
സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാടുമുതല്‍ പശ്ചിമഘട്ടത്തിന്റെ താഴ്‌വാരത്തുള്ള പത്തനാപുരംവരെ ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുകയാണ്. മാവേലിക്കര ലോക്സഭാമണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാത്തവിഷയങ്ങളില്ല. കായലും വയലും കാടും മലയുമെല്ലാം കൊണ്ട് വൈവിധ്യങ്ങളുടെ തട്ടകം. ഭൂപ്രകൃതിയിലെ വൈവിധ്യംകൊണ്ടുതന്നെ മണ്ഡലത്തിലുള്ളത് വ്യത്യസ്തമായ പ്രശ്‌നങ്ങളാണ്. കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരുടെയും താറാവ് കര്‍ഷകരുടെയും തീരാത്ത കഷ്ടപ്പാട് ഒരറ്റത്ത്. കുന്നത്തൂരിലെ കശുവണ്ടിമേഖലയുടെ തകര്‍ച്ച ജനജീവിതത്തിലുണ്ടാക്കിയ തിരിച്ചടികളും പത്തനാപുരത്തെ റബ്ബര്‍ കര്‍ഷകരുടെ കണ്ണീരും വന്യമൃഗശല്യവുമെല്ലാം മണ്ഡലത്തിലെ നീറുന്നവിഷയങ്ങളാണ്.
നെല്ലിന്റെവില സമയത്ത് കിട്ടുന്നല്ലെന്ന കുട്ടനാട്ടിലെ കര്‍ഷകരുടെ പരിദേവനം പരിഹരിക്കപ്പെടാത്ത വിഷയമാണ്. ഒപ്പം മടവീഴ്ചകൊണ്ടുണ്ടാകുന്ന ദുരിതങ്ങള്‍ക്കും ശാശ്വതപരിഹാരം കാണാനായിട്ടില്ല. സീസണ്‍സമയത്ത് പക്ഷിപ്പനി പടരുന്നത് താറാവു കര്‍ഷകരുടെ ജിവിതം നിലയില്ലാക്കയത്തിലേക്കാഴ്ത്തുന്നു. ഇവിടെ വള്ളവും ബോട്ടുംമാത്രമെത്തുന്ന പ്രദേശങ്ങളിലെ ജനജീവിതം ദുരിതത്തിലാണ്. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമവും മഴക്കാലത്ത് പ്രളയവും നേരിട്ടാണ് കുട്ടനാടന്‍ ജീവിതം. കുന്നത്തൂര്‍മേഖലയുടെ നട്ടെല്ലായിരുന്ന കശുവണ്ടിമേഖല പാടേതകര്‍ന്നു. ആകെയുള്ള 75 ഫാക്ടറികളില്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല. കാല്‍ലക്ഷം കശുവണ്ടിത്തൊഴിലാളികളാണ് നിത്യവൃത്തിക്കായി തൊഴിലുറപ്പിലേക്ക് മാറിയത്. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലേക്ക് വികസനത്തിന്റെ ചൂളംവിളി എത്തിയിട്ടില്ലെന്നതും പ്രധാന വിഷയമാണ്.
സി.പി.ഐ.യുടെ പരീക്ഷണം
മണ്ഡലത്തില്‍ വീണ്ടും കൊടിനാട്ടാമെന്ന ആത്മവിശ്വാസത്തോടെ യു.ഡി.എഫ്. കളത്തിലിറക്കിയിരിക്കുന്നത് സിറ്റിങ് എം.പി.യായ കൊടിക്കുന്നില്‍ സുരേഷിനെയാണ്. മണ്ഡലം പിടിക്കാനുള്ള പടപ്പുറപ്പാടില്‍ എല്‍.ഡി.എഫ്. ആകട്ടെ എ.ഐ.വൈ.എഫ്. നേതാവായ സി.എ. അരുണ്‍കുമാറിനെ രംഗത്തിറക്കി പുതുമുഖപരീക്ഷണം നടത്തുന്നു. ബി.ഡി.ജെ.എസ്. നേതാവായ ബൈജു കലാശാലയെ അങ്കത്തട്ടിലിറക്കിയാണ് എന്‍.ഡി.എ. ബലാബലത്തിന് മൂര്‍ച്ചകൂട്ടുന്നത്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കുന്നത്തൂര്‍, പത്തനാപുരം എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മാവേലിക്കര ലോക്സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഈ ഏഴുമണ്ഡലങ്ങളിലും എല്‍.ഡി.എഫിനായിരുന്നു സമ്പൂര്‍ണാധിപത്യം.
2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പുവേളയില്‍ മാവേലിക്കരയിലെ ഏഴു നിയമസഭാമണ്ഡലങ്ങളില്‍ അഞ്ചും യു.ഡി.എഫിന് ഒപ്പമായിരുന്നു. 2014-ല്‍ അത് മൂന്നായും 2019-ല്‍ ഒന്നായും കുറഞ്ഞു. എന്നാല്‍, ഇതൊന്നും ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടില്ല. പുനര്‍നിര്‍ണയത്തിനുശേഷമുള്ള മാവേലിക്കര മണ്ഡലത്തിലെ മൂന്നു തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു ജയം. പഴയ മാവേലിക്കര മണ്ഡലത്തിലും കോണ്‍ഗ്രസ് മുന്നണിക്കായിരുന്നു വിജയം കൂടുതല്‍. ഇക്കുറി ഏഴുനിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിന്റെ കൈപ്പിടിയിലാണെങ്കിലും മണ്ഡലത്തിന്റെ ഈ ചരിത്രമാണ് യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നത്. ഈ ചരിത്രം തിരുത്തിയെഴുതുമെന്നാണ് എല്‍.ഡി.എഫിന്റെ ഉറച്ചവിശ്വാസം.
കരുത്തന്മാരുടെ വാഴ്ചയും വീഴ്ചയും കണ്ട മണ്ഡലം
കരുത്തന്മാര്‍ വാണതും വീണതുമായ ചരിത്രമാണ് മാവേലിക്കരയ്ക്കു പറയാനുള്ളത്. മണ്ഡലം രൂപവത്കൃതമായ 1962 മുതല്‍ 2019 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ തവണയും ജനഹിതം യു.ഡി.എഫിന് അനുകൂലമായിരുന്നു. ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോഴും തൊട്ടടുത്തവര്‍ഷം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞിട്ടുമുണ്ട്. ഇവിടെ 11 തവണ കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി പാറി. സി.പി.ഐ.-കോണ്‍ഗ്രസ് മുന്നണി ഒരുതവണ മണ്ഡലം പിടിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും ജനതാപാര്‍ട്ടിയും എല്‍.ഡി.എഫും ഓരോതവണ വീതം ജയിച്ചുകയറി. മധ്യതിരുവിതാംകൂറിലെ സ്ഥിരം സംവരണമണ്ഡലമായിരുന്ന അടൂര്‍ 2009-ലെ മണ്ഡലപുനര്‍നിര്‍ണയത്തില്‍ ഇല്ലാതായപ്പോഴാണ് സംവരണപദവി മാവേലിക്കരയ്ക്ക് കൈവന്നത്. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ അടൂരിലെ സിറ്റിങ് എം.പി.യായിരുന്ന കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയില്‍ മത്സരിച്ചു. അന്നുമുതല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവരെയും മണ്ഡലത്തില്‍ കൊടിപാറിച്ചത് അദ്ദേഹമാണ്.
Content Highlights: mavelikkara from farmers miserable condition to wildlife conflict
Published: 24 Mar 2024, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented