പാലക്കാട്: വെള്ളിയാഴ്ച കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നേതൃത്വംനൽകുന്ന സമരാഗ്നിയാത്ര പാലക്കാട് ജില്ലയിലെത്തുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പൻ പറയുന്നു. അതോടൊപ്പം അദ്ദേഹം ഒരുകാര്യം ഉറപ്പിച്ചു പറയുന്നു.“താഴേത്തട്ടിൽ പ്രവർത്തകർ സജീവമായാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണയും വിജയം ഉറപ്പ്.”

To advertise here,

? ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എന്തൊക്കെ

* സാധാരണയിൽനിന്ന്‌ വ്യത്യസ്തമായി കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾത്തന്നെ ഫീൽഡിലാണ്. തൃശ്ശൂരിൽ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് എത്തിയ ചടങ്ങിലേക്ക് എല്ലാ ബൂത്ത് പ്രസിഡന്റുമാരും ബൂത്ത് ലെവൽ ഏജന്റുമാരും എത്തിയിരുന്നു. ബൂത്ത് കമ്മിറ്റികളുടെ രൂപവത്കരണം അവസാനഘട്ടത്തിലാണ്.

ബൂത്ത് ലെവൽ ഏജന്റുമാർ പ്രവർത്തനം തുടങ്ങി. പ്രവർത്തകർ വീടുകയറിയിറങ്ങുന്നു. ഇത് തിരഞ്ഞെടുപ്പിലും ഗുണംചെയ്യും. ബ്ലോക്ക്-നിയോജകമണ്ഡലം കൺവെൻഷനുകൾ പൂർത്തിയായി. യു.ഡി.എഫിലെ ഘടകകക്ഷികളെക്കൂടി ചേർത്ത് യൂണിറ്റ് കമ്മിറ്റികളുടെ രൂപവത്കരണമാണ് അടുത്തപടി. സിറ്റിങ് സീറ്റുകളിൽ അതത് എം.പി.മാർ തുടരുമെന്നാണ് നേതൃത്വം നൽകിയിട്ടുള്ള സൂചന. സംസ്ഥാനത്തിനുപുറത്തുള്ള പഴയകാലത്തെ പ്രധാന പ്രവർത്തകർ തിരഞ്ഞെടുപ്പിന് അവരുടെ നാടുകളിൽ പ്രചാരണത്തിനെത്താനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.

? പാലക്കാട്ടെ മണ്ഡലങ്ങളിൽ പ്രധാന എതിരാളി ആരാണ്

* കേരളത്തിലും പാലക്കാട്ടും എല്ലാവർക്കും അറിയാവുന്നതുപോലെ സി.പി.എം. തന്നെയാണ് പ്രധാന എതിരാളി. പാലക്കാട്ടും ആലത്തൂരും ബി.ജെ.പി. മൂന്നാംസ്ഥാനത്തു മാത്രമാണ്. പൊന്നാനിയുടെ ഭാഗമായ തൃത്താല നിയോജകമണ്ഡലത്തിലും സ്ഥിതി മറിച്ചല്ല

? കോൺഗ്രസിനും താങ്കൾക്കും ആത്മവിശ്വാസം പകരുന്ന ഘടകങ്ങളെന്തെല്ലാമാണ്

* ഞാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റിട്ട് രണ്ടുവർഷത്തിലധികമായി. അതിനുശേഷം തദ്ദേശസ്ഥാപനങ്ങളിലേക്കുനടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും പ്രവർത്തകരുടെ കൃത്യമായ ഇടപെടലുകൾവഴി യു.ഡി.എഫിന് വിജയിക്കാനായി. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന വാണിയംകുളം ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തെത്തി.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ 170 വോട്ടായിരുന്നു തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം. ഉപതിരഞ്ഞെടുപ്പിൽ 1,549 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാടും ആലത്തൂരും യു.ഡി.എഫ്. വിജയിക്കുമെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞില്ല. എന്നിട്ടും ഞങ്ങൾ ജയിച്ചു. ഇത്തവണയും വിജയം ഉറപ്പാണ്. കേരളത്തിലെല്ലായിടത്തുമെന്നപോലെ പാലക്കാട് ജില്ലയിലും ബി.ജെ.പി.യും സി.പി.എമ്മുമായി രഹസ്യമായ അന്തർധാര പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം തിരിച്ചറിയുന്ന സി.പി.എമ്മിന്റെ ആത്മാർഥതയുള്ള പ്രവർത്തകരും അനുഭാവികളും കോൺഗ്രസിന് വോട്ടുചെയ്യും.

പാർട്ടിക്ക് ശക്തമായ അടിത്തറയില്ലാത്ത സ്ഥലങ്ങളിലും വോട്ട് കിട്ടുന്നുവെങ്കിൽ അത് ഞങ്ങളെ തിരിച്ചറിയുന്ന സാധാരണക്കാരുടെ വോട്ടാണ്. കോൺഗ്രസ് ജയിക്കണമെന്നുമാത്രമാണ് പ്രവർത്തകരുടെ മനസ്സിൽ. നേതാക്കൾക്കിടയിലുള്ള പിണക്കവും പരിഭവങ്ങളുമൊന്നും പ്രതിഫലിക്കില്ല. എല്ലാവരും ഒറ്റക്കെട്ടാണ്.

? എന്താവും പ്രചാരണത്തിലെ മുഖ്യവിഷയം

* ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാൽ ദേശീയ വിഷയങ്ങൾ നിശ്ചയമായും പ്രചാരണത്തിന്റെ മുൻനിരയിലുണ്ടാവും. കർഷകരോടും തൊഴിലാളികളോടുമുള്ള കേന്ദ്രസർക്കാരിന്റെ അവഗണന, രാജ്യത്ത് വളരുന്ന തൊഴിലില്ലായ്മ, പൊതുമേഖലാ സ്ഥാപനങ്ങളുടെ തളർച്ച, ന്യൂനപക്ഷങ്ങളോടും പിന്നാക്കക്കാരോടുമുള്ള നിലപാടുകൾ തുടങ്ങി എല്ലാം ചർച്ചയിലെത്തും. ബി.ജെ.പി.യുടെ നയങ്ങളുടെ അപകടങ്ങളും മതരാഷ്ട്രീയവും കേന്ദ്രസർക്കാരിന്റെ അവഗണനയുമെല്ലാം പ്രചാരണത്തിൽ മുഖ്യ ചർച്ചയാവും. അതിനെല്ലാമപ്പുറത്ത് ഏഴരവർഷത്തെ കേരളത്തിലെ സി.പി.എം., ഇടതുമുന്നണി ഭരണം സാധാരണക്കാരെ അത്രമാത്രം ദ്രോഹിക്കുന്നതാണ്. ഇതെല്ലാം വോട്ടുചെയ്യുന്നതിനുമുമ്പേ ജനങ്ങൾ കണക്കിലെടുക്കും.

? കേരളത്തിലെ പ്രശ്നങ്ങൾ ചർച്ചയാവുന്നതെങ്ങനെ

* ഞാനും ഒരു കർഷകനാണ്. കഴിഞ്ഞ ഒന്നാംവിളയ്ക്ക് നെല്ലുസംഭരണത്തിന് നൽകിയതിന്റെ തുകപോലും ഇനിയും കിട്ടിയിട്ടില്ല. അത്യാവശ്യ ചെലവുകൾക്ക് കുറച്ച് നെല്ല് കുറഞ്ഞവിലയ്ക്ക് മില്ലുകാർക്ക് വിറ്റു. കർഷകരുടെ പ്രശ്നങ്ങളുടെ നേർക്ക് സർക്കാർ കണ്ണടച്ചിരിക്കയാണ്. നെല്ലുസംഭരണം തകർക്കാനാണ് ശ്രമം. കൃഷിയിറക്കിയാൽ വെള്ളം കിട്ടുമെന്ന് ഉറപ്പില്ല.

പറമ്പിക്കുളം-ആളിയാർ പദ്ധതിയുൾപ്പെടെ അന്തർസംസ്ഥാന നദീജല കരാറുകളനുസരിച്ച് കിട്ടേണ്ട അവകാശപ്പെട്ട ജലംപോലും വാങ്ങിയെടുക്കാൻ സർക്കാരിനാവുന്നില്ല. ക്ഷേമപെൻഷനുകൾ നിലച്ചിട്ട് മാസങ്ങളായി. മന്ത്രിമാരുടെ പ്രസ്താവനകൾക്കുമാത്രം കുറവില്ല. കർഷകരോട് കൊടുംവഞ്ചനായണ് സർക്കാർ കാണിക്കുന്നത്. അതുമാത്രം മതി ഭരണത്തിനെതിരായ വോട്ടായി മാറാൻ.