കോട്ടയം: ആളും ആരവവുമായി തോമസ് ചാഴികാടന്‍. പ്രാവിനെ പറത്തി പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് ഫ്രാന്‍സിസ് ജോര്‍ജ്. തിരുനക്കര മൈതാനിയെ പ്രകമ്പനംകൊള്ളിച്ച ഡി.ജെ.ഷോയുമായി തുഷാര്‍ വെള്ളാപ്പള്ളി. തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനംകുറിച്ച് മുന്നണികളുടെ കൊട്ടിക്കലാശം. തിരുനക്കരയില്‍ പൊടിപൂരം.

To advertise here,

ബുധനാഴ്ച വൈകീട്ട് കലാശക്കൊട്ടിന് തുടക്കംകുറിച്ച് തിരുനക്കരയില്‍ ആദ്യമെത്തിയത് എന്‍.ഡി.എ. തിരുനക്കര മൈതാനത്ത് പാട്ടും കൊട്ടും വെളിച്ചവും അരങ്ങുതകര്‍ത്ത ഡി.ജെ.ഷോ. വേദിയില്‍ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം പ്രകാശ്ബാബു, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സജി മഞ്ഞക്കടമ്പില്‍ എന്നിവര്‍.

ബി.ജെ.പി.യുടെയും ബി.ഡി.ജെ.എസിന്റെയും പ്രവര്‍ത്തകര്‍ നൃത്തച്ചുവടുകളുമായി സ്റ്റേജിനു ചുറ്റും നിരന്നു. മൈതാനത്തിന്റെ കവാടത്തില്‍ നാസിക് ഡോല്‍ മുഴങ്ങിയതോടെ അരങ്ങ് കൊഴുത്തു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് തിരുനക്കരയിലെത്തിയത്. സ്ഥാനാര്‍ഥിയുടെ കട്ടൗട്ടുകളും കൊടികളും രണ്ടില ചിഹ്നവുമായി പ്രവര്‍ത്തകര്‍ നിറഞ്ഞു.എല്‍.ഡി.എഫ്. നേതാക്കളായ അനില്‍കുമാര്‍, വി.ബി. ബിനു എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.


കോട്ടയം ബസേലിയസ് കോളേജ് ജങ്ഷനില്‍നിന്ന് ഓട്ടോറിക്ഷകളുടെ അകമ്പടിയോടെയായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ വരവ്. യു.ഡി.എഫ്. നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി.തോമസ്, നാട്ടകം സുരേഷ്, മോന്‍സ് ജോസഫ്, ഫില്‍സണ്‍ മാത്യൂസ്, ഫിലിപ്പ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുറന്ന വാഹനത്തിലെത്തിയ സ്ഥാനാര്‍ഥി പിന്നീട ജെ.സി.ബി.യിലേറി വാനിലുയര്‍ന്നു. പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് ചെറു പ്രസംഗം. ഒടുവില്‍ ഫ്രാന്‍സിസ് ജോര്‍ജ് വെള്ളരിപ്രാവിനെ പറത്തിയതോടെ കൈയടി ഉയര്‍ന്നു.

രണ്ട് മുന്നണികളുടെയും അനൗണ്‍സ്മെന്റ് വാഹനങ്ങളില്‍നിന്ന് പാട്ടുകള്‍ ഒഴുകി. മുദ്രാവാക്യങ്ങള്‍ മുഴങ്ങി. പ്രവര്‍ത്തകര്‍ റോഡിനിരുവശവും നിറഞ്ഞതോടെ ആവേശം കൊട്ടിക്കയറി.