
കോട്ടയം: കുമരകത്ത് നല്ല ഉഴുന്നുവടയും പരിപ്പുവടയും മുട്ടബജ്ജിയും തയ്യാറാക്കുന്ന തിരക്കിലും തിരഞ്ഞെടുപ്പ് ആവിപറക്കുന്ന ചൂടോടെ അവര്‍ക്കിടയിയിലുണ്ട്. കുമരകം കോണത്താറ്റ് പാലത്തിന് സമീപം അഞ്ചുവര്‍ഷമായി പലഹാരമുണ്ടാക്കി വില്‍ക്കുന്ന മാരി സെല്‍വനും ഭാസ്‌കറും മനോജും ചൂടുചൂട് വിഭവങ്ങള്‍ വില്‍ക്കുമ്പോള്‍ രാഷ്ട്രീയ ചൂടും കുറയുന്നില്ല. 'തെങ്കാശിയില്‍ തിരഞ്ഞെടുപ്പ് 19-നാണ്. അതുകൊണ്ട് 16-ന് ഞങ്ങള്‍ നാട്ടില്‍പോകും. പിന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടേവരൂ,'-അവര്‍ മൂവരും പറയുന്നു. കന്നിവോട്ടുകാരായ മാരിസെല്‍വനും മനോജും രാഷ്ടീയക്കാരില്‍നിന്ന് കൂടുതല്‍ സേവനങ്ങള്‍ പ്രതീക്ഷിക്കുന്നു.
തമിഴ്നാട്ടിലും വാഗ്ദാനം നല്‍കുന്നതില്‍ രാഷ്ട്രീയക്കാര്‍ ഒട്ടും പിന്നിലല്ലെന്ന് പറയുന്നു ഭാസ്‌കര്‍. 'ഇപ്പോഴും വാഗ്ദാനങ്ങള്‍ പലതുണ്ട്. പലതും പാലിക്കപ്പെടാറില്ല.' വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും, മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷ ഒഴിവാക്കുമെന്നുവരെ വാഗ്ദാനമുണ്ട്. പക്ഷേ, നടപ്പാകുമെന്ന് തമിഴ് ജനതയ്ക്ക് വലിയ പ്രതീക്ഷയില്ലെന്ന് മനോജ് പറയുന്നു.
തെങ്കാശിയിലാണ് മൂവര്‍ക്കും േവാട്ടുള്ളത്. രാജപാളയം, ശ്രീവില്ലിപുത്തൂര്‍, ശങ്കരന്‍കോവില്‍, വാസുദേവനല്ലൂര്‍, കടയനല്ലൂര്‍, തെങ്കാശി എന്നിവ ഉള്‍പ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തെങ്കാശി സീറ്റ്. കഴിഞ്ഞ പ്രാവശ്യം ഡി.എം.കെ.യിലെ ധനുഷ് എം.കുമാറാണ് തെങ്കാശിയില്‍ വിജയിച്ചത്. ഇക്കുറി ഡി.എം.കെ.-കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്നാണ് മനോജിന്റെ പ്രതീക്ഷ. ആര് ജയിച്ചാലും ആനുകൂല്യങ്ങള്‍ വേണം. അല്ലെങ്കില്‍ ആരും രാഷ്ട്രീയക്കാരെ അത്ര പരിഗണിക്കില്ലെന്ന് മൂവരും പറയുന്നു. മുന്പ് എ.ഡി.എം.കെ.ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കി. ഡി.എം.കെ.ക്കാര്‍ വന്നതോടെ അതൊക്കെ നിര്‍ത്തി. പ്രതിമാസം കാര്‍ഡൊന്നിന് 1000 രൂപ കിട്ടുന്നു, അരി കിട്ടുന്നു, സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര. ഇതുപോലുള്ള ചില നല്ല കാര്യങ്ങള്‍ തമിഴ്‌നാട്ടിലുണ്ട്.
'അത്രയൊന്നും കേരളത്തില്‍ ഇല്ലെന്ന് തമിഴ്‌നാട്ടുകാര്‍ പറയുന്നു. എന്നാലും തിരഞ്ഞടുപ്പില്‍ ഇവിടെയും നല്ല ആവേശത്തിലാണ് ആളുകളെന്നാണ് അവരുടെ നിരീക്ഷണം. തോമസ് ചാഴികാടന്‍, അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, തുഷാര്‍ വെള്ളാപ്പള്ളിയൊക്കെ കാറില്‍ പോകുമ്പോള്‍ കാണാറുണ്ട്,'-ഭാസ്‌കര്‍ പറഞ്ഞു.
കടയിലെത്തുന്നവര്‍ കേരളത്തിലെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നത് ഇവര്‍ കാണുന്നു. രാഷ്ടീയക്കാര്‍ക്കും ചില പാകം ആവശ്യമാണെന്ന് ഇവരുടെ വിലയിരുത്തല്‍. മൊരിഞ്ഞ വടയ്ക്ക് ഉഴുന്ന് അരയുന്നതാണ് കാര്യമെങ്കില്‍ ചായയില്‍ അല്പം ബൂസ്റ്റുചേര്‍ത്ത് രുചികൂട്ടുംപോലെയുള്ള ചില രസം ചേര്‍ക്കല്‍ രാഷ്ട്രീയക്കാര്‍ക്കും ആവശ്യമാണെന്ന് അവര്‍ പറയുന്നു. 'ഞങ്ങള്‍ സ്‌നേഹംകൂടി ചേര്‍ത്താണ് വടയുണ്ടാക്കുന്നത്. ആ സ്‌നേഹം രാഷ്ട്രീയക്കാരില്‍ നിറഞ്ഞുനിന്നാല്‍ സേവനംചെയ്യാന്‍ അവര്‍ക്കൊരു ഊര്‍ജമാകും,'-ഭാസ്‌കര്‍ പറയുന്നു.
റെഡി ടു വോട്ട് ...
Content Highlights: kottayam election news
Published: 11 Apr 2024, 10:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented