്ല, നാലാം സ്ഥാനത്തായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസിന് എത്താനായത്. 2014-ല്‍ വീണ്ടും രാജഗോപാല്‍ മത്സരിക്കുകയും വിജയത്തോടടുത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. 2019-ല്‍ കുമ്മനം മത്സരിച്ചെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 

വര്‍ഷംസ്ഥാനാര്‍ഥിപാര്‍ട്ടിഭൂരിപക്ഷം
1952ആനി മസ്‌ക്രീന്‍സ്വതന്ത്ര68,117
1957 ഈശ്വര അയ്യര്‍സ്വതന്ത്രന്‍1,09,44
1962നടരാജ പിള്ളസ്വതന്ത്രന്‍1,04,58
1967പി. വിശ്വംഭരന്‍സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി4478
1971വി.കെ. കൃഷ്ണ മേനോന്‍കോൺഗ്രസ്‌5035
1977എം എന്‍ ഗോവിന്ദന്‍ നായര്‍സിപിഐ69,822
1980എ നീലലോഹിതദാസന്‍ നാടാര്‍കോണ്‍ഗ്രസ് ഐ1,070,57
1984എ ചാള്‍സ്കോണ്‍ഗ്രസ്53,438
1989എ ചാള്‍സ്കോണ്‍ഗ്രസ്50,913
1991എ ചാള്‍സ്കോണ്‍ഗ്രസ്43,670
1996 കെ.വി. സുരേന്ദ്രനാഥ്സിപിഐ20,802
1998കെ. കരുണാകരന്‍കോണ്‍ഗ്രസ്15,398
1999അഡ്വ. വി. എസ്. ശിവകുമാര്‍കോണ്‍ഗ്രസ്14,485
2004പി.കെ വാസുദേവന്‍ നായര്‍സിപിഐ54,063
2005 (By election)പന്ന്യന്‍ രവീന്ദ്രന്‍സിപിഐ74,200
2009 ശശി തരൂര്‍ കോണ്‍ഗ്രസ് 99,998
2014 ശശി തരൂര്‍ കോണ്‍ഗ്രസ്15,470
2019 ശശി തരൂര്‍ കോണ്‍ഗ്രസ്99,989

അപരാജിതനായ തരൂര്‍

മണ്ഡലത്തില്‍ ദീര്‍ഘകാലം എം.പിയായിരുന്നയാളെന്ന റെക്കോഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് ശശി തരൂര്‍. കോണ്‍ഗ്രസ് അംഗമായിരുന്ന എ. ചാള്‍സ് ആണ് ആദ്യമായി മണ്ഡലത്തില്‍ എറെക്കാലം എംപിയായിരുന്നത്. 1984,1989,1991 തിരഞ്ഞെടുപ്പുകളിലായി മൂന്ന് തവണ എ. ചാള്‍സ് മണ്ഡലത്തില്‍ എം.പിയായിരുന്നു. ഇതിന് ശേഷം അതേ റെക്കോഡ് ശശി തരൂരിനായിരുന്നു. 2009, 2014, 2019 തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്ത് തരൂരിന് തന്നെയാണ് വിജയം. ഇത്തവണയും തരൂര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 

തരൂരിനെ വെട്ടാന്‍ പഴയ പടക്കുതിര പന്ന്യന്‍ രവീന്ദ്രനെയാണ് ഇടതുപക്ഷം രംഗത്തിറക്കുന്നത്. ബി.ജെ.പി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും. രാജീവിനെയും പന്ന്യനെയും മറികടന്ന് തരൂര്‍ ജയിക്കുമെന്ന് യു.ഡി.എഫ്. ഉറച്ചുവിശ്വസിക്കുന്നു. കോണ്‍ഗ്രസ് തരൂരിന്റെ വ്യക്തിപ്രഭാവത്തിലാണ് വിശ്വാസമര്‍പ്പിക്കുന്നത്.  നഗരമേഖലയില്‍ കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനം ബി.ജെ.പിക്കുണ്ടായിട്ടും ഹിന്ദുവോട്ടുകളില്‍ നല്ലൊരു ശതമാനവും തരൂരിനാണ് ലഭിക്കുന്നത്.

നഗരത്തിന് പുറത്ത് ഗ്രാമീണ മേഖലയില്‍ ഇടതിനെപ്പോലെ തന്നെ കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ട്. പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ ബി.ജെ.പിക്കില്ലാത്തതും അതുതന്നെ. ഈ ദൗര്‍ബല്യം കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നു. മാത്രമല്ല ദേശീയ തലത്തില്‍ ബി.ജെ.പി. വിരുദ്ധ സര്‍ക്കാര്‍ വേണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം വോട്ട് ചെയ്യുന്നത് തരൂരിനാണ്. ഇടതുപക്ഷത്തിന് അവരുടെ വോട്ടുബാങ്കിനപ്പുറത്ത് വോട്ട് സമാഹരിക്കാന്‍ സാധിക്കാതെ പോകുന്നതും ഇതേ കാരണം കൊണ്ടുതന്നെ. 

തീരദേശ മേഖലയായ കോവളം കോണ്‍ഗ്രസിന്റെ അടിയുറച്ച കോട്ടയാണ്. ഈ പ്ലസ് പോയിന്റുകളാണ് തരൂരിന്റെ വിജയ രഹസ്യം. ഇത്തരമൊരു രാഷ്ട്രീയ സമവാക്യം മറ്റ് രണ്ട് എതിരാളികള്‍ക്കുമില്ല. ബി.ജെ.പിക്ക് നഗരസഭാ പരിധിയിലെ നാല് മണ്ഡലങ്ങളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ കൃത്യമായ വോട്ടും സ്വാധീനവുമുണ്ട്. എന്നാല്‍ പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെത്തുമ്പോള്‍ ആ മുന്‍തൂക്കം നഷ്ടപ്പെടും. ഇടതിന് എല്ലായിടത്തും കൃത്യമായ വോട്ടുബാങ്കുണ്ടെങ്കിലും ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആദ്യത്തെ ചോയ്സ് ഏത് പാര്‍ട്ടി എന്ന ചോദ്യം വരുമ്പോള്‍ പിന്തള്ളപ്പെടുന്നു. തരൂരിന്റെ വിജയക്കുതിപ്പിനെ മറികടക്കാന്‍ എതിരാളികളുടെ ആവനാഴിയില്‍ എന്ത് അസ്ത്രങ്ങളാണ് ഒളിച്ചിരിക്കുന്നതെന്ന് കണ്ടറിയണം. 

ഇനിയും ബി.ജെ.പി. തന്നെ കേന്ദ്രഭരണത്തിലെത്തിയാല്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകുമെന്ന സാധ്യത നിലനില്‍ക്കുന്നു. ബി.ജെ.പി. വീണ്ടും വരുമെന്ന ചിന്ത ഉറപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നതെങ്കില്‍ മണ്ഡലത്തില്‍ തരൂരിന് ലഭിക്കുന്ന വോട്ടുകളില്‍ വിള്ളല്‍ വീഴാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നല്ലൊരു സ്ഥാനാര്‍ഥി വഴി മണ്ഡലം പിടിക്കാന്‍ ഇവിടെ ബി.ജെ.പിക്ക് സാധിക്കുമെന്നതിനാല്‍ ഇനി പ്രചാരണ പോരാട്ടങ്ങളില്‍ ജനവിധിയെ സ്വാധീനിക്കാനാണ് മുന്നണികള്‍ ശ്രദ്ധിക്കുക. 

തരൂരിന് വെല്ലുവിളി ഉയര്‍ത്താനാകുന്ന സ്ഥാനാര്‍ഥി, അതിനൊപ്പം ബി.ജെ.പിയുടെ സംഘടനാശേഷിയും ഒന്നിച്ച് നില്‍ക്കുന്നൊരു സാഹചര്യം. ജയം സാധ്യമാകുമെന്ന് തന്നെയാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്. ജനങ്ങള്‍ക്കിടയില്‍ പന്ന്യന്‍ രവീന്ദ്രനുള്ള സ്വീകാര്യത യു.ഡി.എഫ്. വോട്ടുബാങ്കുകളെ സ്വാധീനിക്കുന്നതാണ്. ഇതിനൊപ്പം പിന്നാക്ക വോട്ടുകള്‍ കൂട്ടത്തോടെ ഇടത് പെട്ടിയില്‍ വീഴുന്ന സാഹചര്യമുണ്ടായാല്‍ അത് മറികടക്കാന്‍ ബി.ജെ.പിക്ക് സാധിച്ചെന്ന് വരില്ല. എന്നാല്‍ രാമക്ഷേത്ര നിര്‍മാണം, റെയില്‍വേ വികസനം, റോഡ് വികസനം, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ കാര്‍ഡുകള്‍ ഫലപ്രദമായി വിനിയോഗിക്കുകയും നഗര വോട്ടുകള്‍ പ്രത്യേകിച്ച് യുവ വോട്ടുകള്‍ കേന്ദ്രീകരിക്കുകയും ചെയ്താല്‍ കടുത്ത മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക.