ഏതെങ്കിലും മുന്നണിക്കോ നേതാവിനോ കുത്തക അവകാശപ്പെടാന്‍ പറ്റാത്തിടം എന്ന ചരിത്രം തിരുത്തി എം.കെ. രാഘവന് ഹാട്രിക് വിജയം നല്‍കിയ മണ്ഡലമാണ് കോഴിക്കോട്. പടയോട്ടങ്ങള്‍ ഏറെ കണ്ട സാമൂതിരിയുടെ നാട്ടില്‍ മൂന്ന് തവണ തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇക്കുറി എല്‍.ഡി.എഫ്. ഇറങ്ങുന്നതെങ്കില്‍ തുടര്‍ച്ചയായ നാലാം തവണവയും മണ്ഡലം കൈവെള്ളയില്‍ നിര്‍ത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഒപ്പം ശക്തി തെളിയിക്കാന്‍ എന്‍.ഡി.എയും.

To advertise here,

മണ്ഡലങ്ങള്‍ ഏഴ്, ആറിടത്തും ഇടത്

കോഴിക്കോട്, വയനാട് ജില്ലകളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതായിരുന്നു കോഴിക്കോട് ലോക്സഭ മണ്ഡലം. ഇരുമുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുള്ള മണ്ഡലം. എന്നാല്‍ 2009-ല്‍ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തിയതോടെ മണ്ഡലത്തിന്റെ ചിത്രം മാറി. യു.ഡി.എഫിന് സ്വാധീനമുള്ള വയനാട്ടിലെ മണ്ഡലങ്ങള്‍ ഒഴിവാക്കി എല്‍.ഡി.എഫിന് സ്വാധീനമുള്ള ബേപ്പൂര്‍, കുന്ദമംഗലം നിയമസഭാ മണ്ഡലങ്ങള്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കോഴിക്കോട് ലോക്‌സഭാ മണ്ഡലം. ഇതില്‍ ആറിടത്തുനിന്നും നിയമസഭയെ പ്രതിനീധികരിക്കുന്നത് ഇടത് എം.എല്‍.എമാര്‍.  കോഴിക്കോട് ജില്ലയില്‍ 25,83,119 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 13,33,052 പേര്‍ സ്ത്രീകളും 12,50,018 പേര്‍ പുരുഷന്മാരും 49 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. പട്ടികയില്‍ 42055 യുവ വോട്ടര്‍മാരും 34198 ഭിന്നശേഷി വോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. 52506 വോട്ടര്‍മാര്‍ 80 വയസ്സിന് മുകളിലുള്ളവരാണ്.  

വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ - https://mbi.page.link/mbplus

കണക്കുകൂട്ടലുകള്‍ തെറ്റിച്ച 2009, കോഴിക്കോട്ടുകാരുടെ കൈപിടിച്ച്  എം.കെ. രാഘവന്‍

മണ്ഡലത്തിന്റെ പുനര്‍നിര്‍ണയം ഇടതിന് ഏറെ  പ്രതീക്ഷ നല്‍കിയ വര്‍ഷമായിരുന്നു 2009, ഇടത് അനുകൂല മണ്ഡലമായി എല്ലാവരും കോഴിക്കോടിനെ വിലയിരുത്തി. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കാര്യം നേരെ തിരിച്ചായി. രാഘവന്‍ കോഴിക്കോട് പിടിച്ചെടുത്തു..  838 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

placeholder
എം.കെ. രാഘവന്‍ | Photo: Mathrubhumi 

ഭൂരിപക്ഷം കുറവായിരുന്നെങ്കിലും അത് എല്‍.ഡി.എഫിന് നല്‍കിയ ആഘാതം കടുത്തതായിരുന്നു. കോഴിക്കോട്ടുകാരന്‍ അല്ലാത്ത സ്ഥാനാര്‍ഥി എന്ന വിശേഷണത്തോടെയായിരുന്നു എം.കെ. രാഘവന്റെ കോഴിക്കോട്ടേക്കുള്ള വരവ്. പാര്‍ട്ടി നേതാക്കള്‍ക്കുള്ളില്‍ തന്നെ നല്ല എതിര്‍പ്പുണ്ടായിരുന്ന സമയം. യുവ നേതാവും കോഴിക്കോട്ടുകാരനുമായ പി.എ. മുഹമ്മദ് റിയാസിനെ നിര്‍ത്തി മണ്ഡലം എളുപ്പത്തില്‍ നേടാം എന്നായിരുന്നു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. റിയാസിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി വോട്ടുകള്‍ പോലും ചോര്‍ത്താനിടയാക്കി. ഇതാണ് ചെറിയ ഭൂരിപക്ഷത്തിനെങ്കിലും രാഘവന്‍ കടന്നുകൂടാനിടയാക്കിയതെന്ന് കോണ്‍ഗ്രസുകാര്‍ പോലും അടക്കംപറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് കണ്ണൂരുകാരന്‍ എം.കെ. രാഘവന്‍ കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി.

2014: ഏറ്റുമുട്ടിയത് കോഴിക്കോടിന് പുറത്തുള്ളവര്‍, രാഘവനെ കൈവിടാതെ മണ്ഡലം

2010-ലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും 2011-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനായിരുന്നു മേല്‍ക്കൈ.
കോഴിക്കോട് കോര്‍പ്പറേഷനിലും പഞ്ചായത്തുകളിലും ഇടതിനായിരുന്നു മുന്‍തൂക്കം. നിയമസഭാ ചിത്രം പരിശോധിച്ചാല്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും എല്‍.ഡി.എഫ്. വിജയിച്ചു. കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, എലത്തൂര്‍, കുന്ദമംഗലം, ബാലുശ്ശേരി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിനും കോഴിക്കോട് സൗത്ത്, കൊടുവള്ളി എന്നിവിടങ്ങളില്‍ യു.ഡി.എഫിനും ആയിരുന്നു വിജയം. ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും നേടിയ മികച്ച വിജയം ലോക്സഭയിലേക്കും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് 2014ല്‍ എല്‍.ഡി.എഫ്. ലോക്സഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. കൈവിട്ടുപോയ സീറ്റ് തിരിച്ചു പിടിക്കാനുള്ള തീവ്ര പ്രയത്നത്തില്‍ ആയിരുന്നു പാര്‍ട്ടി. പക്ഷെ അപ്പോഴേക്കും കോഴിക്കോടിന്റെ മുക്കിലും മൂലയിലും എം.കെ. രാഘവന്‍ തന്റെ വ്യക്തിപ്രഭാവം പതിപ്പിച്ചിരുന്നു. രാഘവനെതിരെ അന്ന് ഇടത് പക്ഷം കളത്തിലിറക്കിയത് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ഇപ്പോള്‍ പോളിറ്റ്ബ്യൂറോ അംഗവുമായ എ.വിജയരാഘവനെ. അങ്ങനെ കോഴിക്കോട്ട് മത്സരം കോഴിക്കോടിന് പുറത്തുനിന്നുള്ള രണ്ടുപേര്‍ തമ്മിലായി. പക്ഷെ ഫലം വന്നപ്പോള്‍ 2009-ലെ 838ല്‍ നിന്നും എം.കെ  രാഘവന്റെ ലീഡ് 16,883 ആയി ഉയര്‍ന്നു.

2019: കോണ്‍ഗ്രസിലെ ജനകീയനെ നേരിട്ടത് സി.പി.എമ്മിലെ ജനകീയന്‍

ജനസമ്മിതിയുടെ കരുത്തില്‍ 2019-ല്‍ മൂന്നാമങ്കത്തിന് ഇറങ്ങിയ എം.കെ. രാഘവനെ പിടിച്ചു കെട്ടാന്‍ അതേ ജനസമ്മിതിയുള്ള, ജനകീയ എം.എല്‍.എ. എന്ന് പേരെടുത്ത എ പ്രദീപ് കുമാറിനെയാണ് സി.പി.എം. കളത്തില്‍ ഇറക്കിയത്. 2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കോയ്മയും എല്‍.ഡി.എഫിന് പ്രതീക്ഷയായിരുന്നു. കോഴിക്കോട് സൗത്ത് ഒഴികെയുളള ആറ് നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്. ജയിക്കുകയും ഗണ്യമായ ഭൂരിപക്ഷം നേടുകയും ചെയ്ത നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു അത്.

placeholder
 എ പ്രദീപ് കുമാര്‍ | Photo: Mathrubhumi

എ. പ്രദീപ്കുമാറിന്റെ ജനകീയതയും നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയവും പിന്തുണയ്ക്കുമെന്നായിരുന്നു എല്‍.ഡി.എഫിനെ കണക്കുകൂട്ടല്‍. പത്തുവര്‍ഷം നടപ്പാക്കിയ വികസന പദ്ധതികളും പൊതു സ്വീകാര്യതയുമായി എം.കെ. രാഘവന്‍ വോട്ട് പിടിക്കാന്‍ ഇറങ്ങിയപ്പോള്‍ കോഴിക്കോട് നോര്‍ത്തില്‍നിന്ന് തുടര്‍ച്ചയായി മൂന്നുതവണ ജനപ്രതിനിധിയായ പ്രദീപ് കുമാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ലോക്സഭാ മണ്ഡലത്തില്‍ ആകെ എത്തിക്കാന്‍ അദ്ദേഹത്തെ വിജയിപ്പിക്കണമെന്നായിരുന്നു എല്‍.ഡി.എഫിന്റെ മുഖ്യപ്രചാരണം. എന്നിട്ടും സി.പി.എമ്മിന് കാലിടറി, എം.കെ. രാഘവന്റെ വ്യക്തിപ്രഭാവവും രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഉയര്‍ത്തിയ കൊടുങ്കാറ്റും വോട്ട് യു.ഡി.എഫിന്റെ അക്കൗണ്ടില്‍ എത്തിച്ചു. 85,225 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഹാട്രിക് വിജയമെന്ന നേട്ടവുമായി എം.കെ. രാഘവന്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചു.

17 തിരഞ്ഞെടുപ്പുകള്‍, എല്ലാവരേയും മാറി മാറി പിന്തുണച്ച ചരിത്രം

ഐക്യ കേരളം നിലവില്‍ വരുന്നതിനു മുന്‍പ് രണ്ട് തവണ കോഴിക്കോട് മണ്ഡലത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. 1951-ല്‍ കിസാന്‍ - മസ്ദൂര്‍ പ്രജ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്ന അച്യുതന്‍ ദാമോദര മേനോന്‍ ആണ് വിജയിച്ചത്. 1957-ല്‍ കോണ്‍ഗ്രസിലെ കെ.പി. കുട്ടികൃഷ്ണന്‍ നായര്‍ ആയിരുന്നു വിജയി. കേരളം രൂപീകരിച്ച ശേഷം 1962-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ സി.എച്ച്. മുഹമ്മദ് കോയ തിരഞ്ഞെടുക്കപ്പെട്ടു. 1967-ലും 1971-ലും മുസ്ലിം ലീഗിലെ ഇബ്രാഹിം സുലൈമാനായിരുന്നു വിജയം. 1977-ല്‍ കോണ്‍ഗ്രസിലെ ബി.എസ്. സെയ്ത് മുഹമ്മദ് വിജയിച്ചു 1980-ല്‍ സി.പി.എമ്മിലെ ഇ.കെ. ഇമ്പിച്ചി ബാവ അട്ടിമറി വിജയം നേടി. 1984-ല്‍ കോണ്‍ഗ്രസിലെ കെ.ജി. അടിയോടി സീറ്റ് തിരിച്ചുപിടിച്ചു 1989-ലും 1991-ലും കോണ്‍ഗ്രസിലെ കെ. മുരളീധരന്‍ വിജയിച്ചു. 1996-ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി, ജനതാദളിലെ എം.പി. വീരേന്ദ്രകുമാര്‍ വിജയിച്ചു 1998-ല്‍ കോണ്‍ഗ്രസിലെ പി. ശങ്കരന് ആയിരുന്നു ജയം. 1999 കെ. മുരളീധരന്‍ തിരഞ്ഞെടുക്കപ്പെട്ടു 2004-ല്‍ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ഥിയായി എം.പി. വീരേന്ദ്രകുമാര്‍ വീണ്ടും വിജയിച്ചു

വര്‍ഷം പാര്‍ലമെന്റംഗം പാര്‍ട്ടി 

ഭൂരിപക്ഷം

1952അച്യുതന്‍ ദാമോദരന്‍ മേനോന്‍കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി27454
1957കെ.പി. കുട്ടികൃഷ്ണന്‍ നായര്‍കോണ്‍ഗ്രസ്13942
1962സി.എച്ച്. മുഹമ്മദ് കോയ മുസ്‌ലിം ലീഗ്763
1967ഇബ്രാഹിം സുലൈമാന്‍ സെയ്ത്മുസ്‌ലിം ലീഗ്81,873
1971ഇബ്രാഹിം സുലൈമാന്‍ സെയ്ത്മുസ്‌ലിം ലീഗ്72016
1977വി.എ. സെയ്ദ് മുഹമ്മദ്കോണ്‍ഗ്രസ്13074
1980ഇ.കെ. ഇമ്പിച്ചിബാവസി.പി.എം40695
1984കെ.ജി. അടിയോടികോണ്‍ഗ്രസ്54061
1989കെ. മുരളീധരന്‍കോണ്‍ഗ്രസ്28957
1991കെ. മുരളീധരന്‍കോണ്‍ഗ്രസ്15884
1996എം.പി. വീരേന്ദ്രകുമാര്‍ജനതാദള്‍38703
1998പി. ശങ്കരന്‍കോണ്‍ഗ്രസ്18657
1999കെ. മുരളീധരന്‍കോണ്‍ഗ്രസ്50402
2004എം.പി. വീരേന്ദ്രകുമാര്‍ജനതാദള്‍ എസ്65326
2009എം.കെ. രാഘവന്‍കോൺഗ്രസ്838
2014എം.കെ. രാഘവന്‍കോൺഗ്രസ്16883
2019 എം.കെ. രാഘവന്‍കോൺഗ്രസ്85225


മലബാറില്‍ കാസര്‍കോടും പാലക്കാടും പോലെ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ കേഡര്‍ വോട്ടുകളുള്ള സ്ഥലമാണ് കോഴിക്കോട്. ഇതില്‍ത്തന്നെ, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് വലിയതോതില്‍ വോട്ടുള്ളയിടങ്ങളാണ്. എ ക്ലാസ് പരിഗണന നല്‍കി സംസ്ഥാന നേതാക്കളെയാണ് ഈ രണ്ട് സീറ്റിലും ബിജെപി മത്സരിപ്പിക്കാറുള്ളത്‌. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.ടി. രമേശ് ആയിരുന്നു കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി. മൂന്നാംസ്ഥാനത്തേ എത്താന്‍ കഴിഞ്ഞുള്ളുവെങ്കിലും 22.5 ശതമാനം വോട്ട് നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുന്നമംഗലം മണ്ഡലത്തില്‍ 2021-ല്‍ വിജയിച്ചത് സി.പി.എം. സ്വതന്ത്രനായ പി.ടി.എ. റഹീം ആയിരന്നു. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പി. സ്ഥാനാര്‍ഥി വി.കെ. സജീവന് 14.28 ശതമാനം വോട്ടാണ് നേടാനായത്. 2019-ല്‍ അഡ്വ. പ്രകാശ് ബാബുവായിരുന്നു കോഴിക്കോട്‌ ബി.ജെ.പി. സ്ഥാനാര്‍ഥി. അന്ന്‌ 1,61,216 വോട്ട്‌ 16 ശതമാനം വോട്ടാണ് അദ്ദേഹത്തിന് നേടാനായത്. കോഴിക്കോട് മണ്ഡലത്തിലെ പ്രധാനമത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെങ്കിലും ബി.ജെ.പി. സാന്നിധ്യം നിര്‍ണായകം തന്നെയാണ്. 

ഇത്തവണ ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യവും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ കേരളത്തില്‍ കേരളത്തില്‍ ശക്തി തെളിയിക്കുക എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ നിര്‍ണായകമാണ്. എം.കെ. രാഘവനെത്തന്നെ ഇറക്കി മണ്ഡലം സുരക്ഷിതമാക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഇത്തവണ രാഘവനെ തോല്‍പ്പിക്കാന്‍ സി.പി.എം. നേതാവും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീമിനെയാണ് സി.പി.എം കണ്ടുവച്ചിരിക്കുന്നത്. പാര്‍ട്ടി ശക്തമല്ലെങ്കിലും രാഘവന്‍ സൃഷ്ടിച്ചെടുത്ത ജനകീയതയും വ്യക്തിബന്ധങ്ങളുമാണ് ഓരോ തവണയും ഭൂരിപക്ഷം കൂട്ടാന്‍ അദ്ദേഹത്തെ സഹായിച്ചത്. നിയമസഭയിലേക്ക് രണ്ട് പതിറ്റാണ്ടായി ഒരു കോണ്‍ഗ്രസുകാരന്‍ പോലും ജയിച്ചിട്ടില്ലാത്ത കോഴിക്കോട് ജില്ലയിലാണ് രാഘവന്‍ ഹാടിക് തികച്ച് നാലാം അങ്കത്തിനിറങ്ങുന്നത്. സിഐടിയു നേതൃത്വത്തിലും മന്ത്രിപദവിയിലും അടക്കം ദീര്‍ഘകാലം കോഴിക്കോടിന്റെ സ്പന്ദനമറിയുന്ന എളമരം കളത്തിലിറങ്ങിയാല്‍ മത്സരം തീ പാറുമെന്നുറപ്പ്‌.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വോട്ട് വിഹിതം മെച്ചപ്പെടുത്താന്‍ ആരെ നിര്‍ത്തുമെന്നതാണ് ചോദ്യം. എം.ടി രമേശിന്റെ രമേശിന്റെ പേരാണ് പരിഗണനയില്‍. സ്ഥിരം മുഖങ്ങള്‍ വേണ്ടെന്ന് ഒരു വിഭാഗം പറയുമ്പോള്‍ പിന്നെയാര് എന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി. അങ്ങനെയെങ്കില്‍ ജില്ലാ പ്രസിഡന്റ് വി.കെ.സജീവനും സാധ്യതകളുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ - https://mbi.page.link/mbplus