കോഴിക്കോട്: കൃത്യമായി കണക്കുകൾ സമർപ്പിക്കുന്നവരാണ് രാജ്യത്തെ ഇടതുപക്ഷ പാർട്ടികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ഒരു കണക്കും നൽകാത്തത് ബി.ജെ.പിയാണ്. ആദായനികുതി നിയമങ്ങളൊന്നും അവർക്ക് ബാധകമല്ലെന്നും കോഴിക്കോട് എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

To advertise here,

മുമ്പ് സി.പി.എമ്മിന് 15 കോടി രൂപയുടെ നോട്ടീസ് ആദായ നികുതി വകുപ്പിൽനിന്ന് ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കും പിരിച്ചെടുത്ത കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. അന്ന് ഹൈക്കോടതിയിൽ പോയതിനേത്തുടർന്ന് ഈ വിഷയം ഇപ്പോൾ കേസിലാണ്, ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

കൃത്യമായി കണക്കുകൾ സമർപ്പിക്കുന്നവരാണ് ഇടതുപക്ഷപാർട്ടികൾ. ഒരു കണക്കും നൽകാത്തത് ബി.ജെ.പിയാണ്. ഇ.ഡി.യെ അറിയുന്നപോലെ ആദായ നികുതി വകുപ്പിനേയും ഇപ്പോൾ എല്ലാവർക്കുമറിയാം. കോൺ​ഗ്രസിന്റെ ഉന്നത നേതാവായ വനിതയുടെ ഭർത്താവ് ഒരു സാമ്പത്തിക കേസിൽപ്പെട്ടതോടെ അദ്ദേഹം ബി.ജെ.പിക്ക് ഫണ്ട് നൽകി. ഇതോടെ കേസ് ഇല്ലാതായെന്നും ഗോവിന്ദൻ ആരോപിച്ചു. 

കോൺ​ഗ്രസിന് ലഭിച്ച ആദായനികുതി നോട്ടീസ് അടയ്ക്കുന്നതിൽ അവർക്ക് പ്രയാസമില്ല. ടിക്കറ്റെടുക്കാൻ പണമില്ലെന്നാണ് കോൺ​ഗ്രസ് പറയുന്നത്. അപ്പോൾ, തിരഞ്ഞെടുപ്പ് ബോണ്ടുകൾവഴി ലഭിച്ച 2,000 കോടി എവിടെപ്പോയെന്നും എം.വി ​ഗോവിന്ദൻ ചോദിച്ചു.