
ഇത്തവണ മത്സരിക്കുന്നില്ലെന്നും പുതുമുഖങ്ങൾ വരട്ടെയെന്നുമാണ് മാവേലിക്കരയിലെ സിറ്റിങ് എം.പി. കൊടിക്കുന്നിൽ സുരേഷ് ആദ്യം പ്രഖ്യാപിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനത്തോട് പാർട്ടി യോജിച്ചില്ല. വീണ്ടും സ്ഥാനാർഥിയായി. പുതുമുഖം വന്നത് എതിരാളിയായിട്ടാണ്. സി.പി.ഐ.യിലെ സി.എ. അരുൺകുമാർ. ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായി മുൻ കോൺഗ്രസ് നേതാവ് ബൈജു കലാശാലകൂടി വന്നതോടെ രംഗം കൊഴുത്തു.
ഒപ്പത്തിനൊപ്പം എന്നതിനു ഈ പ്രദേശങ്ങളിലെ നാട്ടുഭാഷ ‘കട്ടയ്ക്കുകട്ട’ എന്നാണ്. മാവേലിക്കരയിലെ മത്സരത്തെ അങ്ങനെ വിശേഷിപ്പിക്കാം. 2009 മുതൽ ഈ സംവരണ മണ്ഡലത്തിലെ എം.പി.യാണ് കൊടിക്കുന്നിൽ. ചെറിയ കാലയളവിലെ തോൽവി ഒഴിച്ചുനിർത്തിയാൽ 1989 മുതൽ അദ്ദേഹം എം.പി.യാണ്. മണ്ഡലം അന്നത്തെ അടൂരാണെന്നുമാത്രം. സംസ്ഥാന രാഷ്ട്രീയത്തിലേക്കു മാറുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ആദ്യം മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കാതിരുന്നത്. എന്നാൽ, വിജയിക്കാൻ കൊടിക്കുന്നിലിന്റെ പരിചയസമ്പത്തുതന്നെ വേണമെന്നു പാർട്ടി വിലയിരുത്തി.
മന്ത്രി പി. പ്രസാദിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെയാണ് എ.ഐ.വൈ.എഫ്. നേതാവ് അരുൺകുമാറിനെ സി.പി.ഐ. സ്ഥാനാർഥിയായി അവതരിപ്പിച്ചത്. പ്രചാരണത്തിൽ തുടക്കത്തിൽ മുന്നിലെത്താനും അരുണിനു കഴിഞ്ഞു. ഇതോടെ മാവേലിക്കരയിൽ അട്ടിമറി മണത്തു. പക്ഷേ, കൊടിക്കുന്നിൽ അതിവേഗം ഒപ്പമെത്തി. ബി.ജെ.പി. എ ക്ലാസ് മണ്ഡലമായാണ് മാവേലിക്കരയെ കാണുന്നത്. എങ്കിലും ബി.ഡി.ജെ.എസാണ് മുന്നണിക്കുവേണ്ടി മത്സരിക്കാറുള്ളത്. കഴിഞ്ഞതവണ 1.33 ലക്ഷം വോട്ട് നേടുകയുംചെയ്തു.
കൂട്ടലും കിഴിക്കലും
പരിചയസമ്പന്നൻ എന്ന പ്രതിച്ഛായതന്നെയാണ് കൊടിക്കുന്നിലിന്റെ നേട്ടം. എന്നാൽ, ഒരാൾതന്നെ ആവർത്തിച്ചുവരുന്നതിൽ മടുപ്പുള്ള വോട്ടർമാരുമുണ്ടാകും. തുടക്കത്തിൽ അദ്ദേഹത്തെ ഇതു ബാധിക്കുകയുംചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പുതന്ത്രംകൊണ്ടും പരിചയസമ്പത്തുകൊണ്ടും ഇത് അദ്ദേഹം മറികടന്നു. പുതുമുഖമായ ചെറുപ്പക്കാരൻ എന്നതാണ് അരുണിന്റെ പ്ലസ് പോയിന്റ്. പക്ഷേ, പരിചയക്കുറവ് ഒരു ന്യൂനതയുമാണ്. മൂന്നു ജില്ലകളിലായാണ് മണ്ഡലത്തിന്റെ കിടപ്പ്. കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ അസംബ്ലി മണ്ഡലങ്ങൾ കൊല്ലം ജില്ലയിൽ. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നിവ ആലപ്പുഴ ജില്ലയിൽ. ചങ്ങനാശ്ശേരി കോട്ടയം ജില്ലയിൽ. ഒരിടത്തും പരിചയപ്പെടുത്തൽ ആവശ്യമില്ലെന്നതാണ് കൊടിക്കുന്നിലിന്റെ നേട്ടം. മൂന്നു ജില്ലകളിലേക്കും ഇടിച്ചുകയറി സ്വാധീനമുണ്ടാക്കുന്നതാണ് മറ്റു സ്ഥാനാർഥികളുടെ വെല്ലുവിളി.
ബന്ധങ്ങൾ, പ്രശ്നങ്ങൾ
എല്ലാവിഭാഗം സമുദായങ്ങളുമായും നല്ല അടുപ്പമുള്ളത് കൊടിക്കുന്നിലിന് അനുകൂല ഘടകമാണ്. എൻ.എസ്.എസ്. ആസ്ഥാനമായ പെരുന്നയും ഈ മണ്ഡലത്തിലാണ്. സിറോ മലബാർ, യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ തുടങ്ങിയ ക്രൈസ്തവ വിഭാഗങ്ങൾക്കും വോട്ടുള്ള മണ്ഡലമാണിത്. കെ.പി.എം.എസിനും സ്വാധീനമുണ്ട്. ഇവരുമായി നല്ല അടുപ്പം കൊടിക്കുന്നിലിനുണ്ട്.
എൻ.ഡി.എ. സ്ഥാനാർഥി ബൈജു കലാശാല മുൻ കെ.പി.എം.എസ്. നേതാവാണ്. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. യോഗം എന്നിവ ശക്തമായ പ്രദേശവുമാണ്. ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ എല്ലാവരിലേക്കും കടന്നുകയറാൻ അരുണിന് സാധിച്ചിട്ടുണ്ട്. പതിവിൽനിന്നു വ്യത്യസ്തമായി ഇത്തവണ സി.പി.ഐ. കടുത്ത ആത്മവിശ്വാസത്തിലാണ്. സി.പി.എം. പ്രവത്തകർ വലിയ ആവേശത്തോടെ പ്രചാരണരംഗത്തുള്ളതാണ് അരുണിന് അനുകൂലമായ മറ്റൊരു ഘടകം. കൊല്ലം ജില്ലയിലെ കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുന്നത് ഭരണവിരുദ്ധവികാരമായി മാറുമെന്ന് യു.ഡി.എഫ്. കരുതുന്നു. കുട്ടനാട്ടിലെ കാർഷികപ്രശ്നങ്ങളും മേൽക്കൈ നൽകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
ഈ സീറ്റ് ബി.ഡി.ജെ.എസിന് കൊടുക്കുന്നതിൽ അമർഷമുള്ള ബി.ജെ.പി. പ്രവർത്തകരുണ്ട്. ഇവരിൽ കുറച്ചുപേരുടെ വോട്ട് മറിയുമെന്ന് എതിരാളികൾ കരുതുന്നു. എന്നാൽ, അതു വെറും മോഹംമാത്രമാണെന്ന് എൻ.ഡി.എ. നേതാക്കൾ പറയുന്നു.
കുട്ടനാട്ടിലെ കാർഷികപ്രശ്നങ്ങൾ, കൊല്ലത്തെ കശുവണ്ടി വ്യവസായത്തകർച്ച, റബ്ബർ താങ്ങുവില, ക്ഷേമപെൻഷൻ മുടക്കം, സംസ്ഥാന സർക്കാരിലെ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് യു.ഡി.എഫ്. പ്രധാനമായും ഉയർത്തുന്നത്. കേന്ദ്രത്തെ പഴിക്കുന്നതൊഴിച്ച് മറ്റു വിഷയങ്ങൾ എൻ.ഡി.എ.യും ഉയർത്തുന്നു.
കേന്ദ്രസർക്കാർ വീർപ്പുമുട്ടിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, ഇലക്ടറൽ ബോണ്ട്, ഭരണഘടനാ സ്ഥാപനങ്ങൾ കാൽക്കീഴിലാക്കുന്നത്, കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യിലേക്കു പോകുന്നത്, പൗരത്വനിയമ ഭേദഗതി നിയമം, എന്നിവ എൽ.ഡി.എഫ്. ഉയർത്തുന്നു. എൻ.ഡി.എ. സ്ഥാനാർഥി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു. കൊടിക്കുന്നിലിന്റെ വികസനം ഹൈമാസ്റ്റ് ലൈറ്റു മാത്രമാണെന്നാണ് വിമർശനം.
Content Highlights: mavelikkara lok sabha election
Published: 20 Apr 2024, 08:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented