ചെറുതോണി : പുഷ്പഗിരി ഓലക്കുഴിയിൽ തങ്കമ്മയ്ക്ക് ആധാറിൽ വയസ്സ് 101. എന്നാൽ, തനിക്ക് 111 വയസ്സുണ്ടെന്ന് ഈ അമ്മ പറയുന്നു. വയസ്സ്‌ എത്രയായാലും വോട്ട് രേഖപ്പെടുന്ന കാര്യത്തിൽ തങ്കമ്മയ്ക്ക് ഒരു കൺഫ്യൂഷനുമില്ല. തിരഞ്ഞെടുപ്പാണോ തങ്കമ്മ വോട്ട് ചെയ്തിരിക്കും. 

To advertise here,

കാമാക്ഷി പഞ്ചായത്തിലെ ഏറ്റവും മുതിർന്ന വോട്ടറാണ് തങ്കമ്മ. 60 വർഷം മുമ്പ് കോട്ടയം ആനിക്കാട്‌നിന്നാണ് ഇവർ ഭർത്താവിനും മക്കൾക്കുമൊപ്പം ഹൈറേഞ്ചിലെത്തിയത്. അന്നുമുതൽ ഇടുക്കിക്കാരിയായി. ഭർത്താവ് ജോസഫിനൊപ്പം കൃഷിയിടത്തിൽ പണിയെടുത്തു. ഒരിക്കൽപോലും വോട്ട് ചെയ്യാതിരുന്നിട്ടില്ല.

ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും സ്വന്തം കാര്യങ്ങളെല്ലാം തങ്കമ്മ തനിയെ നിർവഹിക്കും. എത്ര തവണ വോട്ടുചെയ്തു എന്ന ചോദ്യത്തിന് ഒരുപാടുതവണ എന്ന ഉത്തരമാണ് തങ്കമ്മയ്ക്കുള്ളത്. ഭർത്താവ് ജോസഫ് 2013-ൽ മരിച്ചു. നാല് പെൺമക്കളാണ് തങ്കമ്മയ്ക്ക്. ഒരാൾ മരണപ്പെട്ടു.

കൊച്ചുമക്കളും അവരുടെ മക്കളുമായി 30 പേരുണ്ട്. തങ്കമ്മയുടെ അമ്മ അന്നമ്മ 116-ാം വയസ്സിലാണ് മരിച്ചതെന്നും പാരമ്പര്യമായി ആയുസ്സുള്ള കുടുംബമാണെന്നും തങ്കമ്മ ചിരിയോടെ പറയുന്നു. ഇളയമകൾ വത്സമ്മ ജോയി (കാമാക്ഷി പഞ്ചായത്ത് മുൻ അംഗം) യോടൊപ്പമാണ് തങ്കമ്മയുടെ താമസം.

ഇടുക്കി മ‍ണ്ഡലത്തിൽ12,51,189 വോട്ടർമാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇടുക്കി മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 18-നും 19-നും ഇടയിൽ പ്രായമുള്ള 18,748 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ആകെ 12,51,189 വോട്ടർമാരാണ് പട്ടികയിലുള്ളത്.

ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടർമാരുമുൾപ്പെടെയുള്ള ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ കണക്കാണിത്. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെപോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. തുടർന്ന് പരിശോധനകൾക്ക് ശേഷമാണ് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നും തങ്ങളുടെ ബൂത്ത് ഏതെന്നും www.ceo.kerala.gov.in, വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവ മുഖേന അറിയാവുന്നതാണ്.

6,15,084 പുരുഷ വോട്ടർമാരും 6,35,064 സ്ത്രീ വോട്ടർമാരും ഒൻപത് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഇതിൽ ഉൾപ്പെടുന്നു. 85 വയസ്സിന് മുകളിൽ പ്രായമുള്ള 12,797 പേരും 1032 സർവീസ് വോട്ടർമാരും മണ്ഡലത്തിലുണ്ട്. 10,041 ഭിന്നശേഷിക്കാരായ വോട്ടർമാരാണുള്ളത്. ദേവികുളം മണ്ഡലത്തിൽ 1661 വോട്ടർമാർ, ഉടുമ്പഞ്ചോലയിൽ 1600 വോട്ടർമാർ, തൊടുപുഴയിൽ 1629 വോട്ടർമാർ, ഇടുക്കിയിൽ 811 വോട്ടർമാർ, പീരുമേട്ടിൽ 1638 വോട്ടർമാർ, മൂവാറ്റുപുഴയിൽ 1304 വോട്ടർമാർ, കോതമംഗലത്ത് 1398 വോട്ടർമാർ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

കന്നിവോട്ടർമാർ 18,748, പുരുഷ വോട്ടർമാർ - 6,15,084, സ്ത്രീ വോട്ടർമാർ - 6,35,064, ട്രാൻസ്‌ജെൻഡർ വോട്ടർമാർ -9