ആലപ്പുഴ: മമ്മൂട്ടി കൊടുമൺ പോറ്റിയായെത്തിയ ഭ്രമയുഗം സിനിമാ പോസ്റ്ററിന്റെ മാതൃകയിൽ കോൺഗ്രസ് പ്രവർത്തകരിൽ ചിലർ യു.ഡി.എഫ്.സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രംവെച്ച് ഒരു പോസ്റ്റർ ഇറക്കി. അതിന് കൊടിയുഗം എന്ന പേരും നൽകി. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന്റെ യുഗം തുടരുമെന്നുള്ള സന്ദേശം വോട്ടർമാർക്കു നൽകാനായിരുന്നു അവരുടെ ശ്രമം.

To advertise here,

പക്ഷേ, എതിർപക്ഷത്തുള്ളവർ അതിനെ അങ്ങനെയല്ല കണ്ടത്. ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച ‘ചാത്തൻ’ കഥാപാത്രത്തിന്റെ നെഗറ്റീവ് പരിവേഷം തപ്പി അവരിറങ്ങി. സിനിമയിലെ കഥയുമായി കൊടിക്കുന്നിലിനെയും കൂട്ടിയിണക്കി. അതിനെ പ്രതിരോധിക്കാൻ യു.ഡി.എഫ്. അനുഭാവികളും രംഗത്തുവന്നതോടെ മാവേലിക്കരയിലെ പ്രചാരണവും ഇരുപക്ഷവും തമ്മിലുള്ള കൊമ്പുകോർക്കലും പുതിയതലത്തിലേക്കെത്തി.

വില്ലനായെത്തിയ മമ്മൂട്ടി ഭ്രമയുഗത്തിൽ അവതരിപ്പിച്ച കഥാപാത്രം ചാത്തന്റേതായതാണ് പോസ്റ്റർ ഇത്രയും വിവാദമാകാൻ കാരണം. ‘മാവേലിക്കരക്കാർക്ക് ഈ ചാത്തനിൽനിന്ന് ശാപമോക്ഷമില്ലേ’ എന്നായിരുന്നു എതിർപക്ഷത്തെ ചിലർ സാമൂഹികമാധ്യമത്തിലെ പോസ്റ്ററിനു താഴെ കുറിച്ചത്. അതിന് യു.ഡി.എഫ്. അനുഭാവികൾ നൽകിയ മറുപടിയാണ് അതിലേറെ രസം. ‘മാറി മാറി വന്ന ചാത്തന്മാരെ മാവേലിക്കരക്കാർ ഓടിച്ചുവിട്ടിട്ടുണ്ട്. അതുപോലെ ഇനി വരുന്നവരെയും അവർ ഓടിച്ചുവിട്ടോളും’- എന്നാണ് യു.ഡി.എഫ്. അനുഭാവികൾ പറയുന്നത്.

ചാത്തൻ ചർച്ച മുറുകുമ്പോൾ പ്രവർത്തകർ പങ്കുവെച്ച കൊടിയുഗം പോസ്റ്ററിനു താഴെ കൊടിക്കുന്നിൽ സുരേഷും ലൈക്കടിച്ചു. സംഗതി എന്തായാലും കൊടിയുഗം പോസ്റ്ററിൽ മമ്മൂട്ടിയുടെ ലുക്കിലാണ് കൊടിക്കുന്നിൽ സുരേഷ്. മമ്മൂട്ടി എന്നും മെഗാസ്റ്റാറായി നിൽക്കുന്നിടത്തോളംകാലം കൊടിക്കുന്നിലിനെ അറിയുന്ന മാവേലിക്കരക്കാർ അദ്ദേഹത്തെയും സ്റ്റാറായിത്തന്നെ കാണുമെന്നാണ് അവരുടെ പക്ഷം.