തൊടുപുഴ: ഇടുക്കിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒന്നാമത്തേയും രണ്ടാമത്തേയും ഭൂരിപക്ഷം ഇനി ഡീൻ കുര്യാക്കോസിന്റെ പേരിലാകും. 2019-ൽ 1,71,053 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡീൻ ജയിച്ചത്.
ഇതാണ് ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. 35 വർഷം മുൻപ് 1984-ൽ കോൺഗ്രസിന്റെതന്നെ പി.ജെ. കുര്യൻ നേടിയ 1,30,624 ഭൂരിപക്ഷത്തിന്റെ റെക്കോർഡാണ് അന്ന് ഡീൻ മറികടന്നത്. കഴിഞ്ഞ തവണത്തെ അത്രയും ഭൂരിപക്ഷത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലും ഡീനിന്റെ ഭൂരിപക്ഷം ഇപ്രാവശ്യവും ഒരുലക്ഷം കടന്നു. 1,337,27 വോട്ട്. കഴിഞ്ഞ തവണത്തേക്കാൾ 9.71 ശതമാനം പോളിങ് കുറഞ്ഞിട്ടും ഇത്രയധികം ഭൂരിപക്ഷം നേടി.
ഇതും പി.ജെ. കുര്യന്റെ ഭൂരിപക്ഷത്തെ മറികടന്നു. അങ്ങനെ ഭൂരിപക്ഷ പട്ടികയിലെ രണ്ടാംസ്ഥാനത്തും ഡീൻ തന്റെ പേരെഴുതി ചേർക്കുകയായിരുന്നു.
പകുതിയിലേറെ വോട്ടുനേടി ഡീൻ
വിഷ്ണു എം.കുറുപ്പ്
തൊടുപുഴ: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ പോൾചെയ്ത വോട്ടുകളിൽ പകുതിയിലേറെയും നേടിയാണ് യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസ് വിജയിച്ചത്. 51.43 ശതമാനം വോട്ടുകൾ ഡീൻ നേടി. കഴിഞ്ഞ തവണ ഇത് 54.32 ശതമാനമായിരുന്നു.
വെറും 35.53 ശതമാനം വോട്ട് മാത്രമേ എൽ.ഡി.എഫ്. സ്ഥാനാർഥി ജോയ്‌സ് ജോർജിന് നേടാൻ കഴിഞ്ഞുള്ളൂ. കഴിഞ്ഞ പ്രാവശ്യം ഇത് 35.68 ശതമാനമായിരുന്നു. ഇടതുകോട്ടകളിൽപോലും എൽ.ഡി.എഫ്. തകർന്നടിഞ്ഞു. അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത് ഉടുമ്പൻചോലയിൽ മാത്രമാണ്.
എൽ.ഡി.എഫിനും യു.ഡി.എഫിനും 2019-ലെ വോട്ട് വിഹിതത്തിൽ നേരിയ കുറവുണ്ടായപ്പോൾ എൻ.ഡി.എ.യുടെ വിഹിതം 2.29 ശതമാനം കൂടി. 10.86 ശതമാനം വോട്ടാണ് ബി.ഡി.ജെ.എസിന്റെ അഡ്വ. സംഗീത. വിശ്വനാഥൻ നേടിയത്. മുൻ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇത് 8.57 ശതമാനമായിരുന്നു.
രണ്ടിടത്ത് 25000-ന് മുകളിൽ
മുൻ ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാൾ 9.71 ശതമാനം വോട്ടിന്റെ കുറവാണ് ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. അതിനാൽ തന്നെ വിജയിക്ക് ഭൂരിപക്ഷം കുറയുമെന്നായിരുന്നു കണക്കൂകൂട്ടൽ. എന്നാൽ, ഡീൻ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു. എല്ലാ മണ്ഡലത്തിലും വ്യക്തമായ മുൻതൂക്കത്തോടെ 133727 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷം നേടി.
നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിച്ച മൂവാറ്റുപുഴയിലും തൊടുപുഴയിലും 25000 വോട്ടുകൾക്ക് മുകളിലാണ് ഭൂരിപക്ഷം. ഇതിനൊപ്പം എൽ.ഡി.എഫിന്റെ അഞ്ച് മണ്ഡലങ്ങളിലും ലീഡ് നേടി. ഇതിൽ ഉടുമ്പൻചോലയിൽ മാത്രമാണ് ഭൂരിപക്ഷം പതിനായിരത്തിൽ താഴെപ്പോയത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആകെ വോട്ടിലും ഭൂരിപക്ഷത്തിലും കുറവ് വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ പോളിങ് കുറവായതും കണക്കുകൂട്ടേണ്ടതുണ്ട്. ഇത്തവണ 4,32,372 വോട്ടുകളാണ് ജീൻ നേടിയത്. 4,98,493 വോട്ട് കഴിഞ്ഞതവണ നേടിയിരുന്നു.
എൽ.ഡി.എഫിന് വൻ വോട്ടുചോർച്ച
2021-ലെ നിയമസഭ തിരഞ്ഞെടുപ്പുമായി കണക്കാക്കുമ്പോൾ വലിയ വോട്ടുചോർച്ചയാണ് എൽ.ഡി.എഫിന് ഉണ്ടായിരിക്കുന്നത്. ഏഴ് മണ്ഡലങ്ങളിലൂടെ 4,27,355 വോട്ടാണ് അന്ന് നേടിയത്. ഇത്തവണ കിട്ടിയത് 2,98,645 വോട്ടും. 128710 വോട്ടിന്റെ കുറവ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 28,795 വോട്ടും ഇത്തവണ കുറഞ്ഞു.
Content Highlights: Idukki Loksabha Results 2024
Published: 05 Jun 2024, 08:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented