കണ്ണൂർ: അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും രാഷ്ടീയസംഭവങ്ങളെയും കുറിച്ചറിയാൻ ‘ഗൂഗിളി’ൽ തിരയേണ്ടതില്ല. മുട്ടന്നൂരിലെ രമേശൻ മടയനോട് ചോദിച്ചാൽമതി. കൃത്യമായ ഉത്തരം കിട്ടും. പ്രധാന രാഷ്ട്രീയസംഭവങ്ങൾ, തിരഞ്ഞെടുപ്പുകളുടെ തീയതികൾ, കക്ഷികൾക്കും മുന്നണികൾക്കും ലഭിച്ച സീറ്റുകൾ, പ്രധാന നേതാക്കൾ മത്സരിച്ച മണ്ഡലങ്ങൾ, അവർക്ക് കിട്ടിയ ഭൂരിപക്ഷം, മന്ത്രിമാരുടെ പേരും വകുപ്പുകളും തുടങ്ങിയ കാര്യങ്ങൾ ഈ 58-കാരൻ ഓർമയിൽനിന്ന് തുരുതുരാ നിരത്തും.

To advertise here,

കൂടാളി പഞ്ചായത്തിലെ മുട്ടന്നൂർ കൂവയിൽ മുത്തപ്പൻ മടപ്പുരയിലെ മടയനും ജ്യോത്സ്യനുമായ രമേശൻ വായനയിലൂടെ ആർജിച്ചതാണ് ഈ കഴിവ്. ഏഴ് പത്രങ്ങൾ പതിവായി വായിക്കും. വായിച്ചതെന്തും ഓർമയിൽ നിൽക്കും. ചില പ്രധാന സംഭവങ്ങളുടെ പേപ്പർ കട്ടിങ്ങുകൾ സൂക്ഷിക്കും. രാഷ്ട്രീയസംബന്ധിയായ പുസ്തകങ്ങളും വായിക്കും.

ചില തിരഞ്ഞെടുപ്പുകളുടെ ഫലം കൃത്യമായി പ്രവചിച്ചു. ചിലത് ശരിയോടടുത്തെത്തി. 1991-ൽ കേരളത്തിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നത്. രണ്ട് ഫലങ്ങളും കൃത്യമായി പ്രവചിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചതിൽ വടകര, കോട്ടയം മണ്ഡലങ്ങളുടെ കാര്യത്തിൽ തെറ്റി. ജ്യോത്സ്യൻ എന്ന നിലയിലല്ല രാഷ്ട്രീയനിരീക്ഷകൻ എന്ന നിലയിലാണ് പ്രവചനം.

അപരന്മാരെ നിർത്തി തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും വലിയ അട്ടിമറി സൃഷ്ടിച്ചത് 1980-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിലാണെന്ന് രമേശൻ ഓർക്കുന്നു.

എൽ.ഡി.എഫ്. സ്ഥാനാർഥി കേരള കോൺഗ്രസിലെ ജോർജ് ജെ. മാത്യുവായിരുന്നു. ചിഹ്നം കുതിര. യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജോർജ് ജോസഫ് മുണ്ടയ്ക്കൽ. എൽ.ഡി.എഫ്. സ്ഥാനാർഥിക്കെതിരെ അപരനായി യു.ഡി.എഫ്. ഒരു ജോൺ ജെ.ജേക്കബിനെ നിർ‌ത്തി. ചിഹ്നം ഒട്ടകം. ഒട്ടകം 8000 വോട്ട് പിടിച്ചു. കുതിരയാണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകൾ ഒട്ടകത്തിന് വോട്ട് ചെയ്തത്. സീൽ ചെയ്തതിലെ തെറ്റ് മനസ്സിലായപ്പോൾ പലരും അസാധുവാക്കി. 14,000 വോട്ടുകൾ അസാധുവായി. യു.ഡി.എഫ്. സ്ഥാനാർഥി ജോർജ് ജോസഫ് മുണ്ടയ്ക്കൽ നിസ്സാരവോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു -രമേശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നാൽപ്പതിലധികം പ്രമുഖരുടെ വിവാഹത്തീയതി ഓർത്തുവെക്കുകയും അവർക്ക് ആ ദിവസം ആശംസാസന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നുണ്ട് രമേശൻ. 15 വർഷത്തിലേറെ സി.പി.എം. പ്രവർത്തകനായിരുന്ന രമേശൻ ഇപ്പോൾ സജീവ രാഷ്ട്രീയത്തിലില്ല. എട്ടാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള രമേശൻ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നെങ്കിലും കുടുംബത്തിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം പഠനം തുടരാൻ കഴിഞ്ഞില്ല. ഭാര്യ: ഷീബ. മക്കൾ: വർഷ, വിഷ്ണു.