കൊച്ചി: പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഒരു സ്വതന്ത്രനെ വേണം, ഇതിനായി സി.പി.എം. തലപുകയ്ക്കുകയാണ്. പതിവുപോലെ എറണാകുളം മണ്ഡലം സി.പി.എമ്മിന് കീറാമുട്ടിയായി നില്‍ക്കുകയാണ്. ഒടുവില്‍ മുകളില്‍നിന്നൊരു സ്ഥാനാര്‍ഥി പതിവാണ്.

To advertise here,

കഴിഞ്ഞ തവണ എറണാകുളത്ത് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തി പരീക്ഷണം നടത്തിയെങ്കിലും പാടെ പരാജയപ്പെട്ടു. തോല്‍വി ഉറപ്പിച്ചിരുന്നെങ്കിലും സി.പി.എമ്മിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച കനത്ത തിരിച്ചടിയാണ് ഉണ്ടായത്. അതുകൊണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തി ഇനിയുമൊരു പരീക്ഷണത്തിനു മുതിരുന്നതിന് സി.പി.എമ്മിന് താത്പര്യമില്ല. അതിനു പറ്റിയ ആളും സി.പി.എമ്മില്‍ ഇപ്പോഴില്ല, ഉള്ളത് മേയര്‍ എം. അനില്‍കുമാര്‍ മാത്രമാണ്. കോര്‍പ്പറേഷന്റെ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍ അനിലിനെ പരീക്ഷണത്തിനിറക്കേണ്ടെന്നു തന്നെയാണ് പാര്‍ട്ടി തീരുമാനം. അതിനൊപ്പം പറ്റിയ പേര് പാര്‍ട്ടിക്ക് വേറെ കിട്ടിയില്ല.

പതിവുപോലെ സി.പി.എം. ജില്ലാ നേതൃത്വം സ്വതന്ത്രരെ അന്വേഷിക്കുകയാണ്. ശനിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ വ്യക്തമായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പല പേരുകളും ചര്‍ച്ച ചെയ്തു. ഇക്കുറി സ്വതന്ത്രനാണെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍തന്നെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. ദേശീയ പാര്‍ട്ടിയായി നില്‍ക്കണമെങ്കില്‍ നിശ്ചിത ശതമാനം വോട്ടുവേണം. അതിനാല്‍ സ്വതന്ത്രന്മാരെയും പാര്‍ട്ടിയുടെ ചിഹ്നത്തില്‍ രംഗത്തിറക്കാതെ പറ്റില്ല. തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ ജോ ജോസഫിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ച അതേ മാതൃകയാണ് ഉദ്ദേശിക്കുന്നത്.

ഇടത് അനുഭാവിയായി എത്തിയ പ്രൊഫ. കെ.വി. തോമസിനെ നിര്‍ത്തുന്നതിനുള്ള ആലോചനകള്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് വേറെ ചുമതലകള്‍ നല്‍കിയിട്ടുള്ളതിനാല്‍ സംസ്ഥാന നേതൃത്വം അതിന് അനുകൂലമായിരുന്നില്ല. അദ്ദേഹത്തിന്റെ മകള്‍ രേഖ തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള ആലോചനകള്‍ നടന്നെങ്കിലും അതും വേണ്ടെന്നുവെച്ചു. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളിയുടെ പേരും പാര്‍ട്ടിയുടെ ചര്‍ച്ചയില്‍ വന്നിട്ടുണ്ട്. പതിവായി കേള്‍ക്കുന്ന പേരുകളെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും വ്യക്തമായ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. പുതുമുഖത്തിനായുള്ള വ്യാപകമായ തിരച്ചിലും നടക്കുന്നുണ്ട്.

ചാലക്കുടി മണ്ഡലവും സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. എടുത്തുപറയാന്‍ അവിടെയും സ്ഥാനാര്‍ഥിയില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അവിടേക്കും ഒരു സ്വതന്ത്രനെ കണ്ടെത്തുമെന്ന പ്രതീക്ഷയാണുള്ളത്. പാര്‍ട്ടിയില്‍ മൂന്നുസീറ്റെങ്കിലും സ്ത്രീകള്‍ക്ക് മാറ്റിവെക്കാന്‍ ആലോചിക്കുന്നുണ്ട്. അപ്പോള്‍ ചാലക്കുടിയില്‍ ഒരു വനിത സ്ഥാനാര്‍ഥിയെ കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഒരു സിനിമാ നടിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും അത് ഉറപ്പിക്കാനായില്ല. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിക്ക് പ്രത്യേകിച്ച് നിര്‍ദേശമൊന്നുമില്ലെന്നതും എറണാകുളം കമ്മിറ്റിയെ വെട്ടിലാക്കിയിരിക്കുകയാണ്. മുന്‍ എം.എല്‍.എ. സാജു പോള്‍, പുഷ്പാദാസ് തുടങ്ങിയ ചില പേരുകള്‍ പാര്‍ട്ടിക്കുമുന്നില്‍ ഉണ്ടെങ്കിലും അതിലെല്ലാം തടസ്സവാദങ്ങളുമുണ്ട്.