കണ്ണൂര്‍: എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. സുധാകരന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയിലെ ആരുമല്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പരസ്യമായ അതൃപ്തിയറിയിച്ച ഷമ മുഹമ്മദിന്റെ നടപടി മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുധാകരന്റെ പ്രതികരണം.

To advertise here,

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും മൂന്ന് സീറ്റെങ്കിലും സ്ത്രീകള്‍ക്ക് നല്‍കേണ്ടതായിരുന്നുവെന്നുമുള്ള ഷമയുടെ വിമര്‍ശനം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു സുധാകരന്‍റെ മറുപടി. 'അതൊക്കെ അവരോട് ചോദിച്ചാല്‍ മതി. അവരൊന്നും പാര്‍ട്ടിയുടെ ആരുമല്ല', സുധാകരൻ പറഞ്ഞു.

സ്ഥാനാർഥി നിർണയത്തിൽ രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ പാലിച്ചില്ലെന്ന് ഷമ മുഹമ്മദ് കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. കേരളത്തിൽ 51% സ്ത്രീകളാണ്. മറ്റു പാർട്ടികളിൽ സ്ത്രീ സ്ഥാനാർഥികൾ അധികമുണ്ട്. കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാത്തതെന്തുകൊണ്ടാണെന്നും ഷമ ചോദിച്ചു.

കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ഒരു വനിതാ സ്ഥാനാർഥി മാത്രമാണുള്ളത്. ആലത്തൂരിൽ മത്സരിക്കുന്ന രമ്യാ ഹരിദാസ് മാത്രമാണ് കോൺഗ്രസിൽനിന്നുള്ള വനിതാ സ്ഥാനാർഥി.