
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ബസ്സ്റ്റാന്‍ഡ്. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ പര്യടനവാഹനം എത്തിയപ്പോള്‍ രാവിലെ 11 കഴിഞ്ഞു. പൈലറ്റ് പ്രസംഗം നടത്തിയ മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു മാത്യു വോട്ടര്‍മാരെ ഒരു കാര്യം ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ് ജോര്‍ജിന്റെ പിതാവ് കെ.എം. ജോര്‍ജുമായി മെഡിക്കല്‍ കോളേജിന് ഒരു പഴയ ബന്ധമുണ്ട്. 1970-ലാണ് മെഡിക്കല്‍ കോളേജിന്റെ ഒരു കെട്ടിടം അന്ന് ആരോഗ്യമന്ത്രിയായിരുന്ന കെ.എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തത്. അതും ഒരു ഏപ്രിലിലായിരുന്നു.
ആ കെ.എം. ജോര്‍ജിന്റെ പിന്‍ഗാമി ഫ്രാന്‍സിസ് ജോര്‍ജ് മെഡിക്കല്‍ കോളേജിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. 'മെഡിക്കല്‍ കോളേജില്‍ വികസനമെത്തിക്കും. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അഴിമതി നിറഞ്ഞ ഈ സര്‍ക്കാരിനെ മാറ്റാന്‍ യു.ഡി.എഫിനെ വിജയിപ്പിക്കണം'-അമിതാവേശമില്ലാത്ത ചെറുപ്രസംഗം. എന്നും മിതത്വമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ മുഖമുദ്ര. മെഡിക്കല്‍ കോളേജിനെ ചുറ്റി വാഹനം കടന്നുപോകുമ്പോള്‍ കെ.എം. ജോര്‍ജിലേക്ക് ഓര്‍മകള്‍ വഴിമാറി.
'ഞാന്‍ രാഷ്ട്രീയത്തിലെത്തണമെന്ന് പിതാവ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല'. നിയമബിരുദം നേടി വര്‍ഷങ്ങളോളം ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജ് ഒടുവില്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുകയായിരുന്നു.
'25 വര്‍ഷങ്ങള്‍ക്കുേശഷമുള്ള കോട്ടയം'-തന്റെ സ്വപ്നം ഫ്രാന്‍സിസ് ജോര്‍ജ് പങ്കുവെച്ചു. 'അറിവിന്റെയും പൈതൃകത്തിന്റെയും നഗരമായി കോട്ടയത്തെ മാറ്റിയെടുക്കും. കൂടുതല്‍ ടൂറിസം പദ്ധതികള്‍ കൊണ്ടുവരും. കൊച്ചി മെട്രോ കോട്ടയത്തേക്ക് നീട്ടാനുള്ള പരിശ്രമമുണ്ടാകും'-ഇടുക്കി പാക്കേജിനായി മുന്നില്‍നിന്ന മുന്‍ എം.പി.ക്ക് കോട്ടയത്തെക്കുറിച്ചും സ്വപ്നങ്ങളുണ്ട്. 1126 കോടിയുടെ ഇടുക്കി പാക്കേജ്, രാജീവ് ഗാന്ധി വൈദ്യുതീകരണ പദ്ധതി, തൊടുപുഴ മണക്കാട് കാലിത്തീറ്റ ഫാക്ടറി, സ്‌കൂളുകള്‍ക്ക് കംപ്യൂട്ടര്‍ ലാബ് തുടങ്ങി രണ്ടുതവണ ഇടുക്കിയെ പ്രതിനിധീകരിച്ച ഫ്രാന്‍സിസ് ജോര്‍ജ് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്.
ഗാന്ധിനഗര്‍ ഹൗസിങ് ബോര്‍ഡ് കോളനിയും കടന്ന് കണ്ണാതറപ്പടിയിലെ സ്വീകരണ സ്ഥലത്തേക്ക്. യു.ഡി.എഫ്. പ്രവര്‍ത്തകരായ എം. ജയചന്ദ്രന്‍, പ്രിന്‍സ് ലൂക്കോസ് എന്നിവരും വാഹനത്തിലുണ്ട്.
'യു.ഡി.എഫിനൊപ്പം അടിയുറച്ചുനില്‍ക്കും' -എല്ലായിടത്തും ഫ്രാന്‍സിസ് ജോര്‍ജ് പ്രസംഗം അവസാനിപ്പിക്കുന്നത് ഈ വാക്കുകളിലാണ്. രാഷ്ട്രീയ വിമര്‍ശനത്തിന്റെ മുന ഒളിപ്പിച്ച വാക്കുകള്‍. എതിരാളിയുടെ പാര്‍ട്ടിയെ പരോക്ഷമായി വിമര്‍ശിച്ച് തന്റെ പാര്‍ട്ടിയുടെ നിലപാട് നേരിട്ട് പ്രഖ്യാപിക്കുന്നു, അദ്ദേഹം. സംക്രാന്തി ജങ്ഷനിലേക്കുള്ള യാത്രയില്‍ ഓട്ടോറിക്ഷകളാണ് മുന്നില്‍. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.എ. ഷാജിയുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഹാരമണിയിച്ച് സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. സംക്രാന്തിയില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ എം.പി.യുമായ പി.സി. തോമസ് ഒപ്പം ചേര്‍ന്നു. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ രണ്ട് മഹാരഥന്മാരുടെ മക്കള്‍ ഒന്നിച്ചുളള യാത്ര. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനായിരുന്ന കെ.എം. ജോര്‍ജിന്റെ മകനെ വിജയിപ്പിക്കാന്‍ പാര്‍ട്ടിയുടെ പിറവിക്ക് കാരണക്കാരനായ പി.ടി. ചാക്കോയുടെ മകന്‍.
'കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു കെ.എം. ജോര്‍ജ്'-ഫ്രാന്‍സിസിന്റെ രാഷ്ട്രീയ പൈതൃകം പി.സി. തോമസ് ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചു.
മാമ്മൂട് വഴിയുള്ള യാത്രയില്‍ അഡ്വ. കെ.ടി. മത്തായി മാലയണിക്കാന്‍ എത്തി. 'പഴയ പുലിയാ'. ഒരു പ്രവര്‍ത്തകന്‍ പരിചയപ്പെടുത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1982-ല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു കെ.ടി.മത്തായി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായിരുന്നു.
കുടിവെള്ളക്ഷാമം കത്തിനില്‍ക്കുന്ന പ്രദേശമാണ് വട്ടമുകള്‍ കോളനി. 68-കാരിയായ കുത്സം ബീവിയുള്‍പ്പെടെയുള്ള നാട്ടുകാര്‍ വട്ടം കൂടി. തലയില്‍ കൈവെച്ച് കുത്സം ബീവി സ്ഥാനാര്‍ഥിയെ അനുഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്‍ഗ്രസ് പതാകയേന്തി പാറമ്പുഴയില്‍ വന്ന ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകന്‍ മുഹമ്മദിന്റെ ഭാര്യയാണ് കുല്‍സം ബീവി. 36 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയാണ്.
'ഇവിടത്തെ ബുദ്ധിമുട്ടുകള്‍ അറിയാം. അത് പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും'-കോളനിവാസികളെ ചേര്‍ത്തു നിര്‍ത്തി ഫ്രാന്‍സിസ് ജോര്‍ജിന്റെ ഉറപ്പ്.
Content Highlights: francis george election campaign
Published: 18 Apr 2024, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented