
ഇടതു-വലതു മുന്നണി സ്ഥാനാർഥികൾക്ക് മാറ്റമില്ലാത്ത ഇടുക്കിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുകഴിഞ്ഞു. ഭൂപ്രശ്നം, പട്ടയം, വന്യജീവി സംഘർഷം മുതലായ വിഷയങ്ങൾ എല്ലാക്കാലവും തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രചാരണങ്ങളും.
വലിയ രാഷ്ട്രീയ പ്രാധാന്യം ഈ തിരഞ്ഞെടുപ്പിനുണ്ടെന്നും ഒരു മതേതര ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നുതന്നെ സംശയമാണെന്നും യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. മണ്ഡലം നേരിടുന്ന വിഷയങ്ങളും നിലപാടും ഡീൻ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു.
ഒരേ എതിരാളികൾ മൂന്നാം തവണ ഏറ്റുമുട്ടുന്നു. ആദ്യ തവണ പരാജയപ്പെട്ടു. രണ്ടാം തവണ ജയിച്ചു. ഇത്തവണത്തെ കണക്കുകൂട്ടലുകൾ.
നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ട്. തിരഞ്ഞെടുപ്പ് എന്നു പറയുന്നത് ഹിത പരിശോധനയാണ്. ദേശീയതലത്തിൽ ഒരു മതേതര ജനാധിപത്യ ഗവൺമെന്റ് ഉണ്ടാകുവാൻ സംസ്ഥാനത്ത് നിലനിൽക്കുന്ന ഇടതുപക്ഷ ജനവിരുദ്ധ സർക്കാരിനെതിരായി പ്രതികരണം രേഖപ്പെടുത്താൻ, അതുപോലെതന്നെ ഇടുക്കിയിലെ വികസന തുടർച്ചയ്ക്ക് വേണ്ടി ജനങ്ങൾ ഒരവസരം കാത്തിരിക്കുകയാണ്. സ്വാഭാവികമായും പരിശോധന ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായിരിക്കും.
റബ്ബർ, കുരുമുളക്, ഏലം അങ്ങനെ കാർഷിക മേഖലയിലെ പ്രതിസന്ധികൾ വെല്ലുവിളിയാകില്ലേ.
റബ്ബർ കുരുമുളക് ഏലം എന്നിവ മൂന്നും വാണിജ്യ നാണ്യവിളകൾ എന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങൾ പലതരത്തിൽ, പല രീതിയിൽ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. റബർ, കുരുമുളക്, ഏലം എന്നിവയുടെ അനിയന്ത്രിതമായ ഇറക്കുമതി തടയണമെന്ന് പാർലമെന്റിൽ ശക്തമായ ഭാഷയിൽ ആവശ്യപ്പട്ടിരുന്നു. ഏറ്റവും പ്രധാനമായി ഈ വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കപ്പെടണം. അതിനായി ഈ വിളകൾ CACP ലിസ്റ്റിൽ (Commission for Agricultural Costs and Prices) ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ ഇടപെടലുകൾ നടത്തി.
ഗുണമേന്മ മൂല്യനിർണയ ലാബ് (Quality Evaluation Lab) ഇടുക്കി മയിലാടുംപാറയിൽ സ്ഥാപിച്ചു. ഏലം കൃഷിക്കാരെ സംബന്ധിച്ച് അവരുടെ വിളയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് ഇത് സഹായകരമാകും. കീടനാശിനിയുടെ അളവ് എത്രത്തോളം ഉണ്ടെന്ന് സ്വയം കണ്ടെത്താനും, കൂടുതൽ ഗുണമേന്മ ഉറപ്പുവരുത്താനും കർഷകർക്ക് ഇതിലൂടെ സാധിക്കും. അത് വലിയൊരു നേട്ടമായി കരുതുന്നു. ആഭ്യന്തര വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും സാധ്യതകൾ കണ്ടറിഞ്ഞുകൊണ്ട് നാണ്യവിളകൾക്ക് മികച്ച പ്രോത്സാഹനം നൽകപ്പെടണം. ആഭ്യന്തര വിപണിയിൽ തന്നെ നാണ്യവിളകൾക്ക് തുറന്ന സാധ്യത നിലനിൽക്കുന്നുണ്ട്. അത് കൂടുതൽ മെച്ചപ്പെടുത്തിയെടുക്കുന്നതിന് വേണ്ടിയുള്ള നയ രൂപീകരണം ഉൾപ്പെടെ അനിവാര്യമാണ്.

വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടുണ്ട്. കൃഷി ചെയ്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ജനങ്ങൾ കടുത്ത രോഷത്തിലാണ്.
വന്യമൃഗ ശല്യത്തിന്റെ ഒന്നാമത്തെ ഉത്തരവാദി ഈ സർക്കാരാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ അതിൽനിന്നും ഒഴിഞ്ഞു നിൽക്കുന്നു. പണം മുടക്കിയുള്ള ഒരു പദ്ധതിയും ഇവിടെ അവതരിപ്പിച്ചിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാങ്കുളത്ത് ക്രാഷ് ഗാർഡ് ഫെൻസിങ് ഏർപ്പെടുത്തിയപ്പോൾ അവിടെ കാട്ടാനശല്യം കുറഞ്ഞു. അതുപോലെ മറ്റ് സംസ്ഥാനങ്ങളെ ഉൾപ്പെടെ മാതൃകയാക്കിക്കൊണ്ട് കാട്ടാന ശല്യം ഉൾപ്പെടെ മറ്റ് വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഒഴിവാക്കുന്നതിന് വേണ്ടി ശക്തമായ ഇടപെടൽ ഉണ്ടാകണം. അതിന് സംസ്ഥാന സർക്കാർ പണം മുടക്കിയുള്ള നടപടികൾ സ്വീകരിക്കണം. കേന്ദ്രസർക്കാരിനെ കൊണ്ട് പണം അനുവദിപ്പിക്കണം.
വിദേശരാജ്യങ്ങളെ മാതൃകയാക്കികൊണ്ട് വന്യമൃഗങ്ങളെ ഉൾക്കൊള്ളാനുള്ള വനത്തിന്റെ ശേഷി (Carriying Capacity) ക്ക് അനുസരിച്ച് മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ആവശ്യമായ പദ്ധതികൾ നടപ്പിലാക്കിയേ പറ്റൂ. ഈ വിഷയത്തിൽ മറ്റ് രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും മാതൃകയാക്കിക്കൊണ്ടുള്ള ശാസ്ത്രീയമായ പരിഹാരമാണ് ആവശ്യമായിട്ടുള്ളത്. അതിനുവേണ്ടി കേന്ദ്രത്തിൽ ശക്തമായ സമ്മർദം ചെലുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം എട്ടു തവണ സബ്മിഷനിലൂടെ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങിയാൽ അവയെ കൊന്നൊടുക്കാനുള്ള അവകാശം കർഷകന് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും നഷ്ടപരിഹാരം കൃത്യസമയത്ത് വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള അതോറിറ്റി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും രണ്ട് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി കഴിഞ്ഞാൽ കോൺഗ്രസിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കഴിഞ്ഞ തവണ താങ്കൾക്കായിരുന്നു. ഇത്തവണ മത്സരം ടൈറ്റല്ലേ.
ഇടുക്കി ഐക്യ ജനാധിപത്യമുന്നണിയുടെ പരമ്പരാഗത കോട്ടയാണ്. ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും ഏറ്റവും മികച്ച ഭൂരിപക്ഷത്തോടുകൂടി കഴിഞ്ഞ തവണത്തെ വിജയത്തേക്കാൾ മാറ്റ് കൂടിയ വിജയമായിരിക്കും ഇത്തവണ ഉണ്ടാകാൻ പോകുന്നത്. അത്രത്തോളം ജനവിരുദ്ധ നയങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നത്.
കഴിഞ്ഞ തവണ ഈ നിയോജകമണ്ഡലത്തിലെ മതേതര ജനാധിപത്യ കൂട്ടായ്മ ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ആകെ പോൾ ചെയ്തതിൽ 54 ശതമാനം ആളുകളുടെ വോട്ട് നേടാൻ കഴിഞ്ഞു. അത്തരത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതേതര ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മ ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ തവണത്തേക്കാൾ മികച്ച പിന്തുണ ഇത്തവണ ലഭിക്കും.

പി.ടി തോമസിന്റെ ശിഷ്യനായിരുന്നു താങ്കൾ. അദ്ദേഹത്തിന്റെ മരണശേഷമുള്ള തിരഞ്ഞെടുപ്പാണ്. പി.ടിയുടെ ഓർമകൾ.
പിടി തോമസ് എന്നും രാഷ്ട്രീയ ഗുരുനാഥനായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹ ആശീർവാദങ്ങളോടെയാണ് കെ. എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും എനിക്ക് കടന്നുവരാൻ കഴിഞ്ഞത്. ആ നന്ദിയും സ്നേഹവും കടപ്പാടും എന്നും എനിക്ക് അദ്ദേഹത്തോടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും എന്നും നിലനിൽക്കുന്നു. അദ്ദേഹം പ്രതിനിധീകരിച്ച മണ്ഡലത്തിൽ എംപിയായി കടന്നുവരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
തിരഞ്ഞെടുപ്പ് ചൂടിനൊപ്പം വെയിലിന്റെ ചൂടും. ഈ സാഹചര്യത്തിൽ ജില്ലയുടെ എല്ലാ മേഖലകളിലും പര്യടനം പൂർത്തിയാക്കുക ഒരു വെല്ലുവിളിയാണ്. എങ്ങനെ ഇതിനെ തരണം ചെയ്യുന്നു.
രണ്ടും വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പ് ചൂട് വേറെ. കാലാവസ്ഥയുടേത് വേറെ. രണ്ടിനും അതിന്റെതായ പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പ് ചൂട് എന്നു പറയുമ്പോൾ ഈ തിരഞ്ഞെടുപ്പിൽ ഒരു മതേതര ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നുതന്നെ സംശയമാണ്. അത്തരം സാഹചര്യമാണ് നിലനിൽക്കുന്നത്. അത്രയും വലിയ രാഷ്ട്രീയ പ്രാധാന്യം ഈ തിരഞ്ഞെടുപ്പിനുണ്ട്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇത്രയും കടുത്ത ചൂട് ആദ്യമായാണ് നമ്മൾ അനുഭവിക്കുന്നത്. ആർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുകയാണ്. രണ്ട് ചൂടുകൾക്കും ഇടയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസമാണ്.
ഹൈറേഞ്ചിലെ എല്ലാ സീറ്റിലും ഇടത് എംഎൽഎമാരാണ്. ലോവർ ബെൽറ്റിലെ പിന്തുണ മാത്രം മതിയാകില്ലല്ലോ ജയിക്കാൻ.
അങ്ങനെ പറയുന്നതിൽ അടിസ്ഥാനമില്ല. ഹൈറേഞ്ചിലെ ജനത എന്നും ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. 35 ഓളം വരുന്ന കരി നിയമങ്ങളാണ് ഈ സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കു മേൽ അടിച്ചേൽപിച്ചത്. അതിനെതിരായ ശക്തമായ ജനവികാരം ഈ സർക്കാരിനെതിരെയുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ കെട്ടിട നിർമ്മാണ നിരോധന നിയമം ആദ്യം എട്ട് വില്ലേജുകളിൽ ആയിരുന്നുവെങ്കിൽ പിന്നീട് അത് ജില്ലാ മുഴുവൻ വ്യാപിപ്പിച്ചു. മുഴുവൻ പട്ടയ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഹൈക്കോടതി പട്ടയ വിതരണം തടസ്സപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ അതിനെ എതിർക്കാൻ പോലും സർക്കാർ അഭിഭാഷകർക്ക് സാധിച്ചില്ല. അതുമൂലം 64 റൂൾ അനുസരിച്ച് ഉള്ള പട്ടയ നടപടികൾ തടസ്സപ്പെട്ടു. 4000 പട്ടയങ്ങൾ തയ്യാറാക്കിയതിൽ ആയിരം പട്ടയങ്ങൾ മാത്രമേ വിതരണം ചെയ്യാൻ കഴിഞ്ഞുള്ളൂ.
അതോടൊപ്പം തന്നെ ബഫർ സോൺ വിഷയത്തിൽ ഒരു കിലോമീറ്റർ ബഫർ സോൺ എന്നുള്ളത് മതികെട്ടാൻ ചോലയുടെ കാര്യത്തിൽ ഇപ്പോഴും ഭേദഗതി അനുവദിച്ചിട്ടില്ല. ചിന്നക്കനാലിലും ചെങ്കുളത്തും റിസർവ് ഫോറസ്റ്റുകൾ ഈ സർക്കാർ പ്രഖ്യാപിക്കുന്നു. വന്യജീവി ആക്രമണം അതിരൂക്ഷമാകുമ്പോഴും കയ്യുംകെട്ടി നോക്കിനിൽക്കുന്നു. ഒരു ആർആർടി പോലും സമയത്ത് സ്ഥാപിക്കാൻ ഇവർക്ക് കഴിയുന്നില്ല. ഇങ്ങനെ നീറുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് ഇടയിലാണ് ഇടുക്കിക്കാർ. ഇടുക്കിക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം വിഷയങ്ങൾ പരിഹരിക്കാനും ഒപ്പം വികസന കാര്യങ്ങളിലും എല്ലാം തികഞ്ഞ കാഴ്ചപ്പാടോടുകൂടി ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടുപോകുന്ന ഐക്യ ജനാധിപത്യമുന്നണി വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണ ജോയിസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് താങ്കൾക്ക് തിരിച്ചടിയാകുമോ?
ഹൈറേഞ്ച് സംരക്ഷണ സമിതി വളരെ വർഷക്കാലമായി ഇടതു മുന്നണിയോടൊപ്പമാണ്. അവർ ഏതുതരത്തിലാണ് എന്നൊന്നും ഞാനിപ്പോൾ പറയുന്നില്ല. എന്നാൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാർഥി അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കുമ്പോൾ അത് ഹൈറേഞ്ച് സംരക്ഷണ സമിതിയെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായ കാര്യമല്ല.
ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്ന് ഒഴുക്കാണ്. കേരളത്തിലും ആ ട്രെൻഡ് ശക്തമാണ്. ഇത് വോട്ടർമാർ കണക്കിലെടുക്കില്ലേ
രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയുടെ വിഷയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ധാരാളമായി ഉണ്ട്. അധികാരമുള്ളിടത്തേക്ക് ആളുകൾ മാറുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കാർ ഉൾപ്പെടെയുള്ള ആളുകൾ കോൺഗ്രസിലേക്ക് വരികയാണ്. എത്രയോ ബിജെപിയുടെ എംപിമാർ കോൺഗ്രസിൽ ചേർന്നു. ഹരിയാനയിലും രാജസ്ഥാനിലും അതുതന്നെയാണ് സംഭവിക്കുന്നത്. എംഎൽഎമാർ കോൺഗ്രസിൽ ചേരുന്നു. രാഷ്ട്രീയ സാഹചര്യത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നമുക്ക് പരിചിതമല്ലാത്തതും അംഗീകരിക്കാൻ കഴിയാത്തതുമായ കാര്യങ്ങളാണ്, സംശയമില്ല.
അധികാരം ഉള്ളിടത്തേക്ക് ആളുകൾ മാറുന്നത് അധികാരത്തോടുള്ള അമിതമായ അഭിവാഞ്ഛ മൂലമാണ്. അതിനെതിരേയുള്ള പോരാട്ടമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും എപ്പോഴും നടത്തിയിട്ടുള്ളത്. ഇതിൽ അന്തിമ വിജയം കോൺഗ്രസിന് ആയിരിക്കും. ഏറ്റവും കൂടുതൽ ആളുകൾ ബിജെപിയിലേക്ക് ചേക്കേറുന്നത് സിപിഎമ്മിൽ നിന്നാണ്. ബംഗാളിൽ അത് നമ്മൾ കണ്ടതാണ്. ത്രിപുരയിലും ബംഗാളിലും ഒക്കെ പാർട്ടി ഓഫീസ് അടക്കമാണ് ബിജെപിയിലേക്ക് പോകുന്നത്. ബിജെപിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ പോകുന്നതും പൊയ്ക്കൊണ്ടിരിക്കുന്നതും സിപിഎമ്മിൽ നിന്നാണ് എന്ന കാര്യത്തിൽ സംശയമില്ല.
Content Highlights: dean kuriakose about lok sabha election 2024
Published: 06 Apr 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented