കണ്ണൂർ: ഇന്ത്യയിലും കേരളത്തിലും കോൺ‌ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരുഘട്ടത്തെ തരണം ചെയ്യുകയാണെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. കണ്ണൂരിൽ മാധവറാവു സിന്ധ്യ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

എവിടെ ആടിയുലഞ്ഞാലും കോൺഗ്രസിന്റെ കപ്പൽ കേരളത്തിലെങ്കിലും സുഗമമായി മുന്നോട്ടുനീങ്ങുമെന്നാണ് കരുതിയത്. സത്യം പറയാലോ, കേരളത്തിലും വിഷമാവസ്ഥയിലാണ്. എല്ലാ പാർട്ടിയിലും അപചയമുണ്ട്. എസ്.എഫ്.െഎ.ക്കാരന് ഡി.വൈ.എഫ്.െഎ.ക്കാരനാകണം, എം.എൽ.എ. ആകണം, എം.പി. അല്ലെങ്കിൽ മന്ത്രിയാകണം, മന്ത്രിക്ക് മുഖ്യമന്ത്രിയാകണം. കെ.എസ്.യു.ക്കാരനും എം.എൽ.എ.യും മന്ത്രിയൊക്കെ ആകണം. ഒന്നുമില്ലെങ്കിൽ ഒരു വക്താവെങ്കിലും ആകണം. തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുത്തില്ലെങ്കിൽ പ്രതിഷേധിക്കണം. ഇതേ അവസ്ഥ മുസ്‌ലിം ലീഗിനുമുണ്ട്. എല്ലാ പാർട്ടിയിലുമുണ്ട്. ഇത് കാലത്തിന്റെ പ്രതിഭാസമായി സമാധാനിക്കാം -പത്മനാഭൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനും കൊട്ട്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും ടി.പത്മനാഭൻ വെറുതേ വിട്ടില്ല. ‘രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയമില്ല. ടെലിവിഷൻ ചർച്ചകളിലുള്ള പരിചയം മാത്രമാണ്. വിവരമുള്ള, കാര്യങ്ങൾ ഭംഗിയായി അപഗ്രഥിക്കാനും ജനങ്ങളുടെ മുന്നിൽ നിരത്താനും ശേഷിയുള്ള നല്ലൊരു ചെറുപ്പക്കാരനെന്നായിരുന്നു വിചാരിച്ചത്. എന്നാൽ അടുത്തകാലത്ത് കരുണാകരന്റെ മകൾ പത്മജയെക്കുറിച്ച് പറഞ്ഞത് അത്യന്തം മ്ലേച്ഛമായിപ്പോയി. പൊതുപ്രവർത്തകർ വാക്കുകൾ ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം -അദ്ദേഹം പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, സെക്രട്ടറി കെ.പ്രമോദ് ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ടി.പത്മനാഭന്റെ പരാമർശങ്ങൾ.