കോട്ടയം: പാര്‍ലമെന്റിലേക്ക് എല്ലാവരും ശ്രദ്ധിക്കുന്ന സമയമാണിത്. എന്നാല്‍, പാര്‍ലമെന്റ് കോട്ടയത്തേക്ക് ശ്രദ്ധിച്ച ദിവസങ്ങളുണ്ടായിരുന്നു. 63 വര്‍ഷം മുമ്പ്. അതിന് കാരണമായത് സാക്ഷാല്‍ എ.കെ.ജി.യും. അമരാവതി സത്യാഗ്രഹത്തെ തുടര്‍ന്ന് അവശനായ എ.കെ.ജി.യെ കോട്ടയം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നെഹ്റു തന്നെ എല്ലാ ദിവസവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അറിയാന്‍ കോട്ടയം ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ അധികൃതര്‍ മുള്ളിന്മേല്‍നിന്ന സമയം.

To advertise here,

1961 ജൂണ്‍ ആറിനാണ് എ.കെ.ജി. കുടിയിറക്കിനെതിരേ നിരാഹാരം തുടങ്ങിയത്. അന്നദ്ദേഹം പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവുമാണ്. ഒന്‍പതാം ദിവസം അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചു. 15 മുതല്‍ ഇടുക്കിയില്‍നിന്നുള്ള ജനശ്രദ്ധ കോട്ടയത്തേക്കായി. മലയോര കര്‍ഷകരുടെ പ്രശ്‌നത്തിന് മനുഷ്യത്വപരമായ പരിഹാരം കാണാനും എ.കെ.ജി.യുടെ ജീവന്‍ രക്ഷിക്കാനും നെഹ്റു നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയെ ചുമതല ഏല്‍പ്പിച്ചു. ഇതോടെയാണ് അറസ്റ്റുണ്ടായത്. പിന്നാലെ പരിഹാരം കണ്ടെത്താനുള്ള ചര്‍ച്ചകളും.

ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റിക്കുസമീപമുള്ള പാലാമ്പടം ബ്ലോക്കിന്റെ മുകളിലത്തെ നിലയിലായിരുന്നു എ.കെ.ജി. കിടന്നത്. പി.ടി. ചാക്കോ മൂന്നുവട്ടം എ.കെ.ജി.യെ വന്നുകണ്ടു. കുടിയിറക്കിയ കര്‍ഷകര്‍ക്ക് തൃപ്തികരമായ രീതിയില്‍ കൃഷി, വാസയോഗ്യമായ സ്ഥലം എന്നിവ ലഭിക്കാതെ സത്യാഗ്രഹം അവസാനിപ്പിക്കുന്ന പ്രശ്‌നമില്ലെന്ന് എ.കെ.ജി. തീര്‍ത്തുപറഞ്ഞു. ഇതോടെ സംസ്ഥാന സര്‍ക്കാരും പ്രതിസന്ധിയിലായി.

ആശുപത്രിയിലും എ.കെ.ജി. നിരാഹാരം തുടരുന്നത് നെഹ്‌റുവിനെ അസ്വസ്ഥനാക്കി. മാധ്യമങ്ങള്‍ എ.കെ.ജി. യുടെ സമരത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. ഇതിനകം ഫാ.ജോസഫ് വടക്കന്റെയും ബി. വെല്ലിങ്ടണിന്റെയും മറ്റും നേതൃത്വത്തില്‍ ദേവികുളം, പീരുമേട് താലൂക്കുകളിലും കോട്ടയം കളക്ടറേറ്റിന് മുന്നിലും സമരം തുടങ്ങിയിരുന്നു.

ജൂണ്‍ 17-ന് ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് പി.ടി. ചാക്കോ, എ.കെ.ജി.ക്ക് കൈമാറി. പിന്നീട് കോട്ടയം പാര്‍ലമെന്റ് അംഗമായ കെ.എം. എബ്രഹാമും കോട്ടയം എം.എല്‍.എ. എം.കെ. ജോര്‍ജും ചേര്‍ന്ന് പിടിച്ച് എ.കെ.ജി.യെ കട്ടിലിലിരുത്തി. ബി. വെല്ലിങ്ടണും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ സമയത്ത്, ലോഹ്യ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ആര്‍.എം. മനയ്ക്കലാത്താണ് സത്യാഗ്രഹം അവസാനിപ്പിക്കുന്നതിന് എ.കെ.ജി.ക്ക് നാരങ്ങാനീര് നല്‍കിയത്. കെ. കേളപ്പനാണ് സമരം തീര്‍ക്കാനുള്ള മധ്യസ്ഥചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.

കട്ടിലില്‍ ചാരിയിരുന്ന എ.കെ.ജി.യുടെ മുഖത്ത് ചിരി വിടര്‍ന്നതോടെ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കും നേതാക്കള്‍ക്കും ആശ്വാസമായി. വലിയൊരു പ്രതിസന്ധി തരണം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. നെഹ്റു പ്രത്യേക താത്പര്യം എടുത്തിരുന്നതിനാല്‍ സംസ്ഥാന ഭരണകൂടത്തിന്റെ പ്രമുഖ ഉദ്യോഗസ്ഥരെല്ലാം കോട്ടയത്ത് ക്യാമ്പ് ചെയ്തിരുന്നു.