
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സ്വത്തുവിവരങ്ങളിലെ വൈരുധ്യത്തില്‍ വിശദീകരണവുമായി തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. 2021 കാലത്തെ കോവിഡ് പ്രതിസന്ധി കാരണം തനിക്ക് ബിസിനസില്‍ നഷ്ടമുണ്ടായെന്നും ഇതാണ് വരുമാനം കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ആദായനികുതി പരിധിയില്‍ വരുന്ന വരുമാനം 680 രൂപ മാത്രമാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇത് കോണ്‍ഗ്രസ് പ്രചാരണവിഷയമാക്കിയതോടെയാണ് വിശദീകരണവുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. വിഷയത്തില്‍ കോണ്‍ഗ്രസിന് പുറമെ എല്‍.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.
2021-2022 വര്‍ഷത്തില്‍ ആദായനികുതി പരിധിയില്‍ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 28 കോടി രൂപയുടെ ആസ്തി മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന കമ്പനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സാല്‍ ആരോപിച്ചത്.
ബെംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട അവാനി ബന്‍സാല്‍ അദ്ദേഹം വസ്തു നികുതി അടച്ചതിന്റെ രസീതും പുറത്ത് വിട്ടു. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച് വരാണിധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് അവാനി ബന്‍സാല്‍ പരാതി നല്‍കിയിരുന്നു.
സമാനമായ പരാതിയാണ് എല്‍.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയത്. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും രംഗത്തെത്തിയിരുന്നു.
Content Highlights: Rajeev Chandrasekhar gives explanation on allegations about his asset declaration
Published: 11 Apr 2024, 01:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented