കൊച്ചി: എറണാകുളത്ത് സ്ഥാനാർഥി നിർണയത്തിൽ സി.പി.എം. പരിഗണിച്ചത് രണ്ട് കാര്യങ്ങൾ: സാമുദായിക പരിഗണന നൽകാൻ കഴിയുന്ന വനിതാ സ്ഥാനാർഥിയാവണം, പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ കഴിയണം. ഈ മാനദണ്ഡങ്ങൾവെച്ചുകൊണ്ടാണ് കെ.ജെ. ഷൈനിലേക്ക് എത്തിയത്. സാമുദായിക പരിഗണന മാത്രം നോക്കി പരിചയമില്ലാത്ത സ്വതന്ത്ര സ്ഥാനാർഥികളെ രംഗത്തിറക്കി അണികളെത്തന്നെ ഞെട്ടിച്ചിട്ടുള്ള സി.പി.എമ്മിന് ഇക്കുറി അക്കാര്യത്തിൽ ആശ്വസിക്കാം. പാർട്ടിയിൽനിന്നുതന്നെ ഒരു പുതുമുഖ നേതാവിനെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രംഗത്തുകൊണ്ടുവരാൻ കഴിഞ്ഞു.

To advertise here,

പറവൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായ കെ.ജെ. ഷൈൻ, മൂന്നാം തവണയാണ് കൗൺസിലറാവുന്നത്. മുൻപ്‌ പറവൂർ ബ്ലോക്കിലേക്ക് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള പള്ളിപ്പുറം സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലെ യു.പി. വിഭാഗം അധ്യാപികയാണ്. ഇപ്പോൾ എസ്.എസ്.കെ.യിൽ ട്രെയ്‌നറായി ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്നു. കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. കോട്ടപ്പുറം രൂപതയുടെ കെ.സി.എസ്.എൽ., കെ.സി.വൈ.എം. സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള ഷൈൻ എസ്.എഫ്.ഐ.യിലൂടെയാണ് പാർട്ടി പ്രവർത്തനത്തിലേക്ക് വരുന്നത്. പഞ്ചായത്ത് വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ച ഭർത്താവ് ഡൈന്യൂസ് തോമസ് കെ.ജി.ഒ.എ. മുൻ സംസ്ഥാന ട്രഷററായിരുന്നു. ഇരുവരും പറവൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്.

എറണാകുളത്ത് ആദ്യഘട്ടത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളെത്തന്നെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ആലോചിച്ചിരുന്നു. മേയർ എം. അനിൽകുമാറിനെ മത്സരിപ്പിക്കുന്നതിനുള്ള ആലോചന നേതാക്കൾക്കിടയിൽ വന്നപ്പോൾത്തന്നെ അത് വേണ്ടതില്ലെന്ന അഭിപ്രായവും ഉയർന്നു. ജില്ലയിലെ ജനകീയനായ മുതിർന്ന നേതാവ് പി. രാജീവ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എറണാകുളത്ത് മത്സരിച്ചിട്ടുപോലും വൻ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതിനാൽ പുതുമുഖത്തെ അവതരിപ്പിക്കാനും വനിതാ സ്ഥാനാർഥിയെ അവതരിപ്പിക്കാനുമുള്ള അവസരമായി പാർട്ടി ഈ തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുകയായിരുന്നു.